ബുറൈമിയില്‍ മലയാളികളുടെ ‘ഹരിത വിപ്ളവം’
text_fieldsബുറൈമി: ജോലികഴിഞ്ഞുള്ള വിശ്രമവേളകളിലും അവധിദിവസങ്ങളിലും മണ്ണിനെ സ്നേഹിക്കുകയാണ് ബുറൈമിയിലെ ഒരുകൂട്ടം മലയാളി കുടുംബങ്ങള്‍. വീട്ടുമുറ്റത്തെ പരിമിതമായ സ്ഥലത്ത് ഇവര്‍ നടത്തുന്ന പച്ചക്കറികൃഷി ഏറെ ശ്രദ്ധേയമാകുകയാണ്.
ജൈവവളങ്ങള്‍മാത്രം ഉപയോഗിച്ച് ചീര, തക്കാളി, പാവക്ക, പടവലങ്ങ, പയര്‍ തുടങ്ങി കോവക്കയും കാബേജും വരെ ഇവര്‍ വീട്ടുമുറ്റത്ത് കൃഷിചെയ്യുന്നു. മലപ്പുറം പെരിന്തല്‍മണ്ണ അരക്കുപറമ്പ് സ്വദേശി ഇസ്മായിലും കുടുംബവും നേരംപോക്കിന് തുടങ്ങിയ അടുക്കളത്തോട്ടം പിന്നീട് 50ലധികം കുടുംബങ്ങള്‍ ഉള്‍പ്പെട്ട കാര്‍ഷിക കൂട്ടായ്മയായി മാറുകയായിരുന്നു. വിഷമുക്തമായ പച്ചക്കറികള്‍ കഴിക്കണമെന്ന ആഗ്രഹത്തില്‍ തുടങ്ങിയ കൂട്ടായ്മയില്‍ എല്ലാവരും വിത്തുകളും വളങ്ങളും ആശയങ്ങളും കൈമാറുന്നുണ്ടെന്ന് ഇസ്മായില്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇവിടത്തെ കാലാവസ്ഥക്ക് അനുയോജ്യമായ കൃഷികളാണ് ഇവര്‍ ചെയ്യുന്നത്. 100ഓളം അംഗങ്ങളുള്ള വാട്സ്ആപ് കൂട്ടായ്മയും ഇവര്‍ക്കുണ്ട്. വിത്തുകളും മറ്റും നാട്ടില്‍നിന്നാണ് കൊണ്ടുവരുന്നത്. സമീപപ്രദേശങ്ങളില്‍നിന്നും വിത്തുകള്‍ ശേഖരിക്കും. അവധിക്ക് പോകുന്നവര്‍ നാട്ടില്‍നിന്ന് തിരിച്ചുവരുന്നത് കിട്ടാവുന്നത്ര വിത്തുകളുമായാണ്. ‘മുമ്പൊക്കെ ആരെങ്കിലും നാട്ടില്‍നിന്ന് വരുമ്പോള്‍ നാടന്‍ ഭക്ഷണമൊക്കെ പ്രതീക്ഷിച്ചാണ് അവരെ കാണാന്‍ പോയിരുന്നത്. ഇപ്പോള്‍ ഓരോരുത്തരും കൊണ്ടുവന്ന വിത്തുകള്‍ വാങ്ങാനാണ് പോവുക’- ഇസ്മായില്‍ പറഞ്ഞു.
കുട്ടികളുടെ പങ്കാളിത്തമാണ് എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത. പൊതുവേ ഗള്‍ഫ് നാടുകളില്‍ വളരുന്ന കുട്ടികള്‍ക്ക് അപരിചിതമായ മേഖലയാണ് കൃഷി. ഇവിടെ കൃഷിയുടെ ഓരോ ഘട്ടത്തിലും കുട്ടികളും മുതിര്‍ന്നവര്‍ക്കൊപ്പമുണ്ട്.
വീട്ടുവളപ്പിലുണ്ടാക്കിയ പച്ചക്കറികള്‍ ഭക്ഷിക്കുന്നത് ആസ്വദിക്കുന്നുണ്ടെന്ന് കൂട്ടായ്മയിലെ സജീവ അംഗമായ കൃഷ്ണദാസിന്‍െറ മകള്‍ മാളവിക പറഞ്ഞു. വിളവെടുത്തശേഷം പച്ചക്കറികള്‍ ഓരോ വീട്ടുകാരും പരസ്പരം കൈമാറും. അതിഥികള്‍ക്ക് സമ്മാനിക്കുകയും ചെയ്യും. നാട്ടില്‍ അപൂര്‍വമായി കൊണ്ടിരിക്കുന്ന രാമതുളസി, കൃഷ്ണതുളസി, പനിക്കൂര്‍ക്ക, രാമച്ചം, അമൃത് എന്നിവയും ഈ ബുറൈമി കൂട്ടായ്മ പരീക്ഷിക്കുന്നുണ്ട്.
ബിജു, ജൂലി, ബാനു, ഷിബു, നിഷ, ജലീല്‍, ശ്രീജേഷ്, സുബൈദ, ഷിംസ്, റോസ്, ശീജേഷ്, രാജന്‍, കവിത, ഷൈജു, ക്രിസ്റ്റീന അല്‍വിസ്, സുന്ദര്‍ബാബു എന്നിവരാണ് കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്ന മറ്റുള്ളവര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
