Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപള്ളിക്കഞ്ഞിക്കു...

പള്ളിക്കഞ്ഞിക്കു വേണ്ടി നോമ്പുനോറ്റ കാലം

text_fields
bookmark_border
പള്ളിക്കഞ്ഞിക്കു വേണ്ടി നോമ്പുനോറ്റ കാലം
cancel

ദാരിദ്ര്യംനിറഞ്ഞ കുട്ടിക്കാലത്ത് ഞാന്‍ റമദാനെ വരവേറ്റിരുന്നത് അല്ലാഹുവില്‍നിന്നുള്ള പ്രതിഫലത്തേക്കാള്‍ പള്ളിയില്‍നിന്നും കിട്ടുന്ന നോമ്പ് കഞ്ഞിയും നേര്‍ച്ച പലഹാരങ്ങളും മുന്നില്‍കണ്ടായിരുന്നു. ഇന്നത്തെപ്പോലെ വിഭവസമൃദ്ധമായ നോമ്പുതുറയും ഭക്ഷണങ്ങളൊന്നും അന്നുണ്ടായിരുന്നില്ല. ജമാഅത്ത് അംഗങ്ങളുടെ വീടുകളില്‍നിന്നും ഓരോ ദിവസവും പള്ളിയിലേക്ക് കഞ്ഞി കൊണ്ടുവരും. നമസ്കാരം കഴിഞ്ഞാലുടന്‍ കഞ്ഞി കുടിക്കാനുള്ള പാത്രങ്ങള്‍ കരസ്ഥമാക്കുന്നവര്‍ക്ക് മാത്രമേ ആദ്യത്ത പന്തിയില്‍ കഞ്ഞികിട്ടിയിരുന്നുള്ളൂ. 30ല്‍ കൂടുതല്‍ വരുന്ന ആളുകള്‍ക്ക് വെറും അഞ്ചോ ആറോ പാത്രങ്ങള്‍ മാത്രം. അതുകൊണ്ടുതന്നെ കുട്ടികളായ ഞങ്ങള്‍ നമസ്കാരം കഴിഞ്ഞാലുടന്‍ കഞ്ഞി കുടിക്കാനുള്ള പാത്രത്തിനുവേണ്ടി തിക്കും തിരക്കും കൂട്ടിയിരുന്നു.

വൈകുന്നേരമായാല്‍ ഞങ്ങള്‍ കുട്ടികള്‍ പള്ളിപ്പരിസരത്ത് ഒത്തുകൂടി തട്ടുകളിയും ഓലപ്പന്ത് കളിയുമായി ബാങ്കുകേള്‍ക്കുന്നത് വരെ സമയം പോക്കും. അങ്ങനെ ഒരുദിവസം കളിയും വികൃതികളുമൊക്കെ കഴിഞ്ഞ് പള്ളിയിലത്തെിയപ്പോഴേക്കും മഗ്രിബ് നമസ്കാരം ജമാഅത്തായി പകുതി കഴിഞ്ഞിരിക്കുന്നു. കളിക്കിടയില്‍ ബാങ്കുവിളി ഞങ്ങള്‍ കേട്ടിരുന്നില്ല. താമസിച്ചത്തെി ജമാഅത്ത് നമസ്കാരത്തില്‍ പങ്കെടുത്താല്‍ അവസാനം പാത്രവും കിട്ടില്ല, കഞ്ഞിയും കിട്ടില്ല. ജമാഅത്തില്‍ പങ്കെടുക്കാത്തതിന്‍െറ പേരില്‍ ബാപ്പയുടെ കൈയില്‍നിന്നുള്ള ശിക്ഷ വേറെയും. അതുകൊണ്ടുതന്നെ കൂട്ടത്തിലെ ചില വിരുതന്മാര്‍ വുളൂഅ് ചെയ്യാതെ കാലുകള്‍ മാത്രം കഴുകി പള്ളിയില്‍കയറി ജമാഅത്ത് നമസ്കാരത്തില്‍ പങ്കുചേര്‍ന്നു. ഇന്നത്തെപ്പോലെ പൈപ്പ് സമ്പ്രദായം ഒന്നും അന്നുണ്ടായിരുന്നില്ല. ആഴമുള്ള ഹൗളില്‍നിന്നും വുളൂഅ് ചെയ്യണം.

