ഇന്ത്യന്‍ വ്യോമയാനമേഖലയില്‍ നിക്ഷേപാവസരം തേടി ഒമാന്‍എയറും
text_fieldsമസ്കത്ത്: ആഭ്യന്തര വിമാന കമ്പനികളില്‍ നൂറുശതമാനം വിദേശനിക്ഷേപം അനുവദിച്ചുള്ള പുതിയ ഇന്ത്യന്‍ വ്യോമയാന നയം പ്രയോജനപ്പെടുത്താന്‍ ദേശീയ വിമാനക്കമ്പനിയായ ഒമാന്‍എയറും ഒരുങ്ങുന്നു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് ഒപ്പം വ്യോമയാനമേഖലയും അതിവേഗം വളരുകയാണെന്ന് ഒമാന്‍ എയര്‍ സി.ഇ.ഒ പോള്‍ ഗ്രിഗറോവിച്ച് പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാറിന്‍െറ പുതിയ വ്യോമയാന നയം പ്രതീക്ഷ നല്‍കുന്നതാണ്.
സഹജമായ വളര്‍ച്ച ഉറപ്പാക്കുന്ന മികച്ച അവസരം ലഭിച്ചാല്‍ ഇന്ത്യന്‍ വ്യോമയാന മേഖലയിലെ നിക്ഷേപത്തില്‍ നിന്ന് ഒമാന്‍ എയര്‍ മാറിനില്‍ക്കില്ളെന്നും സി.ഇ.ഒ പറഞ്ഞു. ഒമാന്‍എയര്‍ ഇന്ത്യയിലേക്ക് സര്‍വിസ് ആരംഭിച്ചതിന്‍െറ 23ാം വാര്‍ഷികാഘോഷത്തില്‍ മുംബൈയില്‍ സംസാരിക്കുകയായിരുന്നു സി.ഇ.ഒ. ഇന്ത്യയിലെ 11 സ്ഥലങ്ങളിലേക്കാണ് നിലവില്‍ ഒമാന്‍എയര്‍ സര്‍വിസ് നടത്തുന്നത്. നിലവില്‍ സര്‍ക്കാര്‍ സബ്സിഡിയോടെയാണ് ഒമാന്‍ എയര്‍ പ്രവര്‍ത്തിക്കുന്നത്. എണ്ണവിലയിടിവിനെ തുടര്‍ന്ന് സബ്സിഡിയില്‍ ഘട്ടംഘട്ടമായി കുറവുവരുത്തിവരുകയാണ്.
2018ഓടെ വരുമാനവും പ്രവര്‍ത്തനച്ചെലവും തുല്യമാക്കി സബ്സിഡിയുടെ ആശ്രിതത്വത്തില്‍നിന്ന് മോചനം തേടുകയാണ് ഒമാന്‍ എയറിന്‍െറ ലക്ഷ്യം. ലക്ഷ്യമിടുന്ന ഈ വളര്‍ച്ച സ്വായത്തമാക്കുന്നതിന് ഇന്ത്യന്‍ വ്യോമയാന വിപണിയില്‍ കൂടുതല്‍ സാന്നിധ്യം അനിവാര്യമാണെന്നും സി.ഇ.ഒ പറഞ്ഞു. നിലവില്‍ നാല് ഡ്രീംലൈനര്‍ വിമാനങ്ങളും ആറ് എയര്‍ബസ് 330-300, നാല് എയര്‍ബസ് 330-200, അഞ്ച് ബോയിങ് 737-900, 18 ബോയിങ് 737-80, ഒരു ബോയിങ് 737-700, നാല് എംബ്രറര്‍ 175ഉം അടക്കം 57 വിമാനങ്ങളാണ് ഒമാന്‍ എയറിന് ഉള്ളത്.
നാല് ഡ്രീംലൈനര്‍ വിമാനങ്ങള്‍ കൂടി ഒമാന്‍ എയറില്‍ വൈകാതെ ചേരും. 2020ഓടെ മൊത്തം വിമാനങ്ങളുടെ എണ്ണം 70 ആക്കി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും സി.ഇ.ഒ പറഞ്ഞു. പുതിയ നയത്തിന്‍െറ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിപണി കൈപിടിയില്‍ ഒതുക്കുന്നതിനുള്ള ആലോചനയിലാണ് ഗള്‍ഫിലെ മുന്‍നിര വിമാനക്കമ്പനികളെന്ന് നേരത്തേ ഗള്‍ഫ്ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യന്‍ സെക്ടറില്‍ പിടിമുറുക്കുന്നതിനായി നേരത്തേ അബൂദബി കേന്ദ്രമായ ഇത്തിഹാദ് എയര്‍വേയ്സ് ഇന്ത്യന്‍ കമ്പനിയായ ജെറ്റ് എയര്‍വേയ്സില്‍ നിക്ഷേപം നടത്തി കോഡ് ഷെയറിങ് ധാരണയില്‍ എത്തിയിരുന്നു. ഇതോടെ, ജെറ്റ് സര്‍വിസ് നടത്തുന്ന ഇന്ത്യന്‍ നഗരങ്ങളിലേക്കെല്ലാം ഇത്തിഹാദിന് സര്‍വിസ് ആരംഭിക്കാന്‍ സാധിച്ചു.
ഈ വഴി പിന്തുടര്‍ന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍െറ പ്രാഥമിക ഓഹരി വില്‍പനയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ എയര്‍വേയ്സ് ശ്രമിച്ചിരുന്നു. എന്നാല്‍, സൊവറിങ് വെല്‍ത്ത് ഫണ്ട് ഉപയോഗിച്ച് നിക്ഷേപം നടത്തുന്നതിനുള്ള അനുമതി നേടാത്തത് ചൂണ്ടിക്കാണിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു.
അമേരിക്കയിലെയും യൂറോപ്പിലെയും പോലെ ആഭ്യന്തര സര്‍വിസുകള്‍ ആരംഭിച്ച് അത് ഗള്‍ഫ് സര്‍വിസുകളുമായി കണക്ട് ചെയ്ത് കൂടുതല്‍ യാത്രക്കാരെ ലഭ്യമാക്കാന്‍ കഴിയുമോ എന്ന പഠനത്തിലാണ് ഗള്‍ഫ് വിമാനക്കമ്പനികളെന്നും റിപ്പോര്‍ട്ട് പറയുന്നു.
എന്നാല്‍, ഈ രീതി ഇന്ത്യന്‍ വിപണിയില്‍ ലാഭകരമാകുമോയെന്നത് പരിശോധിക്കേണ്ട കാര്യമാണെന്നാണ് വ്യോമയാനരംഗത്തെ വിദഗ്ധരുടെ അഭിപ്രായം.