മിതത്വം ശീലിക്കുക നോമ്പിലൂടെ
text_fieldsയഥാര്‍ഥ വ്രതം വിശ്വാസിയില്‍ വരുത്തുന്ന പരിവര്‍ത്തനങ്ങള്‍ ചെറുതല്ല. സംസ്കരണമെന്ന ഉത്കൃഷ്ടലക്ഷ്യം നേടുമ്പോള്‍, ഇസ്്ലാം ഉയര്‍ത്തിപ്പിടിക്കുന്ന ശുദ്ധപ്രകൃതിയുടെ അടയാളങ്ങള്‍ നോമ്പുകാരനില്‍ പ്രകടമാവുന്നു.
നോമ്പിന്‍െറ സദ്ഫലമായി വിശ്വാസിയില്‍ പതിയേണ്ട സുപ്രധാനമായ സമീപനമത്രെ മിതത്വം. മിതത്വവും മധ്യമനിലപാടും ഇസ്്ലാമിന്‍െറ മുഖ്യമായ സവിശേഷതകളാണ്. അതിതീവ്രമായതോ അത്യന്തം ഉദാസീനമായതോ അല്ല; അവക്കിടയിലുള്ള മധ്യമവും പ്രായോഗികവുമായ കാഴ്ചപ്പാടാണ് ഇസ്്ലാം ഏത് രംഗത്തും സ്വീകരിച്ചിട്ടുള്ളത്. ധനവിനിയോഗ രംഗത്തും ജീവിത സുഖം ആസ്വദിക്കുന്നതിലും പാര്‍പ്പിടം, ഭക്ഷണം, വസ്ത്രം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളുടെ മേഖലയിലുമെല്ലാം മിതത്വം അനിവാര്യമാണെന്ന് ഇസ്്ലാം നിഷ്കര്‍ഷിക്കുന്നു. ‘നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുക; ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.’ (ഖുര്‍ആന്‍ 7:31)
മനുഷ്യന്‍െറ പ്രകൃതിപരമായ താല്‍പര്യങ്ങളെ അംഗീകരിക്കുകയും എന്നാല്‍, ധൂര്‍ത്തും അമിത വ്യയവും ഒഴിച്ച് നിര്‍ത്തണമെന്ന് ആവശ്യപ്പെടുകയുമാണ് ഇസ്്ലാം. വിശ്വാസികള്‍ ധൂര്‍ത്തിനും പിശുക്കിനുമിടയിലുള്ള മധ്യമ നിലപാട് സ്വീകരിക്കും എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ധാരാളിത്തവും പൊങ്ങച്ചവും പ്രകടിപ്പിക്കുന്നവര്‍ക്കുമേല്‍ ദൈവകോപം വന്നിറങ്ങുമെന്നും അവര്‍ പിശാചിന്‍െറ കൂട്ടാളികളാണെന്നും ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നുണ്ട്.
ധനവിനിയോഗ മേഖലയിലെ ഇസ്്ലാമിക സമീപനത്തെ വേണ്ടവിധം ശ്രദ്ധിക്കാതെ, ആവശ്യവും അനാവശ്യവും വേര്‍തിരിച്ച് മനസ്സിലാക്കാതെയുള്ള ദുര്‍വ്യയം സമുദായാംഗങ്ങളില്‍ ഏറി വരികയാണ്. നാലോ അഞ്ചോ പേര്‍ താമസിക്കേണ്ട വീടിന് കോടികള്‍ വാരിയെറിയുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഇസ്്ലാമിക ശാസനകള്‍ക്കനുസൃതം ലളിതമായി നിര്‍വഹിക്കപ്പെടേണ്ട വിവാഹകര്‍മങ്ങള്‍ ധൂര്‍ത്തിന്‍െറയും പൊങ്ങച്ചത്തിന്‍െറയും അനഭിലഷണീയമായ ഒട്ടേറെ അത്യാചാരങ്ങളുടെയും വേദിയായി പരിണമിച്ചിരിക്കുന്നു. വ്യക്തികളിലും കുടുംബങ്ങളിലും മാത്രമല്ല, സംഘടനകളിലും ഭരണകേന്ദ്രങ്ങളിലുമെല്ലാം അമിതവ്യയവും ധാരാളിത്തവും അധികരിക്കുകയാണ്.
സമ്പത്ത് മുമ്പില്‍ വരുമ്പോള്‍ മതിമറന്ന് ആസ്വദിക്കുകയും ഗര്‍വിന്‍െറ ഗിരിശൃംഗങ്ങളില്‍ ഉന്മത്തരായി അഭിരമിക്കുകയും ചെയ്യുന്നവര്‍ രണ്ടുതരം ശിക്ഷകളെ ഭയപ്പെടേണ്ടതുണ്ട്. ഐഹിക ജീവിതത്തില്‍ തന്നെ പിടികൂടാന്‍ സാധ്യതയുള്ള സാമ്പത്തികവും സാമ്പത്തികേതരവുമായ കടുത്ത പ്രതിസന്ധികളാണ് അവയിലൊന്ന്. മറ്റൊന്ന് അനന്തമായ പാരത്രിക ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടതായ ഭയാനക ശിക്ഷയും.
നോമ്പെടുക്കുന്നവര്‍ ആത്മശുദ്ധി കൈവരിക്കുന്നുവെങ്കില്‍, അവര്‍ക്ക് ജീവിതത്തെ നേരിന്‍െറ വഴിയെ പരിവര്‍ത്തിപ്പിക്കാതിരിക്കാനാവില്ല. തെറ്റായ നിലപാടുകളും ജീവിത ശൈലികളും തിരുത്താന്‍ റമദാന്‍ പ്രേരകമാവട്ടെ...