രണ്ടു നോമ്പ് ഒന്നിച്ചുനോറ്റ രാപ്പകലുകള്‍
text_fieldsമൃതദേഹങ്ങളോടൊപ്പമുള്ള വര്‍ഷങ്ങളായുള്ള യാത്രയില്‍ നിരവധി സംഭവങ്ങള്‍ മനസ്സില്‍ മായാത്തതായി നില്‍പ്പുണ്ടെങ്കിലൂം കഴിഞ്ഞ നോമ്പുകാലത്തെ ഒരനുഭവമാണ് ഇവിടെ കുറിക്കുന്നത്. അവസാന പത്തിലെ ആദ്യ ദിവസം. രാത്രി നമസ്കാരമെല്ലാം കഴിഞ്ഞ് അജ്മാനിലെ വീട്ടില്‍ കിടന്ന് അധിക സമയമായില്ല. വാതിലില്‍ ആരോ മുട്ടുന്നു. വര്‍ഷങ്ങളായി മൃതദേഹം നാട്ടിലത്തെിക്കുന്നതുമായി ബന്ധപ്പെട്ട സേവനം തുടരുന്നതിനാല്‍ അസമയത്തെ മുട്ട് എനിക്കും കുടുംബത്തിനും ശീലമായി മാറിക്കഴിഞ്ഞു. എഴുന്നേറ്റു. എവിടെയോ ആരോ മരിച്ചിട്ടുണ്ടാകും. അവര്‍ക്ക് ഒൗദ്യോഗിക നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി മൃതദേഹം ജന്മനാട്ടിലത്തെിക്കേണ്ടിവരും.
പുറത്ത് കാത്തുനില്‍ക്കുന്നത് അബൂദബിയില്‍ നിന്നുള്ള മൂന്നുപേരായിരുന്നു. അവരിലൊരാളുടെ പിതാവ് അബൂദബി-സൗദി അതിര്‍ത്തിയിലുള്ള ഖിയാത്തില്‍ പിക്കപ്പ് വാന്‍ അപകടത്തില്‍ പെട്ട് മരിച്ചിരിക്കുന്നു. അത്താഴം കഴിക്കാന്‍ നിന്നില്ല. ഒരു ഗ്ളാസ് വെള്ളം കുടിച്ച് അവരോടൊപ്പം യാത്ര തിരിച്ചു ഖിയാത്തിലേക്ക്. ഏറെ ദൂരെയായതിനാല്‍ കാര്യങ്ങള്‍ നടത്തി എപ്പോള്‍ തിരിച്ചുവരാനാകുമെന്ന് ഒരു ഉറപ്പുമില്ലായിരുന്നു. മലപ്പുറം സ്വദേശിയാണ് മരിച്ചത്. ഖിയാത്തിലെ പൊലീസ് സ്റ്റേഷനിലത്തെി രേഖകള്‍ ശരിയാക്കി അബൂദബി നഗരത്തില്‍ നിന്ന് ഏറെ അകലെയുള്ള ബദാ സെയ്തിലെ പൊലീസ് മോര്‍ച്ചറിയിലത്തെുമ്പോള്‍ സമയം നോമ്പു തുറക്കാനായിരിക്കുന്നു.
മൃതദേഹം എത്രയും വേഗം അബൂദബിയിലെ സെന്‍ട്രല്‍ ആശുപത്രിയിലത്തെിക്കുകയും എംബാം ചെയ്ത് ലഭിക്കുകയും വേണം. അത്താഴം പോലെ നോമ്പുതുറയും വഴിയിലാക്കേണ്ടിവരും. കടുത്ത ചൂടും ദീര്‍ഘിച്ച പകലുമുള്ള റമദാന്‍. നിരന്തര യാത്ര നല്‍കുന്ന ക്ഷീണം. അല്ലാഹുവിന്‍െറ അനുഗ്രഹത്താല്‍ അതൊന്നും ശരീരത്തെ ബാധിച്ചില്ല. ത്യാഗമാണ് നോമ്പ് എന്ന് അനുഭവിച്ചറിയുകയാണ്. പള്ളിയുടെ തണുപ്പില്‍ മാത്രമല്ല മോര്‍ച്ചറിയുടെ മുന്‍പില്‍ നിന്നും ആത്മീയത നുകരാനാകുമെന്ന് വീണ്ടും ബോധ്യപ്പെടുകയാണ്. നടപടികളെല്ലാം പൂര്‍ത്തിയാക്കി മൃതദേഹം വിമാനത്തില്‍ കയറ്റിയാലേ എന്‍െറ ദൗത്യം പൂര്‍ത്തിയാകൂ. അതിനാണല്ളോ ദു:ഖാര്‍ത്തരായ ബന്ധുക്കള്‍ എന്നെ തേടി വരുന്നത്.
