കഥപറഞ്ഞ കോട്ടയില്‍ ഇനി കലയുടെ കാറ്റുവീശും
text_fieldsമസ്കത്ത്: നൂറ്റാണ്ടുകളുടെ കഥകളുറങ്ങുന്ന പുരാതന കോട്ടയില്‍ ഇനി കലയുടെ പകലിരവുകള്‍ക്ക് അരങ്ങൊരുങ്ങും. തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ സൂര്‍ വിലായത്തിലെ സിനൈസല കോട്ട അത്തരമൊരു വേഷപ്പകര്‍ച്ചക്ക് ഒരുങ്ങുകയാണ്. ചരിത്രവും സംസ്കാരവും ഇഴചേര്‍ന്നുകിടക്കുന്ന കോട്ടക്ക് പുതുമുഖം നല്‍കുന്നത് സാംസ്കാരിക-പൈതൃക മന്ത്രാലയവും ടൂറിസം മന്ത്രാലയവും ചേര്‍ന്നാണ്. കോട്ടയിലെ ഓപണ്‍ തിയറ്റര്‍ 1,200 പേര്‍ക്ക് ഇരിക്കാവുന്ന നിലയിലേക്ക് വികസിപ്പിക്കുകയാണ് പ്രധാന പദ്ധതിയെന്ന് തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ടൂറിസം ഡയറക്ടര്‍ സഊദ് ബിന്‍ ഹമദ് അല്‍ അലവി വ്യക്തമാക്കി. കോട്ടക്ക് ചുറ്റുമുള്ള നടപ്പാത നവീകരിച്ച് വീല്‍ചെയറുകള്‍ക്കായി പ്രത്യേക സംവിധാനമൊരുക്കും. പ്രത്യേക പരിചരണം ആവശ്യമായവര്‍ അടക്കമുള്ള വിനോദസഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും കൂടുതല്‍ സൗകര്യങ്ങളൊരുക്കാനും പദ്ധതിയായി. ആധുനിക സംവിധാനങ്ങളോടെ വിവിധോദ്ദേശ്യ ഹാള്‍ നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയിലേക്കുള്ള റോഡ് നവീകരിക്കും. കൂടുതല്‍ പാര്‍ക്കിങ് സൗകര്യങ്ങളും ഏര്‍പ്പെടുത്തും. കോട്ടയുടെ മുകളില്‍നിന്ന് സൂര്‍ നഗരം കാണാനുള്ള പ്ളാറ്റ്ഫോം നിര്‍മിക്കുന്നതും നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒമാന്‍ എല്‍.എന്‍.ജിയുടെ സഹകരണവും പദ്ധതിക്കുണ്ട്. 1648ല്‍ ഇമാം നാസര്‍ ബിന്‍ മുര്‍ശിദ് അല്‍ യാറബ്ബിയുടെ കാലത്താണ് കോട്ട നിര്‍മിച്ചത്. സിനൈസല ഗ്രാമത്തിലേക്ക് മിഴിതുറക്കുന്ന കോട്ടക്ക് ഗ്രാമത്തിന്‍െറ പേരുതന്നെ നല്‍കുകയായിരുന്നു. 1989ലാണ് സാംസ്കാരിക-പൈതൃക മന്ത്രാലയം കോട്ടയുടെ സംരക്ഷണം ഏറ്റെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.