മത്ര സൂഖിലെ വ്യത്യസ്തമായ തുറയുമായി മുഹമ്മദ് അബ്ദുല്ല അല്‍ ബലൂഷി
text_fieldsമസ്കത്ത്: മത്ര സൂഖിന്‍െറ വാതില്‍ക്കല്‍ റമദാനില്‍ ദിവസവും ഒരു നോമ്പുതുറയുണ്ട്, ഒമാനിയായ മുഹമ്മദ് അബ്ദുല്ല അല്‍ ബലൂഷിയുടെ വക. ഭക്ഷണംകൊണ്ടുവരുന്നതും വിളമ്പി നല്‍കുന്നതുമൊക്കെ മുഹമ്മദ് അബ്ദുല്ല തന്നെ. ദിവസവും നൂറ്റമ്പതോളം പേരുടെ വിശപ്പും ദാഹവും അകറ്റുന്ന ഈ ഇഫ്താറിന്‍െറ ചെലവ് ഇദ്ദേഹം ഒറ്റക്കാണ് വഹിക്കുന്നതും. പേരുകേള്‍പ്പിക്കാനും പെരുമ നടിക്കാനുമൊന്നുമല്ല ഈ ഇഫ്താര്‍. ഇത് ദൈവത്തിന്‍െറ പ്രീതി പിടിച്ചുപറ്റണമെന്ന അഭിലാഷംമാത്രം. ഇവിടത്തെ സാധാരണക്കാരായ അതിഥികളും ആതിഥേയരുമെല്ലാം ചേരുമ്പോള്‍ ഇഫ്താറിനു മാധുര്യം ഇരട്ടിയാകുന്നു. വാര്‍ധക്യത്തിന്‍െറ അവശതകള്‍ ഉണ്ടെങ്കിലും അതൊക്കെ മാറ്റിവെച്ചാണ് നോമ്പുതുറ വിഭവങ്ങളുമായി മുഹമ്മദ് അബ്ദുല്ല കഴിഞ്ഞ 17 ദിവസവും നോമ്പുതുറ വിഭവങ്ങളുമായി എത്തിയത്.
തന്‍െറ മത്രയിലെ ചെരിപ്പ് കടയിലുള്ള ജീവനക്കാര്‍ക്കൊപ്പം നോമ്പുതുറക്കുന്ന ശീലത്തില്‍നിന്നുമാണ് ഈ ജനകീയ ഇഫ്താര്‍ ജീവന്‍വെച്ചത്. വീട്ടില്‍നിന്നും തയാറാക്കിയ വിഭവങ്ങളായിരുന്നു കഴിഞ്ഞവര്‍ഷം വരെ ഉപയോഗിച്ചിരുന്നത്. ആരോഗ്യപ്രശ്നങ്ങളാല്‍ ഈ വര്‍ഷം മുതല്‍ ഹോട്ടലില്‍ ഒരുമാസത്തേക്കുള്ള കരാറ് നല്‍കിയിരിക്കുകയാണ്. തന്‍െറ ജോലിക്കാരുടെയും സൂഖിലെ മലയാളി കൂട്ടായ്മകളുടെയും സഹായത്തോടെ നോമ്പുതുറ വിഭവങ്ങള്‍ ഒരുക്കി അവരിലൊരാളായി അബ്ദുല്ലയും നോമ്പു തുറക്കും. രാത്രി തറാവീഹ് നമസ്കാരത്തിന് എത്തുന്നവര്‍ക്ക് മുഹമ്മദ് അബ്ദുല്ലയുടെ വക കഹ്വയുമുണ്ട്. സാഫ്റാനും ഏലക്കായയുമൊക്കെ ചേര്‍ത്ത് പരമ്പരാഗത ഒമാനി കഹ്വ തയാറാക്കി ഫ്ളാസ്കില്‍ കൊണ്ടുവരും.
ആവശ്യക്കാര്‍ക്ക് മതിവരുവോളം പകര്‍ന്നുനല്‍കാനും ഇദ്ദേഹം സന്നദ്ധനായി ഉണ്ടാകും. പണിസ്ഥലങ്ങളില്‍നിന്ന് നോമ്പുതുറക്കാനായി അകലങ്ങളിലുള്ള താമസസ്ഥലത്തേക്ക് എത്തിപ്പെടാന്‍ പറ്റാത്തവരും കയറ്റിറക്ക് തൊഴിലാളികളും കൈവണ്ടി വലിക്കുന്നവര്‍ക്കുമൊക്കെ ഈ ഇഫ്താര്‍ ആശ്രയമാണ്. 10 വര്‍ഷത്തോളമായി മുടങ്ങാതെ മുഹമ്മദ് അബ്ദുല്ല ഇവിടെ ഇഫ്താര്‍ നടത്തുന്നു. രണ്ടു വീടും കുടുംബവും മക്കളും പേരക്കുട്ടികളുമൊക്കെ ഉണ്ടെങ്കിലും 30 ദിവസവും ഇഫ്താര്‍ നടത്തി അതില്‍ പങ്കെടുക്കുകയും ചെയ്യുന്നുവെന്നതാണ് ഈ സ്വദേശിയെ വ്യത്യസ്തനാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
