കാരുണ്യത്തിന്‍െറ ദിനരാത്രങ്ങള്‍ക്ക് വിട; ഇനി പാപമോചനത്തിന്‍െറ രണ്ടാമത്തെ പത്ത്
text_fieldsമസ്കത്ത്: പ്രാര്‍ഥനാനിര്‍ഭരമായ മനസ്സോടെ വിശ്വാസികള്‍ ഇന്ന് റമദാനിലെ കാരുണ്യത്തിന്‍െറ ദിനരാത്രങ്ങള്‍ക്ക് വിടചൊല്ലും. പാപമോചനത്തിന്‍െറ ദിവസങ്ങളാണ് നാളെ മുതല്‍. ചെയ്ത തെറ്റുകള്‍ക്ക് മാപ്പിരക്കാന്‍ റമദാനേക്കാള്‍ ശ്രേഷ്ഠമായ സമയം വേറെയില്ളെന്നാണ് വിശ്വാസം. അതില്‍തന്നെ രണ്ടാമത്തെ പത്താണ് പാപമോചനത്തിന് വേണ്ടി പ്രത്യേകം സംവിധാനിച്ചിരിക്കുന്നതെന്നാണ് നബിവചനം. അറിഞ്ഞും അറിയാതെയും ചെയ്ത ചെറുതും വലുതുമായ എല്ലാ തെറ്റുകള്‍ക്കും ഇനിയുള്ള ദിനരാത്രങ്ങളില്‍ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി വിശ്വാസികള്‍ സര്‍വശക്തനോട് മാപ്പിരക്കും.
‘ലോകരക്ഷിതാവേ, എന്‍െറ പാപങ്ങള്‍ നീ മാപ്പാക്കണേ..’ എന്നര്‍ഥമുള്ള പ്രാര്‍ഥനാവചനങ്ങള്‍ നമസ്കാര ശേഷവും മറ്റും വിശ്വാസികളുടെ ചുണ്ടില്‍ നിറഞ്ഞുകൊണ്ടിരിക്കും. രാത്രി നമസ്കാരങ്ങളിലൂടെയും ഖുര്‍ആന്‍ പാരായണത്തിലൂടെയും ദൈവത്തിലേക്ക് സ്വയം സമര്‍പ്പിച്ച് പാപക്കറകള്‍ കഴുകി വിശ്വാസികള്‍ ആത്മാവിനെ സ്ഫടികസമാനമാക്കും. തിന്മക്കെതിരായ നന്മയുടെ വിജയമായി കണക്കാക്കുന്ന ബദ്ര്‍ യുദ്ധം നടന്നതും രണ്ടാമത്തെ പത്തിലാണ്. സ്വര്‍ഗകവാടങ്ങള്‍ മലര്‍ക്കെ തുറക്കുകയും നരകത്തിന്‍െറയും തിന്മയുടെയും വാതായനങ്ങള്‍ അടക്കപ്പെടുകയും ചെയ്യുന്ന ദിനങ്ങളില്‍ ദേഹേച്ഛകളെ നിയന്ത്രിച്ച് സ്രഷ്ടാവിന്‍െറ പ്രീതി നേടാനുള്ള പരിശ്രമത്തിലാണ് വിശ്വാസികള്‍. അന്ന പാനീയങ്ങളോടൊപ്പം ദുഷ്ചിന്തകളും വെടിയാനുള്ള ആത്മസംസ്കരണ മാസത്തിന്‍െറ രണ്ടാം ഭാഗം പൂര്‍ണമായും ആരാധനാകര്‍മ്മങ്ങള്‍ കൊണ്ട് സമ്പന്നമാക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസി സമൂഹം. റമദാന്‍ രണ്ടാമത്തെ പത്തിലേക്ക് കടന്നതോടെ സമൂഹ നോമ്പുതുറകളും റിലീഫ് പ്രവര്‍ത്തനങ്ങളിലും സജീവമായിട്ടുണ്ട്. പള്ളിമുറ്റങ്ങളിലെയും പ്രത്യേക ടെന്‍റുകളിലെയും നോമ്പുതുറകള്‍ക്കുപുറമെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സ്വദേശി കൂട്ടായ്മകള്‍, പ്രവാസി കൂട്ടായ്മകള്‍, കമ്പനികള്‍ തുടങ്ങിയവരും സമൂഹ നോമ്പുതുറകള്‍ സംഘടിപ്പിക്കുന്നുണ്ട്. വിഭവസമൃദ്ധമായ ഭക്ഷണമാണ് എല്ലായിടത്തും നോമ്പുകാര്‍ക്കായി ഒരുക്കുന്നത്. ദേശ, ഭാഷാ, സംസ്കാര വ്യത്യാസമില്ലാതെ എല്ലാവരും ഒരു പാത്രത്തിന് ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുന്നത് ഇസ്ലാമിന്‍െറ മഹത്തായ സാഹോദര്യ സംസ്കാരത്തിന്‍െറ നേര്‍ക്കാഴ്ചയാകുന്നു. പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുമായി കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍ ലക്ഷ്യമിട്ടുള്ള റിലീഫ് പ്രവര്‍ത്തനങ്ങളിലും എല്ലാവരും പങ്കാളികളാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
