85 വര്‍ഷത്തിനുശേഷം ചരിത്രം വീണ്ടും നടന്നു...
text_fieldsമസ്കത്ത്: നോക്കത്തൊ ദൂരത്ത് മണല്‍ക്കാടുകള്‍ മാത്രം. മുന്നോട്ടുള്ള യാത്ര ദുര്‍ഘടമാക്കി മൂടല്‍മഞ്ഞും മണല്‍ക്കാറ്റും. ചരിത്രത്തെ വീണ്ടും ‘നടത്താന്‍’ ബ്രിട്ടീഷ് പൗരന്‍ മാര്‍ക് ഇവാന്‍സിനും കൂട്ടര്‍ക്കും ഇതൊന്നും തടസ്സമേ ആയിരുന്നില്ല. 1300 കിലോമീറ്റര്‍ മരുഭൂമിയിലൂടെ നടന്നും ഒട്ടകത്തിലേറിയും അവര്‍ ലക്ഷ്യം കണ്ടപ്പോള്‍ 85 വര്‍ഷത്തെ ഇടവേളക്ക് ശേഷം ചരിത്രം പുതുജന്മമെടുത്തു. 1930ല്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ബെര്‍ട്രാം തോമസും ഒമാനിയായ ശൈഖ് സലാഹ് ബിന്‍ കലൂത് അല്‍ റശീദി അല്‍ കത്തരിയും ചേര്‍ന്ന് ആദ്യമായി ദുര്‍ഘട മരുഭൂമിയായ റുബുഉല്‍ ഖാലി (എംപ്റ്റി ക്വാര്‍ട്ടര്‍) കുറുകെ കടന്നതിന്‍െറ ഓര്‍മ പുതുക്കിയാണ് മസ്കത്തില്‍ താമസിക്കുന്ന മാര്‍ക് ഇവാന്‍സും രണ്ട് ഒമാന്‍ സ്വദേശികളും സഹാസിക യാത്ര പൂര്‍ത്തിയാക്കിയത്. ഡിസംബര്‍ 10ന് സലാലയില്‍ നിന്ന് പുറപ്പെട്ട ഇവാന്‍സും മുഹമ്മദ് അല്‍ സെദ്ജാലിയും അമൂറല്‍ വഹൈബിയും സൗദി അറേബ്യയും കടന്ന് വ്യാഴാഴ്ച ദോഹയിലെ അല്‍ റയ്യാന്‍ കോട്ടയില്‍ പര്യടനം പൂര്‍ത്തിയാക്കി. 49ാം ദിവസമാണ് സംഘം ലക്ഷ്യം കണ്ടത്. 60 ദിവസം എടുക്കുമെന്ന് കരുതിയ സാഹസിക യാത്ര 11 ദിവസം മുമ്പേ പൂര്‍ത്തിയായി.
അറേബ്യന്‍ ഉപദ്വീപില്‍ സൗദി, ഒമാന്‍, യമന്‍, യു.എ.ഇ എന്നിവ ഉള്‍പ്പെടുന്ന 6,50,000 സ്ക്വയര്‍ കിലോമീറ്റര്‍ പ്രദേശമാണ് റുബുഉല്‍ ഖാലി. ഏറ്റവും ചൂടുകൂടിയ വരണ്ട ദുര്‍ഘടമായ ഈ മരുഭൂമി ഫ്രാന്‍സും ബല്‍ജിയവും നെതര്‍ലന്‍ഡ്സും ഒരുമിച്ചുവരുന്നത്ര പ്രദേശത്തിലാണ് നീണ്ടുനിവര്‍ന്ന് കിടക്കുന്നത്. ചൂടുകാലത്ത് 50 ഡിഗ്രിക്ക് മുകളിലും ശൈത്യകാലത്ത് പൂജ്യത്തിന് താഴെയും എത്തുന്ന മേഖല. 15 ഒട്ടകങ്ങളും ഭക്ഷണങ്ങളും മറ്റ് സാമഗ്രികളുമായാണ് ബെര്‍ട്രാം തോമസും ശൈഖ് സലാഹ് ബിന്‍ കലൂതും യാത്ര ചെയ്തത്. ഓരോ സ്ഥലത്തെയും ഗോത്രവാസികള്‍ ഇവര്‍ക്ക് അകമ്പടി സേവിച്ചിരുന്നു. അങ്ങനെ 60 ദിവസമെടുത്ത് ഇരുവരും ദോഹയിലത്തെി. അവിടെ നിന്ന് പായ്വഞ്ചിയില്‍ ബഹ്റൈനിലത്തെിയാണ് ചരിത്ര വിജയം ഇവര്‍ ലോകത്തെ അറിയിച്ചത്. ഇതിന്‍െറ സ്മരണ പുതുക്കിയാണ് ഇവാന്‍സും കൂട്ടരും ‘ക്രോസിങ് ദി എംപ്റ്റി ക്വാര്‍ട്ടര്‍’ എന്ന പേരില്‍ സാഹസിക യാത്ര നടത്തിയത്. ബെര്‍ട്രാം തോമസും സംഘവും ക്യാമ്പ് ചെയ്ത സ്ഥലങ്ങളില്‍ താമസിച്ചും അവരുടെ ഭക്ഷണരീതിയും യാത്രാശൈലിയും അനുകരിച്ചുമായിരുന്നു ഇവരുടെയും യാത്ര.
