മനോഹര കാഴ്ചകളുമായി അല്‍സ്താലി ഗ്രാമം സഞ്ചാരികളെ വിളിക്കുന്നു
text_fieldsമസ്കത്ത്: ഗ്രാമഭംഗി തുളുമ്പുന്ന മനോഹര കാഴ്ചകള്‍, സുഖമുള്ള കാലാവസ്ഥ, ചരിത്രാവശിഷ്ടങ്ങള്‍... തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ അല്‍അവാബി വിലായത്തിലെ അല്‍സ്താലി ഗ്രാമത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്.
കടുപ്പം കുറഞ്ഞ വേനലും തണുപ്പേറിയ ശൈത്യകാലവുമാണ് വാദി ബനീ ഖാറൂസിന്‍െറ ഭാഗമായ ഈ ഗ്രാമത്തിന്‍െറ ആകര്‍ഷണം. അതുകൊണ്ടുതന്നെ വാരാന്ത്യ അവധി ദിനങ്ങള്‍ ചെലവഴിക്കാന്‍ ഇവിടെ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. മറ്റ് ഒമാനി ഗ്രാമങ്ങളെപോലെ കൃഷിതന്നെയാണ് ഇവിടത്തുകാരുടെയും പ്രധാന ഉപജീവന മാര്‍ഗം.
ഫലഭൂയിഷ്ടമായ മണ്ണിന്‍െറ ശുദ്ധജലത്തിന്‍െറയും സാന്നിധ്യം ഈ ഗ്രാമത്തെ ഹരിതാഭമാക്കുന്നു. പച്ചപുതച്ചുനില്‍ക്കുന്ന കൃഷിത്തോട്ടങ്ങളാണ് ഗ്രാമത്തിലേക്കത്തെുന്ന സഞ്ചാരികളെ സ്വാഗതംചെയ്യുന്നത്.
ഈന്തപ്പനകള്‍ക്കുപുറമെ നാരങ്ങ, സവാള, വെളുത്തുള്ളി, ബാര്‍ലി, ഗോതമ്പ് തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന കൃഷികള്‍. രണ്ട് ഫലജുകളാണ് ഇവിടെയുള്ളത്. മനാ എന്നും സ്താലി എന്നും അറിയപ്പെടുന്ന ഈ പുരാതന ജലസേചന സമ്പ്രദായം ഉപയോഗിച്ചാണ് ഗ്രാമവാസികള്‍ തോട്ടങ്ങള്‍ നനക്കുന്നതും നിത്യോപയോഗത്തിന് വെള്ളം ശേഖരിക്കുന്നതും.
ഫലജുകള്‍ക്ക് സമീപമുള്ള അല്‍ ഗറക്ക് എന്ന പേരിലുള്ള പുരാതന വീടുകളാണ് മറ്റൊരു ആകര്‍ഷണം. കല്ലും മണ്ണും ഉപയോഗിച്ച് നിര്‍മിച്ച ഇത്തരം വീടുകള്‍ക്ക് 200 വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. പഴയ താമസകേന്ദ്രത്തിന് സമീപം നിര്‍മിച്ച കല്ലും മണ്ണും ഉപയോഗിച്ച ഇരുനില കെട്ടിടത്തിന് 150 വര്‍ഷത്തെ പഴക്കമുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. അറബ് സാമൂഹിക ജീവിതത്തില്‍ സുപ്രധാന പങ്കുവഹിക്കുന്നതാണ് മജ്ലിസുകള്‍. അല്‍ സഹ്മാഹ്, അല്‍ ലത്ബാഹ് എന്നിങ്ങനെ അല്‍സ്താലിയിലുള്ള രണ്ട് മജ്ലിസുകള്‍ക്ക് പഴക്കമേറെയാണ്.
പുതിയ ഒരു മജ്ലിസ് കൂടി ഇവിടെ നിര്‍മിച്ചിട്ടുണ്ട്. പ്രശസ്തരായ നിരവധി ഇമാമുമാര്‍ക്കും മതപണ്ഡിതര്‍ക്കും ജന്‍മംനല്‍കിയ ഗ്രാമമാണ് സ്ഥാല്‍. ഒമാനിലെ അഞ്ചാമത്തെ ഇമാമായ സാലബിന്‍ മാലിക് അല്‍ഖാറൂസി ഇവിടെ നിന്നുള്ളയാളാണ്. കവി സലീം ബിന്‍ ബാഷിര്‍ അല്‍ ഖാറൂസി, അല്‍ സ്താലി എന്നറിയപ്പെടുന്ന കവിയും എഴുത്തുകാരനുമായ സഈദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ ബാഷിര്‍ അല്‍ ഗഷ്രി അല്‍ ഖാറൂസിയും ഈ ഗ്രാമവാസിയാണ്. ഇമാമുമാരും പണ്ഡിതരും ബാക്കിവെച്ചുപോയ സ്മാരകങ്ങള്‍ ഇന്നും ചരിത്രാന്വേഷണ കുതുകികള്‍ക്ക് കൗതുകമാണ്.
ആധുനിക സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. വാദി ബനീ ഖാറൂസ് ആശുപത്രി, പബ്ളിക് സ്കൂള്‍ എന്നിവക്കുപുറമെ അല്‍ അവാബി മുനിസിപ്പാലിറ്റിയുടെ ശാഖയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
