മസ്കത്ത് ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച
text_fieldsമസ്കത്ത്: മസ്കത്ത് ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച. ഓഹരി വിപണി സൂചിക 3.21 ശതമാനം ഇടിഞ്ഞ് ഏഴു വര്‍ഷത്തിനുള്ളിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് ഞായറാഴ്ച കൂപ്പുകുത്തി. നിക്ഷേപകര്‍ക്ക് മൊത്തം 250 ദശലക്ഷം റിയാലിന്‍െറ നഷ്ടമാണ് ഒറ്റ ദിവസം കൊണ്ടുണ്ടായത്. ഞായറാഴ്ച മസ്കത്ത് സെക്യുരിറ്റി മാര്‍ക്കറ്റ് ഇന്‍ഡക്സ് 30 ആയി താഴ്ന്നിരുന്നു. ഒറ്റ ദിവസം കൊണ്ട് 164.08പോയന്റാണ് ഇടിഞ്ഞത്. 3.21 ശതമാനം ഇടിഞ്ഞ് 5,000 പോയന്റ് എന്ന നിലവാരവും പിന്നിട്ട് മൊത്തം സൂചിക 4,948.44 പോയന്റിലാണ് ക്ളോസ് ചെയ്തത്. എണ്ണവില 12 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലത്തെിയതാണ് വിപണി തകരാന്‍ പ്രധാന കാരണം.
സൗദി അറേബ്യയുടെ ഓഹരി വിപണിയും തകര്‍ച്ച നേരിടുകയാണ്. സൂചിക ഏഴു ശതമാനമാണ് താഴ്ന്നത്. ഖത്തര്‍, ദുബൈ, അബൂദബി വിപണികളും വന്‍ തകര്‍ച്ച നേരിടുകയാണ്. എണ്ണവിലയില്‍ വന്‍ ഇടിവുണ്ടായതിനെ തുടര്‍ന്ന് ആശങ്കയിലായ ഓഹരി ഉടമകള്‍ ഓഹരികള്‍ വിറ്റഴിക്കാന്‍ തുടങ്ങിയതാണ് ഗള്‍ഫിലെ മൊത്തം വിപണിയെയും ബാധിച്ചതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കൂടുതല്‍ പേര് നിക്ഷേപരംഗത്തുനിന്ന് പിന്മാറുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്. 2009ന് ശേഷം ആദ്യമായാണ് ഇത്രയും വലിയ ഇടിവുണ്ടായതെന്നും വിവിധ ഓഹരി ഏജന്‍സികള്‍ പറയുന്നു.
എണ്ണ വില ഇടിയുന്നത് നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നതായി ഏജന്‍സികള്‍ അഭിപ്രായപ്പെട്ടു. മികച്ച പ്രകടനം നടത്തുന്ന ബ്ളൂചിപ്പ് ഓഹരികള്‍ വരെ 2009 ഏപ്രിലിലെ നിലയിലാണ് വ്യാപാരം നടത്തുന്നതെന്ന് ഓഹരി വിപണിയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക മാന്ദ്യം ഭയന്ന് ഓഹരി ഉടമകള്‍ ഷെയറുകള്‍ വിറ്റൊഴിവാക്കുകയാണ്. മസ്കത്ത് ഓഹരി വിപണിയില്‍ വിദേശനിക്ഷേപകരാണ് തങ്ങളുടെ ഓഹരികള്‍ കൂട്ടത്തോടെ വിറ്റഴിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