ബെര്‍ട്രാം തോമസിനെയും കൂട്ടരെയും സ്വീകരിച്ച പോലെ ഗോത്രസമൂഹം തങ്ങളെയും സ്വീകരിച്ചെന്ന് മുഹമ്മദ് അല്‍ സെദ്ജാലി പറഞ്ഞു. ‘34 ആടുകള്‍, ആറ് ഒട്ടകങ്ങള്‍ എന്നിവ സമ്മാനമായി ലഭിച്ചു. ആദ്യ 17 ദിവസം ഞങ്ങള്‍ക്ക് കരുതിയിരുന്ന ഭക്ഷണം ഉപയോഗിക്കേണ്ടി വന്നില്ല. ഞങ്ങള്‍ക്കായി അത്രക്ക് വിരുന്നുകള്‍ ഒരുക്കപ്പെട്ടു’- അല്‍ സെദ്ജാലി പറഞ്ഞു. ഗോത്രസമൂഹങ്ങളിലെ കാരണവര്‍മാര്‍ ബെര്‍ട്രാം തോമസിനെ കണ്ട അനുഭവങ്ങള്‍ വിവരിച്ചത് യാത്രയിലെ അവിസ്മരണീയ മുഹൂര്‍ത്തമായി. ‘ബെര്‍ട്രാം തോമസിനെ സ്വീകരിച്ചതും യാത്രയില്‍ വേണ്ട സഹായങ്ങള്‍ ചെയ്തതും കാരണവന്മാര്‍ വിശദീകരിച്ചു. 1940കളില്‍ എംപ്റ്റി ക്വാര്‍ട്ടര്‍ മുറിച്ചുകടന്ന വില്‍ഫ്രഡ് തേസിഗറെ കണ്ട കാര്യവും അവര്‍ പങ്കുവെച്ചു’- ഇവാന്‍സ് പറഞ്ഞു.
യാത്ര രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് ആരോഗ്യ പ്രശ്നങ്ങള്‍ സംഘത്തെ വേട്ടയാടിയത്. സെദ്ജാലിക്ക് കാലില്‍ നീരുകയറി നടക്കാന്‍ പോലും വയ്യാതെയായി. യാത്ര മതിയാക്കി ഏതെങ്കിലും ആശുപത്രിയില്‍ ചികിത്സ തേടാന്‍ ഇവാന്‍സ് പറഞ്ഞിട്ടും സെദ്ജാലി തയാറായില്ല. ഒമാനിലെ വടക്കേയറ്റത്തെ മരുഭൂമിയില്‍ ബധൂവിയന്‍ സമൂഹത്തിനൊപ്പം കഴിയുന്ന അമൂറല്‍ വഹൈബി കരുതിയിരുന്ന ഗ്രോത്രവര്‍ഗക്കാര്‍ ഉപയോഗിക്കുന്ന പ്രത്യേകതരം പാദരക്ഷകളാണ് സംഘത്തിന് തുണയായത്. തന്‍െറ പര്യടനത്തെകുറിച്ച് ‘അറേബ്യന്‍ ഫെലിക്സ്’ എന്ന പേരില്‍ ബെര്‍ട്രാം തോമസ് പുസ്തകമെഴുതിയിരുന്നു.
ഇതില്‍ പറയുന്ന പല ജലസ്രോതസ്സുകളും വറ്റിപ്പോകുകയോ മലിനപ്പെടുകയോ ചെയ്തതിനാല്‍ ഉപയോഗിക്കാന്‍ കഴിയാഞ്ഞത് ഏറെ ബുദ്ധിമുട്ടിച്ചതായി ഇവാന്‍സ് പറഞ്ഞു. സൗദിയില്‍ കടന്നപ്പോള്‍ യാത്ര വീണ്ടും ദുര്‍ഘടമായി. ഒട്ടകങ്ങള്‍ പോലും മുട്ടുമടക്കി. ശാരീരിക വെല്ലുവിളികളെ മനഃസാന്നിധ്യവും പരസ്പര സഹകരണവും കൊണ്ട് നേരിട്ടത് മൂലമാണ് യാത്ര പൂര്‍ത്തിയാക്കാനായതെന്ന് ഇവാന്‍സ് വ്യക്തമാക്കി. പര്യടനം പൂര്‍ത്തിയാക്കിയ സംഘത്തെ അല്‍ റയ്യാന്‍ കോട്ടയില്‍ ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്‍റ് ശൈഖ് ജൂവാന്‍ ബിന്‍ ഹമദ് അല്‍ഥാനിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
