ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് ചര്‍ച്ച സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: ഗള്‍ഫടക്കം എമിഗ്രേഷന്‍ ക്ളിയറന്‍സ് ആവശ്യമായ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കുറ്റമറ്റതാക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഒമാനെ പ്രതിനിധാനം ചെയ്ത് ഇന്ത്യന്‍ സോഷ്യല്‍ക്ളബ് സാമൂഹികക്ഷേമ വകുപ്പ് സെക്രട്ടറി പി.എം. ജാബിര്‍ പങ്കെടുത്തു.
ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികളെ സംബന്ധിക്കുന്ന പത്ത് വിഷയങ്ങളില്‍ പത്തുമാസം നീളുന്ന ചര്‍ച്ചകള്‍ക്കാണ് വിദേശകാര്യ വകുപ്പ് തുടക്കം കുറിച്ചത്. ഇതില്‍ നാലാമത്തേതായിരുന്നു ഗള്‍ഫ് രാഷ്ട്രങ്ങളിലേക്കുള്ള കുടിയേറ്റത്തെക്കുറിച്ച ചര്‍ച്ച. ന്യൂഡല്‍ഹിയിലെ വിദേശകാര്യ വകുപ്പിന്‍െറ ആസ്ഥാനമായ ജവഹര്‍ലാല്‍ നെഹ്റു ഭവനില്‍ നടന്ന യോഗത്തില്‍ കുടിയേറ്റം സുരക്ഷിതവും പ്രയാസരഹിതവുമാക്കുന്നതിനായി നിലനില്‍ക്കുന്ന സംവിധാനത്തിലുള്ള പോരായ്മകള്‍ നികത്താനും ആവശ്യമെങ്കില്‍ പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും യോഗത്തില്‍ ധാരണയായി. പരമാവധി റിക്രൂട്ട്മെന്‍റുകള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴിയാക്കണം എന്ന നിര്‍ദേശവും നേപ്പാള്‍ സര്‍ക്കാറിന്‍െറ മാതൃകയിലുള്ള ഫ്രീ വിസ, ഫ്രീ ടിക്കറ്റ് സംവിധാനം പരീക്ഷിക്കണമെന്ന നിര്‍ദേശവും സ്വാഗതം ചെയ്യപ്പെട്ടു. തൊഴില്‍കരാറുകള്‍ തൊഴിലാളിക്കുകൂടി മനസ്സിലാവുന്ന ഭാഷയില്‍ വേണമെന്ന് നിഷ്കര്‍ഷിക്കുന്നതിനും അവ പിന്നീട് മാറ്റാതിരിക്കാനും സ്വീകര്‍ത്താവായ രാജ്യത്തെ ഭരണാധികാരികളുമായി സംസാരിക്കാന്‍ അംബാസഡര്‍മാര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് താന്‍ യോഗത്തില്‍ ചൂണ്ടിക്കാണിച്ചതായി പി.എം. ജാബിര്‍ പറഞ്ഞു. സൗദി ഒഴിച്ച് മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇന്ത്യയുമായി ജോയന്‍റ് വര്‍ക്കിങ് ഗ്രൂപ് സംവിധാനം നിലവിലുണ്ട്. കരാര്‍ലംഘനം, പരാതി പരിഹാരം, പാസ്പോര്‍ട്ട് പിടിച്ചുവെക്കുന്നതിനെതിരെയുള്ള നടപടികള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ഇതിന്‍െറ പരിധിയില്‍ വരും.
എന്നാല്‍, ഇത് സമയബന്ധിതമായി ചേരാറില്ല എന്നു മാത്രമല്ല, അധികാരപരിധിയിലുള്ള കാര്യങ്ങളൊന്നും ചെയ്യാറുമില്ല. ഇത്തരം ജോയന്‍റ് വര്‍ക്കിങ് ഗ്രൂപ്പുകളില്‍ കുടിയേറ്റ തൊഴിലാളികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളെയും സംഘടനകളെയും ഉള്‍പ്പെടുത്തുകയും ഇവര്‍ക്ക് കൂടുതല്‍ എക്സിക്യൂട്ടിവ് അധികാരങ്ങള്‍ നല്‍കുകയും ചെയ്യുക എന്ന നിര്‍ദേശം ഗൗരവമായി കാണുമെന്ന് പ്രതീക്ഷയുണ്ട്. എംബസികള്‍ക്ക് കീഴിലുള്ള ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടിന്‍െറ വിനിയോഗത്തില്‍ കാര്യമായ മാറ്റംവരുത്താന്‍ മന്ത്രാലയം തയാറായിട്ടുണ്ടെന്നും ജാബിര്‍ പറഞ്ഞു.
വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, സഹമന്ത്രി ജനറല്‍ വി.കെ. സിങ്, ആന്ധ്രപ്രദേശ്, തെലങ്കാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ പ്രവാസി ചുമതലയുള്ള മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ യു.എ.ഇ, കുവൈത്ത്്, ബഹ്റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍നിന്നും ചില പ്രതിനിധികളും ചര്‍ച്ചക്കത്തെിയിരുന്നു.