ഊര്‍ജ സബ്സിഡിയില്‍ പുനരവലോകനം ആവശ്യം –ലോകബാങ്ക് പഠനം
text_fieldsമസ്കത്ത്: രാജ്യത്തെ ഊര്‍ജ- ഇന്ധന സബ്സിഡിയില്‍ പുനരവലോകനം അനിവാര്യമാണെന്ന് ലോക ബാങ്ക് പഠനം. ജനങ്ങളുടെ ക്ഷേമമെന്നത് സബ്സിഡിയാണെന്ന് ചിലര്‍ ധരിച്ചിരിക്കുകയാണെന്നും ലോകബാങ്ക് വിദഗ്ധ പറയുന്നു. ഊര്‍ജ- ഇന്ധന മേഖലകളില്‍ വന്‍തോതില്‍ സബ്സിഡി നല്‍കുന്നത് സാമൂഹിക- സാമ്പത്തിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.
ദീര്‍ഘകാലയളവില്‍ സബ്സിഡി നല്‍കുന്നത് സാമ്പത്തിക അസമത്വവും പ്രയാസങ്ങളും സൃഷ്ടിക്കപ്പെടുന്നതിന് കാരണമാകുമെന്ന് ധനമന്ത്രാലയത്തിലെ ലോക ബാങ്ക് വിദഗ്ധ ലുബ്ന അബ്ദുല്ലത്തീഫ് പറഞ്ഞു. പൊതു ചെലവിന്‍െറ കാര്യക്ഷമത ഉയര്‍ത്തുന്നതും സാമ്പത്തിക നഷ്ടത്തിന് സാധ്യത കുറവുള്ളതും സുസ്ഥിര സമ്പദ്ഘടന ഉറപ്പുവരുത്തുന്നതുമായ ബജറ്റിനുള്ള ഒരുക്കങ്ങള്‍ ധനമന്ത്രാലയം ലോക ബാങ്കുമായി ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഒമാന്‍ സമൂഹത്തിന്‍െറ ക്ഷേമത്തിനും സമ്പദ്വ്യവസ്ഥയുടെ വൈവിധ്യവത്കരണത്തിനും സ്വകാര്യമേഖലയെ വളര്‍ത്തിയെടുക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഉതകുന്ന നയങ്ങള്‍ക്ക് വലിയ തോതില്‍ പ്രാധാന്യം നല്‍കി പൊതുചെലവ് പദ്ധതികള്‍ പുനരവലോകനം ചെയ്യുകയാണ് ലക്ഷ്യം. ഊര്‍ജ സബ്സിഡി പുനരവലോകനം ചെയ്യാനും ഇന്ധന സബ്സിഡി എടുത്തുകളയലിനും പ്രധാന്യം നല്‍കുന്നുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, സമ്പദ്വ്യവസ്ഥ വൈവിധ്യവത്കരണം എന്നിവക്ക് സബ്സിഡി നല്‍കുന്നതാണ് സാമൂഹിക ക്ഷേമത്തിന് കൂടുതല്‍ ഉതകുന്നതെന്ന് അനുഭവങ്ങള്‍ പഠിപ്പിക്കുന്നതായും ലുബ്ന അബ്ദുല്‍ ലത്തീഫ് പറഞ്ഞു. സബ്സിഡി അനിയന്ത്രിതവും അനാവശ്യവുമായ ഉപയോഗത്തിന് കാരണമാകുകയും ചെയ്യും. 2012- 2014 കാലയളവുകളില്‍ ലോക ബാങ്ക് നടത്തിയ പഠനങ്ങള്‍ ഊര്‍ജ സബ്സിഡി പുനര്‍നിര്‍ണയിക്കേണ്ടതിന്‍െറ ആവശ്യകത ചൂണ്ടിക്കാട്ടുന്നതാണ്.
