ഫീസ് നേരത്തേ അടക്കണമെന്ന നിര്‍ദേശം സലാല ഇന്ത്യന്‍ സ്കൂള്‍ പിന്‍വലിച്ചു
text_fieldsമസ്കത്ത്: ജൂലൈ-സെപ്റ്റംബര്‍ ടേമിലെ ഫീസ് ജൂണ്‍ 30ന് മുമ്പ് അടക്കണമെന്ന നിര്‍ദേശം സലാല ഇന്ത്യന്‍ സ്കൂള്‍ അധികൃതര്‍ പിന്‍വലിച്ചു.
ഇന്ത്യന്‍ വെല്‍ഫെയര്‍ ഫോറം സലാലയുടെ ഇടപെടലാണ് രക്ഷാകര്‍ത്താക്കള്‍ക്ക് ആശ്വാസമായത്. ഏപ്രില്‍-ജൂണ്‍ ടേമിലെ ഫീസടച്ച് ദിവസങ്ങള്‍ക്കകം തന്നെ ഇത്തരം ഒരു അറിയിപ്പ് വന്നത് രക്ഷിതാക്കള്‍ക്കിടയില്‍ കടുത്ത പ്രതിഷേധം ഉണ്ടാക്കി.
അവധിക്കാലം ആഘോഷിക്കാനായി നാട്ടിലേക്കുപോയ രക്ഷിതാക്കള്‍ക്കടക്കം കടുത്ത ഇരുട്ടടിയായിരുന്നു അധികൃതരുടെ ഈ തീരുമാനം. ഇത്തരത്തില്‍ ഉയര്‍ന്നുവന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വെല്‍ഫെയര്‍ ഫോറം പ്രസിഡന്‍റ് യു.പി. ശശീന്ദ്രന്‍െറ നേതൃത്വത്തില്‍ സംഘടനാ നേതാക്കള്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍, മാനേജ്മെന്‍റ് കമ്മിറ്റിയംഗങ്ങള്‍ എന്നിവരുമായി ചര്‍ച്ച നടത്തി.
ഇതിന്‍െറ അടിസ്ഥാനത്തില്‍ ജൂലൈ-സെപ്റ്റംബര്‍ ടേമിലെ ഫീസ് ആഗസ്റ്റ് 15ന് മുമ്പായി മാത്രം അടച്ചാല്‍ മതി എന്ന് സ്കൂള്‍ അധികൃതര്‍ അറിയിക്കുകയും സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തു.
വാര്‍ഷിക സ്കൂള്‍ ഫീസ് 12 റിയാല്‍ വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്നും ഇന്ത്യന്‍ വെല്‍ഫെയര്‍ ഫോറം ആവശ്യപ്പെട്ടു.