Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവേനല്‍കാല വിളകളുടെ...

വേനല്‍കാല വിളകളുടെ സമൃദ്ധിയില്‍ ഒമാനിലെ കൃഷിത്തോട്ടങ്ങള്‍

text_fields
bookmark_border
വേനല്‍കാല വിളകളുടെ സമൃദ്ധിയില്‍ ഒമാനിലെ കൃഷിത്തോട്ടങ്ങള്‍
cancel

മസ്കത്ത്: വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയാലും പ്രകൃതിയാലും അനുഗ്രഹിക്കപ്പെട്ട നാടാണ് സുല്‍ത്താനേറ്റ്. അതുകൊണ്ടുതന്നെ മറ്റു ഗള്‍ഫ്നാടുകളില്‍നിന്ന് വ്യത്യസ്തമായി വിവിധ വിളകളും കാര്‍ഷിക ഉല്‍പന്നങ്ങളും സമൃദ്ധിയായി വളരുന്ന കാലാവസ്ഥയാണ് ഒമാനിലുള്ളത്. വേനലിലും തണുപ്പുകാലത്തും ഫലവൃക്ഷങ്ങള്‍ നിറഞ്ഞ തോട്ടങ്ങള്‍ ഒമാനി ഗ്രാമങ്ങളിലെ മനോഹര കാഴ്ചയാണ്. വേനല്‍ക്കാല വിളകളുടെ വിളവെടുപ്പിനുള്ള ഒരുക്കത്തിലാണ് ഒമാനിലെ ഗ്രാമീണ ജനത.
വിവിധ ഗവര്‍ണറേറ്റുകളിലായി വ്യത്യസ്തങ്ങളായ നിരവധി വിളകളും പഴങ്ങളുമാണ് പാകമായി നില്‍ക്കുന്നത്. വിളവെടുപ്പ് തുടങ്ങുന്നതോടെ ഗ്രാമീണ വിപണികള്‍ സജീവമാകും. വ്യത്യസ്തവും സ്വാദിഷ്ഠവുമായ രുചികള്‍ തേടി മസ്കത്ത് അടക്കം നഗരങ്ങളില്‍നിന്ന് സ്വദേശികളും വിദേശികളുമായവര്‍ ഈ മാര്‍ക്കറ്റുകളിലത്തെും.