വേനല്‍കാലമായതിനാല്‍ ഹൗളില്‍ വെള്ളം വളരെ കുറവായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങള്‍ കുട്ടികള്‍ മുട്ടുകാലില്‍ കുത്തിയിരുന്ന് കുനിഞ്ഞുകിടന്ന് ആയാസപ്പെട്ടെങ്കില്‍ മാത്രമേ കൈകള്‍ വെള്ളത്തില്‍ എത്തിയിരുന്നുള്ളൂ. താമസിച്ചത്തെിയതിനാല്‍ കഞ്ഞി നഷ്ടപ്പെടുമോയെന്ന വെപ്രാളത്തില്‍ ഓടിക്കിതച്ചത്തെി വുളൂആ് ചെയ്യാന്‍ ഹൗളിലേക്ക് കുനിഞ്ഞ ഞാന്‍ മൂക്കുംകുത്തി ഹൗളിനകത്ത് വീണു. എന്‍െറ കഴുത്തിനൊപ്പം താഴ്ചയുള്ള ഹൗളില്‍ വെള്ളം കുറവായതിനാല്‍ കൂടുതല്‍ അപകടം സംഭവിച്ചില്ല. എങ്കിലും പരസഹായമില്ലാതെ എനിക്ക് കരക്കുകയറാന്‍ കഴിയാത്ത അവസ്ഥയിലായി. നമസ്കാരം കഴിഞ്ഞ് ആളുകള്‍ വെളിയിലിറങ്ങുന്നതുവരെ ഹൗളിനകത്ത് നനഞ്ഞ് കുളിച്ചുനിന്ന എന്നെ ആരോ ചിലര്‍ പിടിച്ച് കരയില്‍ കയറ്റി. ഇതിനിടയില്‍ ഈ വിവരങ്ങളറിഞ്ഞ് രോഷം പൂണ്ടത്തെിയ ബാപ്പ ശിക്ഷാമുറകളില്‍ ആദ്യ പ്രയോഗം അപ്പോള്‍തന്നെ നടത്തി. പഴയ സിറ്റിസന്‍ വാച്ചിന് കീ കൊടുക്കുന്നതുപോലെ എന്‍െറ ഇടത് ചെവിയില്‍ പിടിച്ചു നാല് കറക്കല്‍. ബാക്കി ശിക്ഷകള്‍ വീട്ടില്‍ ചെന്നിട്ടാകാമെന്ന മുന്നറിയിപ്പും.

കൂട്ടുകാരുടെ മുന്നില്‍വെച്ച് ചെവിയില്‍ കിഴുക്ക് കിട്ടിയ വേദനയും ഹൗളില്‍വീണ ജാള്യതയും മറക്കാന്‍ ഞാന്‍ പള്ളിയിലെ പെട്രോമാക്സിന്‍െറ പ്രകാശമത്തൊത്ത ഒരിടത്ത് പോയിരുന്ന് വസ്ത്രങ്ങള്‍ പിഴിഞ്ഞുടുത്ത് കഞ്ഞി വിളമ്പുന്നിടത്ത് എത്തിയപ്പോഴേക്കും അവിടെ കഞ്ഞിപോയിട്ട് കഞ്ഞികൊണ്ടുവന്ന കാലിപ്പാത്രങ്ങള്‍പോലും ഉണ്ടായിരുന്നില്ല. കാലിയായ പാത്രങ്ങളുമായി അന്നത്തെ നേര്‍ച്ചക്കാരനും സ്ഥലം വിട്ടിരുന്നു. കഴിഞ്ഞ 20 വര്‍ഷത്തെ പ്രവാസജീവിതത്തിനിടയില്‍ റമദാന്‍ മാസത്തില്‍ ഞാന്‍ എപ്പോള്‍ നാട്ടിലത്തെിയാലും ഇപ്പോഴും എന്‍െറ നോമ്പ് തുറക്കല്‍ പള്ളിയില്‍ തന്നെയാണ്. വിഭവസമൃദ്ധമായുണ്ടാകുന്ന ഇന്നത്തെ ഒൗഷധക്കഞ്ഞിയുടെയും പഴവര്‍ഗങ്ങളുടെയും ശീതളപാനീയങ്ങളുടെയും മുന്നില്‍ ഇരിക്കുമ്പോഴും ഇപ്പോഴും എന്‍െറ നാവിന്‍തുമ്പിലും മനസ്സിലും ഓടിയത്തെുന്നത് അന്ന് വറുതിയുടെ കുട്ടിക്കാലത്ത് പള്ളിയില്‍നിന്നും കിട്ടിയ നോമ്പ് കഞ്ഞിയുടെ മണവും രുചിയുമാണ്.

തയാറാക്കിയത്: ലോട്ടോ റഷീദ് വട്ടപ്പാറ, ഹഫറുല്‍ ബാത്തിന്‍, സൗദി അറേബ്യ

Show Full Article
TAGS:ramadan
Next Story