എട്ടാം വയസ്സിലെ ‘നുസ് സൗമി‘ന്‍െറ ഓര്‍മക്ക്
text_fieldsഎല്ലാവരേയും പോലെ പകുതി നോമ്പിലാണ് എന്‍േറയും തുടക്കം. ബാബ (പിതാവ്) എല്ല കാര്യത്തിലും കണിശക്കാരനായിരുന്നു, മതനിഷ്ഠയിലും. എന്നാല്‍ വാത്സല്യനിധിയും. എട്ടുവയസായപ്പോള്‍ ബാബയാണ് വ്രതമെടുക്കാന്‍ നിര്‍ബന്ധിച്ചത്. മാമ (ഉമ്മ) ആട്ടിന്‍ നെയ്യും തേനും ഒഴിച്ച ചോറ് തന്നു. അതായിരുന്നു എന്‍െറ ആദ്യത്തെ സുഹ്ര്‍ (അത്താഴം). ഫജ്ര്‍ നമസ്കാരം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്ന എന്‍െറ മനസില്‍ മുഴുവന്‍ റമദാനും നോമ്പും മാത്രമായിരുന്നു. അങ്ങിനെ ഞാനും നോമ്പനുഷ്ഠിക്കാന്‍ തുടങ്ങുന്നു. ഉറങ്ങിയെഴുന്നേറ്റപ്പോള്‍ ളുഹ്ര്‍ കഴിഞ്ഞിരുന്നു. ദിനചര്യകള്‍ കഴിഞ്ഞ് ഫുത്തൂറിന് (പ്രഭാത ഭക്ഷണം) മാമയെ അന്വേഷിച്ചു ചെന്നപ്പോഴാണ് ഞാന്‍ നോമ്പുകാരനാണെന്ന് സഹോദരങ്ങള്‍ ഓര്‍മപ്പെടുത്തിയത്. വിശപ്പ് സഹിക്കാനായില്ല, ദാഹവും. പിടിച്ചു നില്‍ക്കാന്‍ കഴിയാതായതോടെ ഇഫ്താറിനായി കൊണ്ടുവന്ന ഒട്ടക പാല്‍ വയറ് നിറച്ച് കുടിച്ചു. അങ്ങിനെ ആ നുസ് സൗമോടെ (പകുതി നോമ്പോടെ) ഇസ്ലാമിന്‍െറ നിര്‍ബന്ധ ആരാധനകളില്‍ ഒന്നുകൂടി ജീവിതക്രമത്തിന്‍െറ ഭാഗമായി.
അതോടൊപ്പം സാമൂഹിക സേവനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അന്നദാനത്തിനുള്ള മനസ്സും ബാബയില്‍ നിന്ന് പകര്‍ന്ന് കിട്ടി. എല്ലാ ദിവസവും രണ്ടു നേരം 150ഓളം പേരെ അദ്ദേഹം വിരുന്നൂട്ടുന്നു. റമദാനില്‍ അത് ഇഫ്താറും അത്താഴവുമായി മാറും. സാധാരണക്കാരും വഴിയാത്രക്കാരുമായ സ്വദേശികളും വിദേശികളും ഉള്‍പ്പെടുന്നവര്‍ക്ക് വേണ്ടി വീടിനോട് ചേര്‍ന്നുള്ള വിരുന്നുശാലയില്‍ 70 വര്‍ഷം മുമ്പ് നല്‍കി തുടങ്ങിയ അന്നദാനം ഒരു മാറ്റവുമില്ലാതെ ഇന്നും തുടരുന്നു. റമദാനില്‍ ബാബയുടെ കീഴിലുള്ള തൊഴിലാളികള്‍ക്ക് മാത്രമല്ല മക്കളായ ഞങ്ങള്‍ക്കും പിടിപ്പത് പണിയാണ്. ഇഫ്താര്‍ വിരുന്നിനും രാത്രി അത്താഴത്തിനും വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടത്തണം. കുട്ടിയായിരിക്കുമ്പോള്‍ തന്നെ ആളുകളെ സ്വീകരിക്കാനും ഭക്ഷണം കൊടുക്കുന്ന സ്ഥലത്ത് നില്‍ക്കാനും എനിക്കിഷ്ടമായിരുന്നു.
ബാബ അബ്ദുല്‍ മുഹ്സിന്‍ അല്‍ഖഹ്ത്വാനിയും അദ്ദേഹത്തിന്‍െറ പിതാവ് അലി അല്‍ഖഹ്ത്വാനിയും സൗദി അറേബ്യയുടെ സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിന്‍െറ പടയാളികളായിരുന്നു. നിരവധി യുദ്ധങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. അബ്ദുല്‍ അസീസ് രാജാവിന്‍െറ കാല ശേഷം മകന്‍ സഊദ് ബിന്‍ അബ്ദുല്‍ അസീസ് രാജാവായപ്പോള്‍ ബാബ കൊട്ടാരത്തില്‍ ഉദ്യോഗസ്ഥനായി. പിന്നീട് രാജാവിന്‍െറ സെക്രട്ടറിയായി ഉയര്‍ന്നു. ആ കാലത്താണ് റിയാദ് നസ്റിയയിലെ വീട്ടിനോട് ചേര്‍ന്ന് അന്നദാനം തുടങ്ങിയത്. എനിക്ക് 35 വയസ്സായി. ഓര്‍മവെച്ച നാള്‍ മുതല്‍ ഒരു ദിവസം പോലും അന്നദാനം മുടങ്ങിയിട്ടില്ല. എന്നും 150ല്‍ കുറയാത്ത ആളുകളുണ്ടാവും. ഇപ്പോള്‍ കൂടുതല്‍ വിദേശ തൊഴിലാളികളാണ്. ബാബയുടെ ഏറ്റവും വിശ്വസ്തനായി കഴിഞ്ഞ 42 വര്‍ഷമായി കൂടെയുള്ള രാജസ്ഥാന്‍ സ്വദേശിയായ മുന്‍ഷി ഖാനാണ് വിരുന്നുശാലയുടെ ചുമതല വഹിക്കുന്നത്.