ഒമാനില്‍ ഏറ്റവും കൂടുതല്‍ പഴവര്‍ഗങ്ങള്‍ വിളയുന്നത് ജബല്‍ അഖ്ദറിലാണ്. സമുദ്രനിരപ്പില്‍നിന്ന് 3000 അടി ഉയരത്തിലുള്ള ജബല്‍ അഖ്ദര്‍ മലനിരകള്‍ക്ക് സമാനമായ കാലാവസ്ഥ അറേബ്യന്‍ ഗള്‍ഫ് മേഖലയില്‍ മറ്റൊരിടത്തും ഇല്ല. വേനലിലും തണുപ്പുകാലത്തും മിതമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഈ മലമുകളില്‍ വൈവിധ്യമാര്‍ന്ന ഒരുപിടി സസ്യങ്ങളും ഫലവൃക്ഷങ്ങളുമാണ് വളരുന്നത്.
‘സ്വീറ്റ് ട്രീസ്’ എന്നറിയപ്പെടുന്ന ശരത്കാലത്ത് ഇലപൊഴിക്കുന്ന മരമാണ് ജബല്‍ അഖ്ദറിലെ വ്യത്യസ്തമായ കാഴ്ച. ഇത്തരം ഒരു മരം ഒമാനില്‍ മറ്റൊരിടത്തും ഇല്ല. മാതളപഴങ്ങള്‍, ആപ്പ്ള്‍, പീച്ച് പഴങ്ങള്‍, പ്ളം, അത്തി, മുന്തിരി, പിയര്‍ പഴം, ചെറി എന്നിവ പഴുത്ത് പാകമായിനില്‍ക്കുന്ന ജബല്‍ അഖ്ദറിലെ തോട്ടങ്ങള്‍ സഞ്ചാരികളുടെ കണ്ണിന് കുളിരുള്ള കാഴ്ചയായിരിക്കും.
ബദാം, വാല്‍നട്ട്, ഒലീവ് എന്നിവയും ഇവിടെ വിളയാറുണ്ട്. റോസ് വാട്ടര്‍ ഉല്‍പാദനത്തിനും ജബല്‍ അഖ്ദര്‍ പേരുകേട്ടതാണ്. തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ പല പര്‍വത ഗ്രാമങ്ങളും പഴവര്‍ഗങ്ങളുടെ ഉല്‍പാദനത്തിന് പ്രസിദ്ധമാണ്. നഖല്‍ വിലായത്തിലെ വാദി മിസ്താലിലെ വകാന്‍ ഗ്രാമം ഇതിന് ഉദാഹരണമാണ്. ബൂട്ട്, ആപ്രിക്കോട്ട് ഇനത്തില്‍പെട്ട പഴങ്ങള്‍ ഇവിടെ സമൃദ്ധിയോടെ വളരുന്നു. ഉയര്‍ന്ന പര്‍വതങ്ങളില്‍ വളരുന്ന വേനല്‍കാല പഴവര്‍ഗമായ ബൂട്ട് അല്‍ അവാബി വിലായത്തിലെ വാദി ബനീ ഖാറൂസിലും പല ഗ്രാമങ്ങളിലും ധാരാളമുണ്ട്.
ആരോഗ്യപരമായി നിരവധി ഗുണങ്ങളുള്ള സീതപ്പഴവും ഒമാന്‍െറ തെക്കും വടക്കുമുള്ള പല വിലായത്തുകളിലും ധാരാളമായി ഉണ്ടാകാറുണ്ട്. വടക്കന്‍ ബാത്തിനയിലെ പല വിലായത്തുകളും തണ്ണിമത്തന്‍, മത്തങ്ങ, മുന്തിരി, അത്തിപ്പഴം എന്നിവ ധാരാളമായി വിളയുന്നു. അല്‍ ബുറൈമി, അല്‍ ദാഹിറ, വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളും ഇവയുടെ ഉല്‍പാദനത്തില്‍ പേരുകേട്ടതാണ്. വടക്ക്, തെക്കന്‍ ബാത്തിനകളിലെ തീരഗ്രാമങ്ങളിലും ചില ഉള്‍പ്രദേശങ്ങളിലും ചൂട് ധാരാളമായി വേണ്ട ഈത്തപ്പഴം, മാങ്ങ, നേന്ത്രക്കായ, കപ്പ എന്നിവയാണ് ഉണ്ടാകാറ്.
ദോഫാറിലാകട്ടെ തേങ്ങ, നേന്ത്രക്കായ, മാതളം എന്നിവയാണ് വിളയാറ്. മസ്കത്ത്, ദാഖിലിയ, ദാഹിറ, അല്‍ ബുറൈമി, വടക്ക്-തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളിലാണ് ഈത്തപ്പഴ ഉല്‍പാദനം കൂടുതലും. രുചിയിലും ഗുണത്തിലും നിലവാരത്തിലും ഒന്നിനൊന്ന് വ്യത്യസ്തമായ ഈ ഈത്തപ്പഴങ്ങളിലെ പോഷക ഗുണവും വ്യത്യസ്തമായിരിക്കും.

ആധുനിക സൗകര്യങ്ങള്‍ കടന്നത്തെിയിട്ടും തങ്ങളുടെ കാര്‍ഷിക സംസ്കൃതിയെ കൈവിടാതെ അഭിമാനത്തോടെ ചേര്‍ത്തുപിടിച്ചിരിക്കുന്ന ജനതയാണ് സുല്‍ത്താനേറ്റിന്‍െറ കരുത്ത്. കൃഷിയുടെ പ്രോത്സാഹനത്തിനും കര്‍ഷകരെ ബഹുമാനിക്കുന്നതിനുമായി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് നിരവധി പദ്ധതികള്‍ നടപ്പാക്കിയിരുന്നു. ഈത്തപ്പഴ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ദശലക്ഷം നിലവാരമുള്ള ഈത്തപ്പന തൈകള്‍ വെച്ചുപിടിപ്പിക്കാന്‍ സുല്‍ത്താന്‍ നിര്‍ദേശിച്ചിരുന്നു. നിലവിലുള്ള ഇനം തൈകള്‍ക്ക് പുറമെ രോഗപ്രതിരോധ ശേഷിയുള്ള ഇനങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനായുള്ള ഗവേഷണങ്ങളും രാജ്യത്ത് നടക്കുന്നുണ്ട്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
Next Story