ഇത്തരം സബ്സിഡി നല്‍കുന്നത് ഒഴിവാക്കുന്നത് സമൂഹത്തിന് മൊത്തത്തില്‍ ഗുണം ചെയ്യും. ഊര്‍ജമേഖലയില്‍ ജി.സി.സി രാജ്യങ്ങള്‍ സബ്സിഡി ഇനത്തില്‍ ചെലവഴിക്കുന്നത് 91.25 ബില്യന്‍ റിയാലാണ്. ഊര്‍ജമേഖലയില്‍ ലോകത്തിലെ മൊത്തം സബ്സിഡിയുടെ 48 ശതമാനം വരുമിത്. മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്‍െറ 8.6 ശതമാനവും വരുമാനത്തിന്‍െറ 22 ശതമാനവും സബ്സിഡിക്കായി ചെലവിടുന്നതായി അവര്‍ പറഞ്ഞു. സബ്സിഡിക്കായി വന്‍തോതില്‍ തുക ചെലവഴിക്കുന്നത് ജി.സി.സി രാജ്യങ്ങളുടെ സാമ്പത്തിക അവസ്ഥ സുഖകരമല്ലാതാക്കും.
സുസ്ഥിര സാമ്പത്തിക വളര്‍ച്ചയെ ബാധിക്കും. വിപണി വിലയെയും വിഭവങ്ങളുടെ ശരിയായ വിനിയോഗത്തെയും ബാധിക്കും. ഇന്ധന കള്ളക്കടത്ത് ശക്തിപ്പെടുകയും സബ്സിഡിയുള്ള ഉല്‍പന്നങ്ങളുടെ ക്ഷാമത്തിന് കാരണമാകുകയും ചെയ്യും. സബ്സിഡിയുള്ള ഉല്‍പന്നങ്ങളുടെ അമിതവും അനാവശ്യവുമായ ഉപയോഗം നടക്കുമെന്നത് ലോകതലത്തില്‍ തെളിയിക്കപ്പെട്ടതാണ്. ഊര്‍ജ സബ്സിഡി ഒഴിവാക്കലും വരുമാനവും തൊഴിലവസരം കൂടുന്നതും തമ്മില്‍ ബന്ധപ്പെട്ടുകിടക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നതായി ലുബ്ന അബ്ദുല്ലത്തീഫ് പറഞ്ഞു. ലോകബാങ്ക് 2014ല്‍ ഈജിപ്തില്‍ നടത്തിയ പഠനത്തില്‍ ഊര്‍ജ സബ്സിഡിയില്‍ 25 ശതമാനം കുറവുവരുത്തിയപ്പോള്‍ തൊഴിലവസരങ്ങളും വരുമാനവും ഒരു ശതമാനം വര്‍ധിക്കുകയാണുണ്ടായത്. നിരവധി രാജ്യങ്ങളിലെ അനുഭവങ്ങള്‍ സമൂഹത്തിന് ഗുണകരമായല്ല സബ്സിഡിയുടെ വിനിയോഗം നടക്കുന്നതെന്ന് തെളിയിച്ചതാണ്.
സമ്പന്നരും കൂടുതല്‍ ഉപയോഗമുള്ളവരുമാണ് സബ്സിഡിയുടെ പ്രധാന ഗുണഭോക്താക്കള്‍. കുറഞ്ഞ വരുമാനക്കാരെക്കാളും സമ്പന്നരാണ് സബ്സിഡി പ്രയോജനപ്പെടുത്തുന്നതെന്നും അനുഭവങ്ങള്‍ തെളിയിച്ചതാണ്. അസംസ്കൃത എണ്ണ വില കുറഞ്ഞുനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ ഒമാനില്‍ ഇന്ധന- ഊര്‍ജ സബ്സിഡി ഇല്ലാതാക്കുന്നത് കാര്യമായ പ്രതിഫലനങ്ങളുണ്ടാക്കില്ല.
ഈ അനുയോജ്യ സാഹചര്യം ഉപയോഗപ്പെടുത്തി സബ്സിഡി ഒഴിവാക്കിയാല്‍ കാര്യമായി പണപ്പെരുപ്പം ഉണ്ടാകുകയോ കുടുംബങ്ങളെയോ വ്യാപാരത്തെയോ ബാധിക്കുകയോയില്ളെന്നും ലുബ്ന അബ്ദുല്ലത്തീഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.