Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതൊഴിലിടങ്ങളിലെ...

തൊഴിലിടങ്ങളിലെ നിയമലംഘനം: ഓണ്‍ലൈനായി ലഭിച്ചത് 512 പരാതികള്‍

text_fields
bookmark_border

മസ്കത്ത്: തൊഴില്‍പരമായ പരാതികള്‍ സമര്‍പ്പിക്കാനായി മാനവ വിഭവശേഷി മന്ത്രാലയം ആരംഭിച്ച ഓണ്‍ലൈന്‍ സംവിധാനത്തിന് മികച്ച പ്രതികരണം. കഴിഞ്ഞ ജൂണിലാണ് ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചത്.
ജൂലൈ 15 വരെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരില്‍നിന്ന് 512 പരാതികള്‍ ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. അധിക സമയം തൊഴിലെടുപ്പിക്കല്‍, മധ്യാഹ്നവിശ്രമ നിയമ ലംഘനം, മോശം തൊഴില്‍ സാഹചര്യം തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് പരാതി ലഭിച്ചത്. തൊഴിലിടങ്ങളില്‍ മോശം പെരുമാറ്റം നേരിട്ടത് സംബന്ധിച്ച 28 പരാതികളും ലഭിച്ചിട്ടുണ്ട്. ഒരു ദിവസം ശരാശരി 12 പരാതികള്‍ എന്ന തോതിലാണ് ലഭിച്ചതെന്ന് മന്ത്രാലയം വക്താവ് അറിയിച്ചു. നിലവില്‍ അറബിയില്‍ മാത്രമാണ് പരാതി നല്‍കാന്‍ സംവിധാനമുള്ളത്.
ആഗസ്റ്റ് ഒന്നുമുതല്‍ പരാതികള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് നേരത്തേ അധികൃതര്‍ അറിയിച്ചിരുന്നു. ഇതോടെ ഇംഗ്ളീഷില്‍ പരാതി നല്‍കുന്നതിനുള്ള സംവിധാനവും നിലവില്‍ വരുമെന്നാണ് അറിയുന്നത്. വിദേശികള്‍ക്ക് പുറമെ സ്വദേശികളും പരാതികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. തൊഴിലുടമകള്‍ക്കെതിരായ പരാതികള്‍, രജിസ്റ്റര്‍ ചെയ്ത പരാതികളിന്‍മേലുള്ള തുടര്‍നടപടികളെക്കുറിച്ച അന്വേഷണം, തൊഴില്‍ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ച റിപ്പോര്‍ട്ട് എന്നിവക്ക് പുറമെ നിയമലംഘകരായ തൊഴിലാളികള്‍ക്കെതിരെ തൊഴിലുടമകള്‍ക്കുള്ള പരാതികളുമാണ് ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടത്.
മന്ത്രാലയത്തിന്‍െറ www.manpower.gov.om വെബ്സൈറ്റിന് പുറമെ സ്മാര്‍ട്ട്ഫോണ്‍ ആപ്ളിക്കേഷന്‍ മുഖേനയും പരാതി നല്‍കാം. പരാതി ഓണ്‍ലൈനായി സ്വീകരിച്ചുകഴിഞ്ഞാല്‍ പരാതിക്കാരനെ മൊബൈല്‍ ഫോണിലൂടെയോ ഇ-മെയിലിലൂടെയോ ബന്ധപ്പെട്ട് മന്ത്രാലയം പ്രതിനിധികള്‍ക്ക് മുന്നില്‍ ഹാജരാകേണ്ട സ്ഥലവും സമയവും അറിയിക്കുകയാണ് ചെയ്യുക. ഓണ്‍ലൈന്‍ അപേക്ഷാഫോറം പൂരിപ്പിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവര്‍ക്ക് മന്ത്രാലയത്തിന്‍െറ അംഗീകാരമുള്ള സനദ് സെന്‍ററുകളുടെ സേവനവും തേടാവുന്നതാണ്. പരാതി നല്‍കുന്നതിന്‍െറ ആദ്യപടിയായി തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇ-സര്‍ട്ടിഫിക്കേഷന്‍ (പി.കെ.ഐ അധിഷ്ഠിതം) ആക്കണം. 2015 ജൂലൈ 15നുശേഷം ലഭിച്ച റെസിഡന്‍റ് കാര്‍ഡുകള്‍ക്കാണ് ഇ-സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാവുക. രാജ്യത്തെ 33 കേന്ദ്രങ്ങളിലുള്ള ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അതോറിറ്റിയുടെ ടാം സെന്‍ററുകളില്‍ ഇ-സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാണ്.
പരാതി നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ മനസ്സിലാക്കാനായി വെബ്സൈറ്റില്‍ യൂസര്‍ ഗൈഡും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ മസ്കത്ത് ഗവര്‍ണറേറ്റില്‍ മാത്രമാണ് ഓണ്‍ലൈന്‍ സംവിധാനം നിലവില്‍വരുക. സൊഹാര്‍, സലാല എന്നിവിടങ്ങളിലേക്ക് അടുത്ത ഘട്ടത്തില്‍ സേവനം വ്യാപിപ്പിക്കുമെന്ന് മന്ത്രാലയം അസിസ്റ്റന്‍റ് ഡയറക്ടര്‍ സുലൈമാന്‍ ഖലീലി പറഞ്ഞു. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ ഒമാന്‍ മുഴുവന്‍ ഈ സംവിധാനം വ്യാപിപ്പിക്കും.
ഭീഷണിപ്പെടുത്തിയും മറ്റും പരാതി നല്‍കുന്നതില്‍നിന്ന് തൊഴിലുടമ തൊഴിലാളിയെ പിന്തിരിപ്പിക്കുന്ന അവസ്ഥയുണ്ട്. ഓണ്‍ലൈന്‍ സംവിധാനം വഴി ഈ അവസ്ഥ ഒഴിവാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പരാതികള്‍ നല്‍കുന്നതിന് സഹായിക്കുന്നതിന് വിവിധ ഏഷ്യന്‍ രാജ്യങ്ങളുടെ എംബസികളില്‍ സഹായം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തൊഴിലാളികളെ സഹായിക്കാന്‍ സൗജന്യ സംവിധാനം ഏര്‍പ്പെടുത്തിയതായി ഇന്ത്യന്‍ എംബസി വക്താവ് അറിയിച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
Next Story