ഭിന്നശേഷിയുള്ളവര്‍ക്കായി സമൂഹ നോമ്പുതുറയൊരുക്കി
text_fieldsമസ്കത്ത്: ഭിന്നശേഷിയുള്ള സ്വദേശികള്‍ക്കായി സൊഹാര്‍ കെ.എം.സി.സി സൊഹാര്‍ വിമന്‍ അസോസിയേഷന്‍ ക്ളബില്‍ ഒരുക്കിയ ഇഫ്താര്‍ സംഗമം വേറിട്ട കാഴ്ചയായി. ദുരിത ബാധിതര്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കും ആശ്രയമാകുന്ന കെ.എം.സി.സിയുടെ പ്രവര്‍ത്തനം ശ്ളാഘനീയവും സമൂഹത്തിന് മാതൃകയുമാണെന്ന് ഒമാന്‍ ശൂറാ കൗണ്‍സില്‍ നിയമ നിര്‍മാണ സമിതി ചെയര്‍മാന്‍ ഡോ. മുഹമ്മദ് ഇബ്രാഹിം അല്‍ സദ്ജാലി പറഞ്ഞു. സാമൂഹികക്ഷേമ മന്ത്രാലയവുമായി സഹകരിച്ച് നടത്തിയ പരിപാടിയില്‍ ഭിന്നശേഷിക്കാരായ 250 ഓളം പേര്‍ക്ക് റമദാന്‍ കിറ്റുകള്‍ നല്‍കി.
മലബാര്‍ ഗോള്‍ഡുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. മന്ത്രാലയം കെ.എം.സി.സിക്ക് നല്‍കിയ ഉപഹാരവും പ്രശംസാപത്രവും ഡോ. സദ്ജാലിയില്‍നിന്ന് പ്രസിഡന്‍റ് ടി.സി. ജാഫര്‍, ജനറല്‍ സെക്രട്ടറി കെ. യൂസുഫ് സലീം എന്നിവര്‍ ഏറ്റുവാങ്ങി. സദ്ജാലിക്കൊപ്പം മലബാര്‍ ഗോള്‍ഡ് റീജനല്‍ മാനേജര്‍ പി.ടി. ഉദേശ്, വി.പി. അബ്ദുല്‍ ഖാദിര്‍ തവനൂര്‍, അല്‍ ജസീറ ബാവ ഹാജി, സി.എച്ച്. മഹ്മൂദ് എന്നിവരും റമദാന്‍ കിറ്റുകള്‍ വിതരണം ചെയ്തു.
ചടങ്ങില്‍ മുനിസിപ്പല്‍ സമിതി ചെയര്‍മാന്‍ ഹാദിര്‍ സാലിം അല്‍ ബലൂഷി, വികലാംഗ അസോസിയേഷന്‍ ഭാരവാഹികളായ ദാവൂദ് സല്‍മാന്‍ അല്‍ ശീദി, ആദില്‍ ഷിസാവി, സൊഹാര്‍ കെ.എം.സി.സി സെക്രട്ടറിമാരായ ഷബീര്‍ അലി മാസ്റ്റര്‍, ഹസന്‍ ബാവ ദാരിമി, ഉപദേശക സമിതി അംഗം റയീസ് ഇരിക്കൂര്‍, ഹുസൈന്‍ അസൈനാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.