എന്‍േറയും സഹോദരങ്ങളുടേയും കളിക്കൂട്ടുകാരനുമായിരുന്നു മുന്‍ഷി ഖാന്‍. പ്രിയപ്പെട്ട ആ കാര്യസ്ഥനെ പോലെ വേറെയും ഇന്ത്യാക്കാര്‍ ധാരാളമുണ്ട് ഞങ്ങളോടൊപ്പം. സഊദ് രാജാവിന് ശേഷം ഫൈസല്‍ രാജാവ് വന്നപ്പോള്‍ ബാബ ജോലി ഉപേക്ഷിച്ച് കൊട്ടാരം വിട്ടിറങ്ങി. പിന്നെ സ്വന്തം വാണിജ്യ സംരംഭങ്ങള്‍ തുടങ്ങി. അമേരിക്കയില്‍ നിന്നും മറ്റും യന്ത്രങ്ങള്‍ കൊണ്ടുവന്ന് ആളുകളില്‍ നിന്ന് ഓര്‍ഡറെടുത്ത് കുഴല്‍ക്കിണറുകള്‍ കുത്തിക്കൊടുക്കുന്ന കമ്പനിയാണ് തുടങ്ങിയത്. റിയാദ് പ്രവിശ്യയില്‍ എമ്പാടുമുള്ള കുഴല്‍ക്കിണറുകളില്‍ അധികവും ഞങ്ങളുടെ കമ്പനി നിര്‍മിച്ചതാണ്. പാവങ്ങള്‍ക്കായി 16 കുഴല്‍ക്കിണറുകള്‍ ദാനം ചെയ്തിട്ടുമുണ്ട്. അമേരിക്കയില്‍ നിന്ന് ഏറ്റവും കൂടുതല്‍ യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്ത വാണിജ്യ സംരംഭകന്‍ എന്ന നിലയിലും മരുഭൂമിയില്‍ നീരുറവകള്‍ കണ്ടത്തെി കൃഷിയുടെയും മറ്റും വളര്‍ച്ചക്ക് സൗകര്യമൊരുക്കിയ ആളെന്ന നിലയിലും രാജ്യാന്തര തലത്തില്‍ തന്നെ പിതാവ് അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. അത് സംബന്ധിച്ച് അമേരിക്കയിലെ പ്രശസ്തമായ ഒരു പത്രം വലിയ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സൗദി ഭരണാധികാരികളില്‍ നിന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ബഹുമതി പത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. ബാബ ജനിച്ച തത്ലീസില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു തണ്ണിമത്തന്‍ പാടമുണ്ട്. വിളവെല്ലാം നാട്ടുകാര്‍ക്കാണ്. പിതാവിന് 97 വയസുണ്ട്. ഞങ്ങള്‍ 56 മക്കള്‍ക്കും കാരണവരായി ഇന്നും അദ്ദേഹമുണ്ട്. മക്കളില്‍ 24ാമത്തെ ആളാണ് ഞാന്‍. ഞങ്ങളുടെ ഉടമസ്ഥതയില്‍ അല്‍ഖര്‍ജില്‍ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ കൃഷിത്തോട്ടമുണ്ട്. 5000 ഈത്തപ്പനകളും 350 ഒട്ടകങ്ങളും 650 ആടുകളും. ജോലിക്കാരായ ഇന്ത്യാക്കാരടക്കം നിരവധി തൊഴിലാളികളുണ്ട്. എല്ലാവരേയും ഒന്നിച്ചിരുത്തി ഈദാഘോഷവും നടത്താറുണ്ട്. കേരളം എനിക്ക് വളരെ ഇഷ്ടപ്പെട്ട സ്ഥലമാണ്. ഏതാനും മാസം മുമ്പ് അവിടെ പോയിരുന്നു. 12 ദിവസം ചെലവഴിച്ചു. കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ ജില്ലകളാണ് സന്ദര്‍ശിച്ചത്. കരുവാരകുണ്ടില്‍ ഒരു വെള്ളച്ചാട്ടത്തില്‍ കുളിച്ചതിന്‍െറ കുളിരും സുഖവും ഇപ്പോഴും മനസിലുണ്ട്. കേരളത്തില്‍ നിന്ന് കഴിച്ചതില്‍ നൈസ് പത്തിരിയാണ് ഏറ്റവും ഇഷ്ടമായ ഭക്ഷണവും. ഇന്‍ഷാ അല്ലാഹ്, ഇത്തവണ പെരുന്നാളിന് ഭാര്യ ഖമറയേയും മക്കളായ നൂറ, റിനാദ്, ബന്ദരി എന്നിവരേയും കൂട്ടി ഒരിക്കല്‍ കൂടി കേരളത്തില്‍ പോകും.
തയാറാക്കിയത്: നജിം കൊച്ചുകലുങ്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
