യമന്‍ പ്രശ്നം: ഐക്യരാഷ്ട്രസഭാ പ്രതിനിധിയടക്കമുള്ളവര്‍ സലാലയില്‍
text_fieldsമസ്കത്ത്: ഐക്യരാഷ്ട്രസഭയുടെ യമനിലെ പ്രത്യേക പ്രതിനിധി ഇസ്മാഈല്‍ വലദുശൈഖ് അഹ്മദ് സലാലയിലത്തെി. ഹൂതി വിഭാഗമായ അന്‍സാറുല്ല, ജനറല്‍ പീപ്ള്‍സ് കോണ്‍ഗ്രസ് പ്രതിനിധികളും ഒപ്പമുണ്ട്. ഇവര്‍ ഇന്നലെ രാത്രി ഒമാന്‍ വിദേശകാര്യമന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ലയുമായി കൂടിക്കാഴ്ച നടത്തി. കുവൈത്തിലെ ഒമാന്‍ അംബാസഡര്‍ ഹാമിദ് ബിന്‍ സൈദ് അല്‍ ഇബ്രാഹീം സംഘത്തെ സ്വീകരിച്ചു. കുവൈത്തില്‍ നടക്കുന്ന യമന്‍ സമാധാന ചര്‍ച്ച ചെറിയ പെരുന്നാള്‍ പ്രമാണിച്ച് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
രണ്ടാഴ്ചക്കുശേഷം ഇന്നുമുതല്‍ ചര്‍ച്ച പുനരാരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, കുവൈത്തിലാണോ സലാലയിലാണോ തുടര്‍ചര്‍ച്ച നടക്കുകയെന്ന കാര്യം ഒൗദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. ചര്‍ച്ചകളുടെ ഫലമായി യമനിലെ സംഘര്‍ഷാവസ്ഥക്ക് അയവുവന്നിട്ടുണ്ടെന്ന് പ്രത്യേക പ്രതിനിധി ഇസ്മാഈല്‍ വലദുശൈഖ് അഹ്മദ് നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ഇരുഭാഗത്തുനിന്നുമായി 700 ഓളം തടവുകാരെ ഏപ്രില്‍ 21 മുതല്‍ ആരംഭിച്ച ചര്‍ച്ചയുടെ ഫലമായി വിട്ടയക്കാന്‍ കഴിഞ്ഞിരുന്നു.
രണ്ടാഴ്ചയിലെ ഇടവേള സര്‍ക്കാര്‍ അനുകൂല സംഘവും ഹൂതി വിഭാഗവും ക്രിയാത്മകമായി വിനിയോഗിച്ചശേഷമാകും തുടര്‍ചര്‍ച്ചക്ക് എത്തുകയെന്നാണ് ഐക്യരാഷ്ട്ര സഭയുടെ പ്രതീക്ഷ. ചര്‍ച്ചയുടെ പുരോഗതി യമനിലത്തെി തങ്ങളുടെ ആളുകള്‍ക്ക് വ്യക്തമാക്കിക്കൊടുക്കുകയും തുടര്‍ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സഹായകമാവുന്ന നിലപാടുകളോടെ തിരിച്ചുവരണമെന്നും വലദുശൈഖ് ആവശ്യപ്പെട്ടിരുന്നു. യമന്‍ പ്രശ്നപരിഹാരം വൈകുന്നത് മേഖലയുടെ സുരക്ഷയെ സാരമായി ബാധിക്കുമെന്നുകണ്ട് കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹാണ് ഐക്യരാഷ്ട്ര സഭയുടെ സഹായത്തോടെ സമാധാന ചര്‍ച്ചക്ക് മുന്‍കൈയെടുത്തത്.
ഇസ്മാഈല്‍ വലദുശൈഖ് അഹ്മദിന്‍െറ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചയില്‍ സര്‍ക്കാര്‍ വിഭാഗം, ഹൂതി വിഭാഗമായ അന്‍സാറുല്ല, പീപ്ള്‍സ് കോണ്‍ഗ്രസ് എന്നിവയുടെ പ്രതിനിധികളാണ് സംബന്ധിക്കുന്നത്. രാജ്യത്ത് സുരക്ഷയും സമാധാനവും തിരികെ കൊണ്ടുവരുന്നതിനുവേണ്ടി പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം കാണുക, സംഘര്‍ഷം അവസാനിപ്പിക്കുക തുടങ്ങിയവ നിഷ്കര്‍ഷിക്കുന്ന ഐക്യരാഷ്ട്രസഭാ രക്ഷാസമിതി പാസാക്കിയ 2216ാം നമ്പര്‍ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ചര്‍ച്ച. പുറത്തായ പ്രസിഡന്‍റ് അബ്ദുല്ല സാലിഹിന്‍െറ പിന്തുണയോടെ ഹൂതികള്‍ സര്‍ക്കാറിനെതിരായ പോരാട്ടം ശക്തമാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് സൗദിയുടെ നേതൃത്വത്തില്‍ യമനില്‍ സൈനിക നടപടിക്ക് തുടക്കം കുറിച്ചത്. ഇതോടെ, രൂക്ഷമായ സംഘര്‍ഷത്തിന് ഇതുവരെ അറുതിയായിട്ടില്ല.
6,400 ഓളം പേര്‍ കൊല്ലപ്പെടുകയും 28 ലക്ഷത്തോളം പേര്‍ അഭയാര്‍ഥികളാവുകയും ചെയ്തിട്ടുണ്ട്. ഒമാന്‍ ഒഴികെ അറബ് രാഷ്ട്രങ്ങള്‍ സൗദിയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യത്തില്‍ അംഗങ്ങളാണ്. യമന്‍ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്നാണ് ഒമാന്‍െറ നിലപാട്. ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ യമനില്‍ വിവിധ കക്ഷികളുടെ പ്രതിനിധികള്‍ തമ്മിലുള്ള ചര്‍ച്ചക്ക് ഒമാന്‍ നേരത്തേ മുന്‍കൈയെടുക്കുകയും ആതിഥേയത്വം വഹിക്കുകയും ചെയ്തിരുന്നു.
യമനിലെ ഹൂതികളുമായും ഇറാനുമായും നല്ല ബന്ധം പുലര്‍ത്തുന്ന ഒമാന് പ്രശ്നപരിഹാരത്തിന് ക്രിയാത്മക പങ്കുവഹിക്കാന്‍ കഴിയുമെന്ന് ഐക്യരാഷ്ട്ര സഭ ചൂണ്ടിക്കാണിച്ചിരുന്നു. യമനില്‍ കുടുങ്ങിയ നിരവധി രാഷ്ട്രങ്ങളിലെ പൗരന്മാരെ ഒമാന്‍ ഇടപെട്ട് മോചിപ്പിച്ചതും അന്താരാഷ്ട്ര സമൂഹത്തിന്‍െറ പ്രശംസ പിടിച്ചുപറ്റിയിരുന്നു.