തൊഴില്‍ സമയ ക്രമീകരണം പാലിക്കാത്ത കമ്പനികള്‍ക്കെതിരെ നടപടി
text_fieldsമസ്കത്ത്: റമദാനിലെ തൊഴില്‍ സമയക്രമീകരണം സംബന്ധിച്ച മന്ത്രിതല ഉത്തരവ് പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. മുസ്ലിം ജീവനക്കാരുടെ തൊഴില്‍ സമയത്തിലാണ് കുറവുവരുത്തിയിട്ടുള്ളത്. നിര്‍ദേശം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തും. സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രതിദിനം ആറുമണിക്കൂര്‍ അല്ളെങ്കില്‍ ആഴ്ചയില്‍ 30 മണിക്കൂര്‍ എന്ന തോതിലാണ് മുസ്ലിം ജീവനക്കാരുടെ തൊഴില്‍ സമയം ക്രമീകരിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ സ്ഥാപനങ്ങളും വിവിധ ഡിപ്പാര്‍ട്ട്മെന്‍റുകളുമാകട്ടെ രാവിലെ ഒമ്പതുമുതല്‍ ഉച്ചക്ക് രണ്ടുമണി വരെ മാത്രമേ പ്രവര്‍ത്തിക്കൂ. ഒമാന്‍ തൊഴില്‍ നിയമത്തിന്‍െറ മൂന്നാം അധ്യായത്തിലെ നാലാം ഭാഗത്ത് ആര്‍ട്ടിക്ക്ള്‍ 68 പ്രകാരമാണ് റമദാനിലെ തൊഴില്‍ സമയക്രമീകരണം മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളില്‍നിന്ന് 100 റിയാല്‍ വീതമാകും പിഴ ഈടാക്കുക. നിയമലംഘനത്തിന് ഇരയാകുന്ന ജീവനക്കാരുടെ എണ്ണത്തിന് അനുസരിച്ചാകും പിഴത്തുക നിര്‍ണയിക്കുക. നിയമലംഘനം ആവര്‍ത്തിക്കുന്ന പക്ഷം പിഴത്തുക ഇരട്ടിയാക്കാനും കേസ് കോടതിയിലേക്ക് കൈമാറുന്നതടക്കം നിയമനടപടികള്‍ക്കും വ്യവസ്ഥയുണ്ട്. പല ജീവനക്കാര്‍ക്കും റമദാനില്‍ ആറുമണിക്കൂര്‍ തൊഴിലെടുത്താല്‍ മതിയെന്ന വിവരം അറിയില്ളെന്ന് മാനവ വിഭവശേഷി മന്ത്രാലയത്തിലെ മാധ്യമവിഭാഗം മേധാവി ത്വാലിബ് അല്‍ ദബ്ബാരി പറഞ്ഞു. ചെറിയ കമ്പനികള്‍ ഈ അറിവില്ലായ്മ മുതലെടുക്കുന്നുണ്ട്. കമ്പനികള്‍ ജീവനക്കാരോട് റമദാനിലെ ജോലിസമയം കൃത്യമായി അറിയിച്ചിരിക്കണം.
ഉത്തരവ് പാലിക്കുന്നുണ്ടോയെന്നറിയാന്‍ മന്ത്രാലയം മിന്നല്‍ പരിശോധനകള്‍ നടത്തും. ഇതോടൊപ്പം, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരില്‍നിന്ന് റിപ്പോര്‍ട്ട് തേടുമെന്നും അല്‍ ദബ്ബാരി പറഞ്ഞു. നിയമം ലംഘിച്ച് തൊഴിലെടുപ്പിക്കുന്ന പക്ഷം മാനവ വിഭവശേഷി മന്ത്രാലയത്തിലെ ലേബര്‍ വെല്‍ഫെയര്‍ വിഭാഗം ഡയറക്ടറേറ്റ് ജനറലില്‍ പരാതി നല്‍കുകയും ചെയ്യാം. കൃത്യമായ തെളിവുകളോടെയുള്ള പരാതി ലഭിക്കുന്ന പക്ഷം പിഴശിക്ഷ ചുമത്തുന്നതിന് ഒപ്പം മുന്നറിയിപ്പ് നല്‍കുകയും ചെയ്യും.
തുടര്‍ന്നും ആവര്‍ത്തിക്കുന്ന പക്ഷമാണ് മറ്റു നിയമനടപടികളിലേക്ക് നീങ്ങുക. അതേസമയം, തൊഴില്‍ സമയ ക്രമീകരണം പാലിക്കാത്തതിന് കഴിഞ്ഞവര്‍ഷം ഒരു കമ്പനിക്കെതിരെയും നടപടിയെടുത്തിട്ടില്ളെന്ന് ലേബര്‍ വെല്‍ഫെയര്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ സലീം അല്‍ ബാദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.