വേറിട്ട കാഴ്ചാനുഭവമൊരുക്കി ‘ഫിയോദര്‍ ഒരു ചില്ലുജാലകത്തിലൂടെ’
text_fieldsമസ്കത്ത്: റഷ്യന്‍ സാഹിത്യത്തിലെ മഹാവിസ്മയമായ ഫിയോദര്‍ ദസ്തയേവ്സ്കിക്ക് ശ്രദ്ധാജ്ഞലിയായി ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് ഫിയോദര്‍ ഒരു ചില്ലുജാലകത്തിലൂടെ എന്ന നാടകം അവതരിപ്പിച്ചു. അല്‍ബുസ്താന്‍ പാലസിലെ ഒമാന്‍ ഓഡിറ്റോറിയത്തിലാണ് നാടകം അരങ്ങേറിയത്. റഷ്യന്‍ സാഹിത്യത്തില്‍ മാത്രമല്ല, ലോകസാഹിത്യത്തില്‍ത്തന്നെ സമാനതകളില്ലാത്ത നോവലിസ്റ്റും കഥാകൃത്തുമായ ദസ്തയേവ്സ്കിയുടെ രചനാലോകത്തിന് മുന്നില്‍ പ്രണാമമര്‍പ്പിച്ച് നിറഞ്ഞ സദസ്സിന് മുന്നിലാണ് അരങ്ങുണര്‍ന്നത്. മനുഷ്യവര്‍ഗത്തെ എക്കാലവും വേട്ടയാടുന്ന അസ്ഥിത്വ ദു$ഖങ്ങളുടെ ജ്വലിച്ചുനില്‍ക്കുന്ന അഗ്നിയാണ് ദസ്തയേവ്സ്കിയന്‍ ലോകം. മനുഷ്യവര്‍ഗത്തോടുള്ള അഗാധസ്നേഹംകൊണ്ട് നിറഞ്ഞുതുളുമ്പുന്നവയാണ് അദ്ദേഹത്തിന്‍െറ കൃതികളെല്ലാം. അദ്ദേഹത്തിന്‍െറ മികച്ച കൃതിയായ കുറ്റവും ശിക്ഷയും എന്ന നോവലിലെ കഥാപാത്രങ്ങളെ കഥാകൃത്തിനൊപ്പം വേദിയിലവതരിപ്പിച്ച നാടകം പ്രേക്ഷകര്‍ക്ക് നല്‍കിയത് വേറിട്ട കാഴ്ചയാണ്. നോവലിനെക്കാള്‍ കഥാസമ്പന്നമായ ജീവിതം നയിച്ച മഹാനായ ദസ്തയേവ്സ്കിയുടെ ജീവിതവും അനുഭവങ്ങളും സ്വതന്ത്രമായ വീക്ഷണകോണിലൂടെ നോക്കിക്കാണുന്നതായിരുന്നു നാടകം. ഏഴു ഭാഗങ്ങളില്‍ 23 രംഗങ്ങളിലായി ആത്മപീഡയാല്‍ നൊമ്പരപ്പെട്ട കഥാകൃത്തും കഥാപാത്രങ്ങളും അരങ്ങില്‍ നിറഞ്ഞഭിനയിച്ചു. ദസ്തയേവ്സ്കിയുടെ പ്രണയഭാജനമായിത്തീര്‍ന്ന സ്റ്റെനോഗ്രാഫര്‍ അന്നയുടെ അഭിനയം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.
വിനോദ് നായരാണ് നാടകത്തിന്‍െറ രചനയും സംവിധാനവും നിര്‍വഹിച്ചത്. ദസ്തയേവ്സ്കി തന്‍െറ ജീവിതംകൊണ്ട് സ്വന്തം കൃതികള്‍ക്ക് ഒരു സമാന്തരം സൃഷ്ടിക്കുകയായിരുന്നു. ഇത് മനസ്സിലേറ്റിക്കൊണ്ടുതന്നെയാണ് നാടകത്തിലെ ഓരോ രംഗവും അണിയിച്ചൊരുക്കിയത്. പൗരാണികവും അത്രതന്നെ ആധുനികവുമായ മനുഷ്യന്‍െറ കുറ്റവാസനകളിലേക്കും അബോധമനോനിലകളിലേക്കും ഒരുപോലെ ഒളിപരത്തിക്കൊണ്ട് രചിക്കപ്പെട്ട നോവലിനെയും നോവലിസ്റ്റിന്‍െറ ജീവിതത്തെയും വളരെ മനോഹരമായി അരങ്ങില്‍ ആവിഷ്കരിക്കാന്‍ സംവിധായകന് കഴിഞ്ഞു. ദസ്തയേവ്സ്കിയായി സുരേഷ് ബി. നായരും അന്നയായി ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂളിലെ 12ാം തരം വിദ്യാര്‍ഥിനി ഗോപിക നായരും വേഷമിട്ടു. മിനി സുനില്‍, സോമസുന്ദരം, ബഷീര്‍ എരുമേലി, ദീപ്തിമേനോന്‍, ശരത് പാലാട്ട്, നോയല്‍, നീരജ്, രമ്യ ഡെന്‍സില്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. നാടകത്തിലെ ഗാനരചന റഫീഖ് അഹമ്മദും സംഗീതനിര്‍വഹണം ശ്രീവല്‍സന്‍ ജെ. മേനോനുമാണ്. നാടകത്തിന്‍െറ രംഗപട സജ്ജീകരണം ആര്‍ട്ടിസ്റ്റ് സുജാതന്‍േറതാണ്. സിനിമാസംവിധായകനും നടനുമായ ലാല്‍, സംവിധായകനും സ്ക്രിപ്റ്റ് റൈറ്ററുമായസച്ചി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് ചെയര്‍മാന്‍ ഡോ. സതീഷ് നമ്പ്യാര്‍ നാടകത്തിന് ആശംസകള്‍ നേര്‍ന്നതിനോടൊപ്പം മുഖ്യാതിഥികള്‍ക്ക് മെമന്‍േറാ സമ്മാനിച്ചു. കമ്യൂണിറ്റി വെല്‍ഫെയര്‍ സെക്രട്ടറി പി.എം. ജാബിര്‍ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.