അവരും ക്ഷീണിതരാണ്. പ്രിയ ഉപ്പ മരിച്ചതിന്‍െറ സങ്കടത്തിലുമാണ്. ബദാ സെയ്തില്‍ നിന്ന് സമയം കളയാതെ അബൂദബിയിലേക്ക് പുറപ്പെട്ടു. വഴിയിലൊരു കടയില്‍ നിന്ന് വെള്ളവും കാരക്കയും കഴിച്ച് നോമ്പുതുറന്നു. ഒരു ജ്യുസും കുടിച്ചു. വീണ്ടും യാത്ര. അബൂദബിയിലത്തെുമ്പോള്‍ രാത്രി 11.30. ആശുപത്രി നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോള്‍ സമയം അത്താഴത്തോടടുത്തു. യാത്രയും നോമ്പും നല്‍കിയ ക്ഷീണം കാഴ്ച മറച്ചുതുടങ്ങി. വഴിയരികില്‍ കാര്‍ ഒതുക്കി അതില്‍ തന്നെ ഉറങ്ങി. ഉണരുമ്പോള്‍ മറ്റൊരു സുബ്ഹി ബാങ്ക് കഴിഞ്ഞിരിക്കുന്നു.
തീര്‍ക്കാന്‍ ഇനിയും ഒരുപാട് പണി ബാക്കിയുണ്ട്. ആശുപത്രിയില്‍ നിന്ന് എംബാം സര്‍ട്ടിഫിക്കറ്റ് വാങ്ങി നേരെ കാര്‍ഗോ ഓഫീസിലേക്ക് എത്തിക്കണം. അവിടെ നിന്ന് ടിക്കറ്റ് ബുക് ചെയ്ത് ഇന്ത്യന്‍ എംബസിയിലേക്ക്. പാസ്പോര്‍ട്ട് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍. നടപടികള്‍ പൂര്‍ത്തിയാക്കി ആശുപ്രതിയില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങി മയ്യത്ത് നമസ്കാരവും നിര്‍വ്വഹിച്ച് മൃതദേഹം അബൂദബി വിമാനത്താവളത്തിലത്തെിച്ചപ്പോള്‍ വൈകിട്ട് 3.30 കഴിഞ്ഞു. ശരീരം ശരിക്കും തളര്‍ന്നുപോയിരിക്കുന്നു. ഏതാനും ഗ്ളാസ് വെള്ളത്തില്‍ രണ്ടു നോമ്പു കഴിഞ്ഞുപോയിരുന്നു. എങ്കിലൂം ഏറെ സംതൃപ്തിയോടെയാണ് വീട്ടിലേക്ക് മടങ്ങിയത്. നിസ്സഹായരായ ആ ബന്ധുക്കളുടെ പ്രാര്‍ത്ഥനയുണ്ടാകും. ദുര്‍ബലരെ സഹായിക്കുമ്പോഴാണ് നോമ്പ് ശരിക്കും സാര്‍ത്ഥകമാകുന്നത്. അവരുടെ ഹൃദയം നൊന്ത പ്രാര്‍ത്ഥനയാണ് റമദാനിലെ ഏറ്റവും വലിയ സമ്മാനം.
ജബല്‍ അലിയിലെ പെട്രോള്‍ പമ്പില്‍ നിന്ന് രണ്ടാം ദിവസത്തെ നോമ്പു തുറക്കുമ്പോഴും കഴിക്കാന്‍ കൂടുതലൊന്നും അവിടെയുണ്ടായിരുന്നില്ല. കാരക്കയും വെള്ളവും ജ്യൂസും തന്നെ. അജ്മാനിലെ വീട്ടിലത്തെുമ്പോള്‍ രാത്രി പത്തു മണി കഴിഞ്ഞിരുന്നു. ഭക്ഷണവുമായി ഭാര്യ കാത്തുനില്‍ക്കുന്നു. അതും കഴിച്ച് രാത്രി നമസ്കാരത്തിലേക്ക് കടക്കുമ്പോള്‍ ആ മയ്യത്ത് ഇനിയും വൈകാതെ നാട്ടിലത്തെണമേ എന്നായിരുന്നു പ്രാര്‍ഥന.