ടാക്സികള്‍ സ്മാര്‍ട്ട് ആകാന്‍ ഒരുങ്ങുന്നു
text_fieldsമസ്കത്ത്: മസ്കത്തിലെ ടാക്സികളില്‍ വൈകാതെ വയര്‍ലെസ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാകും. ഇതടക്കം നിരവധി സ്മാര്‍ട്ട് സൗകര്യങ്ങളാണ് പുതുതായി ടാക്സി ലൈസന്‍സ് ലഭിച്ച സ്ഥാപനങ്ങള്‍ തങ്ങളുടെ വാഹനങ്ങളില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നത്. യാത്രക്കാര്‍ക്ക് സ്മാര്‍ട്ട്ഫോണിലും ലാപ്ടോപ്പിലും ടാബ്ലെറ്റിലും ഇന്‍ര്‍നെറ്റ് ഉപയോഗിക്കാന്‍ സൗകര്യമുണ്ടാകുമെന്ന് കമ്പനികളില്‍ ഒന്നായ ഇന്‍ജെന്യുയിറ്റി ടെക്നോളജീസ് എല്‍.എല്‍.സി ആക്ടിങ് പ്രോജക്ട് മാനേജര്‍ ആമിറ അല്‍ ഷെയ്ദി പറഞ്ഞു. ഇതോടൊപ്പം ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡും സ്മാര്‍ട്ട് ഫോണും ഉപയോഗിച്ച് ടാക്സി ചാര്‍ജ് നല്‍കാനും സൗകര്യമുണ്ടാകും. സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തുനിന്നും നക്ഷത്ര ഹോട്ടലുകളില്‍നിന്നുമുള്ള കാറുകളാണ് ഇന്‍ജെന്യുയിറ്റിയുടെ കീഴില്‍ സര്‍വിസ് നടത്തുക. ഇതോടൊപ്പം, ടെലിഫോണില്‍ വിളിച്ചാലും ടാക്സി സേവനം ലഭിക്കും.
മൊത്തം 600 കാറുകളാണ് പുറത്തിറക്കുക. എല്ലാ കാറുകളിലും മീറ്റര്‍ സ്ഥാപിക്കും. മന്ത്രാലയത്തിന്‍െറ നിര്‍ദേശമനുസരിച്ചുള്ള ഓപറേറ്റിങ് കാര്‍ഡ് മുഴുവന്‍ സമയവും കാറിനുള്ളില്‍ ഉണ്ടാകുമെന്നും അല്‍ ഷെയ്ദി പറഞ്ഞു.
നിരക്കുകളില്‍ അന്തിമ ധാരണയായിട്ടില്ല.10 കിലോമീറ്റര്‍ യാത്രക്ക് നാലു റിയാല്‍ എന്ന തോതില്‍ ഈടാക്കുന്നതിനുള്ള നിര്‍ദേശമാണ് പരിഗണനയില്‍. പ്രവര്‍ത്തനമാരംഭിച്ച ശേഷം നിരക്കുകളില്‍ വര്‍ധന വരുത്തും. കാറുകളുടെ പുറംഭാഗത്തിന്‍െറ രൂപകല്‍പനയാണ് ഇപ്പോള്‍ നടക്കുന്നത്. നിലവിലെ ഓറഞ്ച്, വെള്ള ടാക്സികളില്‍നിന്ന് വിഭിന്നമായിരിക്കും ഇത്.
ഇതിന് ശേഷം ഡ്രൈവര്‍മാര്‍ക്ക് വിവിധ തലങ്ങളില്‍ പരിശോധന നടത്തും. വിമാനത്താവളത്തിലും തുറമുഖങ്ങളിലും ഹോട്ടലുകളിലും പരിചയസമ്പന്നരായ ഡ്രൈവര്‍മാരെയാണ് തങ്ങള്‍ പരിശീലിപ്പിച്ചെടുക്കാന്‍ ഒരുങ്ങുന്നതെന്നും അല്‍ ഷെയ്ദി പറഞ്ഞു. യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ സുരക്ഷിതമായതും മുന്തിയതുമായ യാത്രാസൗകര്യം ഒരുക്കുകയാണ് ദൗത്യം.
ടൂറിസം രംഗത്തിന്‍െറ വളര്‍ച്ചക്ക് ഇത് സഹായകരമാണ്. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് ഏറ്റവും മുന്തിയ സേവനം ലഭ്യമാക്കുകയാണ് തങ്ങളുടെ ദൗത്യമെന്ന് ലൈസന്‍സ് ലഭിച്ച രണ്ടാമത്തെ കമ്പനിയായ മുവാസലാത്തിന്‍െറ ചീഫ് എക്സിക്യൂട്ടിവ് ഓഫസര്‍ അഹ്മദ് അലി അല്‍ ബുലൂഷി പറഞ്ഞു. ബസ് സര്‍വിസിന് പിന്നാലെ ടാക്സി സര്‍വിസിനെയും ജനപ്രിയമാക്കും. 120 മുതല്‍ 150 വരെ ടാക്സികളാകും വിമാനത്താവളത്തില്‍ ഓടിക്കുക. നിരക്കുകളില്‍ ഇതുവരെ തീരുമാനമായിട്ടില്ളെന്നും അല്‍ ബുലൂഷി പറഞ്ഞു.