വിനോദയാത്ര വിലാപമായി; വിറങ്ങലിച്ച് നിസ്വ
text_fieldsനിസ്വ: അപായ സൈറണ്‍ മുഴക്കി ചീറിപ്പായുന്ന പൊലീസ് വാഹനങ്ങളും ആംബുലന്‍സുകളും. അപകടത്തില്‍ എത്ര കുട്ടികള്‍ ഉള്‍പ്പെട്ടു എന്ന് അറിയാതെയുള്ള ആശങ്ക... രാവിലെ ചിരിച്ചുല്ലസിച്ച് വിനോദയാത്ര പോയ കുരുന്നുകള്‍ അപകടത്തില്‍പ്പെട്ടെന്ന വാര്‍ത്ത നിസ്വയെ അക്ഷരാര്‍ഥത്തില്‍ നടുക്കി.
നിസ്വ ഇന്ത്യന്‍ സ്കൂളിലേക്കും നിസ്വ ആശുപത്രിയിലേക്കും ജനപ്രവാഹമായിരുന്നു പിന്നീട്. സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രദേശവാസികളും വിവരങ്ങളറിയാന്‍ ഇരുസ്ഥലങ്ങളിലും തടിച്ചുകൂടി. മീന്‍ ട്രക്കിന്‍െറ ഡ്രൈവര്‍ മാത്രമേ മരിച്ചുള്ളൂ എന്ന വാര്‍ത്തയായിരുന്നു ആദ്യം കേട്ടത്. പിന്നീട് രണ്ടു മലയാളി കുട്ടികള്‍ കൂടി മരിച്ചു എന്നറിഞ്ഞതോടെ നിസ്വ വിറങ്ങലിച്ചു. കുട്ടികള്‍ക്കെല്ലാം പ്രിയങ്കരിയായ അധ്യാപിക ദീപാലി സത്തേി കൂടി മരിച്ചെന്നറിഞ്ഞതോടെ ആശുപത്രിയും പരിസരവും ശ്മശാന മൂകമായി.
വാടകക്കെടുത്ത നാലു ബസുകളിലാണ് രാവിലെ സ്കൂളില്‍നിന്ന് 120 വിദ്യാര്‍ഥികള്‍ ബഹ്ല അമ്യൂസ്മെന്‍റ് പാര്‍ക്കിലേക്ക് പുറപ്പെട്ടത്. ഉച്ചക്ക് 1.30ന് തിരികെ വരുമ്പോള്‍ ജിബ്രിന് സമീപത്ത് വെച്ച് യൂടേണ്‍ എടുക്കുമ്പോള്‍ എതിരേ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ട്രക്ക് വരുന്നത് ശ്രദ്ധിക്കാതെ കയറേണ്ട റോഡിലേക്ക് അമിതവേഗതയില്‍ ബസ് തിരിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. റോയല്‍ ഒമാന്‍ പൊലീസും സിവില്‍ ഡിഫന്‍സും പാഞ്ഞത്തെി രക്ഷാപ്രവര്‍ത്തനം നടത്തി. 26ഓളം വിദ്യാര്‍ഥികളെയാണ് നിസ്വ ആശുപത്രിയില്‍ എത്തിച്ചത്. അതീവ ഗുരുതരമായി പരിക്കേറ്റ റുയ അമന്‍ നിസ്വ ആശുപത്രിയിലും മുഹമ്മദ് ഷമ്മാസ് ബഹ്ല ആശുപത്രിയിലുമാണ് മരിച്ചത്. മലയാളി വിദ്യാര്‍ഥികളായ ജെയ്ഡന്‍ ജയ്സന്‍, സിയ എലിസബത്ത്, നന്ദകശ്രീ, അധ്യാപിക ദീപാലി എന്നിവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മലയാളികളടക്കം 22 ഓളം വിദ്യാര്‍ഥികള്‍ക്ക് നിസ്സാര പരിക്കേറ്റു. പിന്നീട് ഷമ്മാസിന്‍െറ മൃതദേഹവും നിസ്വ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ഷമ്മാസിന്‍െറ ഖബറടക്കം ഒമാനില്‍തന്നെ നടത്താനാണ് കുടുംബാംഗങ്ങളുടെ ആലോചനയെന്ന് അറിയുന്നു.
റുയ അമനെ മാതാപിതാക്കളത്തെി തിരിച്ചറിഞ്ഞത് കണ്ടുനിന്നവരെ കണ്ണീരിലാഴ്ത്തി. പിന്നീട് അധ്യാപികയും മരിച്ചെന്നറിഞ്ഞതോടെ കുട്ടികള്‍ നിയന്ത്രണംവിട്ടുകരഞ്ഞു. കുട്ടികള്‍ക്ക് ഏറെ പ്രിയങ്കരിയായിരുന്ന ദീപാലി അവസാന നിമിഷമാണ് വിനോദയാത്രാ സംഘത്തോടൊപ്പം ചേര്‍ന്നത്. മറ്റൊരു അധ്യാപിക വരാന്‍ ബുദ്ധിമുട്ട് അറിയിച്ചപ്പോള്‍ ദീപാലി എത്തുകയായിരുന്നു.
ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ വില്‍സന്‍ ജോര്‍ജ്, നിസ്വ ഇന്ത്യന്‍ സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് ഡോ. അയൂബ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ മീനാക്ഷി മീനു, സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ നിസ്വ ആശുപത്രിയിലത്തെി നടപടികള്‍ക്ക് നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
