ഇന്ത്യന്‍ സ്കൂള്‍ പ്രവേശ നടപടികള്‍ തുടങ്ങുന്നു; ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പത്ത് മുതല്‍
text_fieldsമസ്കത്ത്: മസ്കത്തിലെ ഇന്ത്യന്‍ സ്കൂളുകളിലെ പ്രവേശത്തിനുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് പുറത്തുവിട്ടു. 2016-17 വിദ്യാഭ്യാസ വര്‍ഷത്തിലേക്ക് കേന്ദ്രീകൃത പ്രവേശ സമ്പ്രദായമാണ് നടപ്പാക്കുക. ഓണ്‍ലൈനിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജനുവരി പത്തുമുതല്‍ ആരംഭിക്കും. കെ.ജി ഒന്നുമുതല്‍ ഒമ്പതാം ക്ളാസ് വരെയാണ് പ്രവേശം നല്‍കുന്നത്. ഇന്ത്യന്‍ സ്കൂളുകളില്‍ മൊത്തം 45,000 സീറ്റുകളാണുള്ളത്. ഇതില്‍ അധികവും മസ്കത്തിലെ ആറ് സ്കൂളുകളിലാണുള്ളത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈവര്‍ഷം പ്രവേശമാഗ്രഹിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്നും രക്ഷകര്‍ത്താക്കളുടെ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് പരമാവധിശ്രമം നടത്തുമെന്നും ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു.
മസ്കത്ത് ഇന്ത്യന്‍ സ്കൂള്‍, ദാര്‍സൈത്ത്, വാദീ കബീര്‍, അല്‍ ഗൂബ്ര, സീബ്, മൊബേല സ്കൂളുകളിലേക്കുള്ള പ്രവേശ നടപടിക്രമങ്ങളാണ് ആരംഭിക്കുന്നത്. പ്രവേശത്തിന് രക്ഷിതാക്കള്‍ക്കും സ്കൂളുകള്‍ക്കും അനുയോജ്യമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ജനുവരി പത്ത് മുതല്‍ പ്രവേശ വിന്‍ഡോ ആയ www.indianschoolsoman.com വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷന്‍ നടത്തേണ്ടത്. പ്രവേശവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും ഈ വെബ്സൈറ്റില്‍ ലഭ്യമാകും.
പതിവുപോലെ കെ.ജി വണ്‍ മുതല്‍ രണ്ടാം ക്ളാസ് വരെയായിരിക്കും കൂടുതല്‍ തിരക്ക് അനുഭവപ്പെടുക. ഓരോ രക്ഷകര്‍ത്താക്കള്‍ക്കും അവര്‍ക്കിഷ്ടപ്പെട്ട സ്കൂളില്‍ സീറ്റ് ലഭിക്കുമെന്ന് ഉറപ്പുപറയാനാകില്ല. കെ.ജി തലത്തിലെ പ്രവേശത്തിന് പ്രയാസം കുറക്കുന്നതിനായി ഈ വര്‍ഷം മസ്കത്ത് ഇന്ത്യന്‍ സ്കൂളിന്‍െറ ഭാഗമായി അല്‍ ഗൂബ്രയില്‍ പുതിയ സ്കൂള്‍ ആരംഭിക്കും. ഐ.എസ്.എം അല്‍ ഗൂബ്ര എന്നായിരിക്കും ഈ സ്കൂള്‍ അറിയപ്പെടുക. ഇവിടെ കെ.ജി ക്ളാസുകളില്‍മാത്രമാണ് ഈവര്‍ഷം പ്രവേശമുണ്ടായിരിക്കുക. 300 കുട്ടികള്‍ക്ക് പ്രവേശംനല്‍കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. ഈ സ്കൂളില്‍ പ്രവേശം നേടുന്നവര്‍ക്ക് ഒന്നാം ക്ളാസ് മുതല്‍ തലസ്ഥാന നഗരിയിലെ മറ്റു സ്കൂളുകളില്‍ പ്രവേശ സൗകര്യമൊരുക്കും. പ്രവേശത്തിന് അപേക്ഷിച്ചവരില്‍നിന്നുള്ള ആദ്യഘട്ട നറുക്കെടുപ്പ് മാര്‍ച്ച് രണ്ടാംവാരം നടക്കും. ആദ്യ നറുക്കെടുപ്പില്‍ അര്‍ഹതനേടിയവരുടെ പട്ടിക പുറത്തിറക്കുകയും നടപടികള്‍ തുടങ്ങുകയും ചെയ്യും. വെയ്റ്റിങ് ലിസ്റ്റിലുള്‍പ്പെട്ട അപേക്ഷകര്‍ക്കുള്ള രണ്ടാംഘട്ട നറുക്കെടുപ്പ് ഏപ്രില്‍ ആദ്യവാരമാണ് നടക്കുക. കൂടുതല്‍ കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കാന്‍ മസ്കത്ത്, ദാര്‍സൈത്ത് സ്കൂളുകളിലെ തിരക്ക് കുറക്കാനാണ് പുതിയ പദ്ധതി.
മസ്കത്ത് ഇന്ത്യന്‍ സ്കൂളിലെ കുട്ടികളുടെ ആധിക്യം ഗതാഗതമടക്കമുള്ള നിരവധി പ്രശ്നങ്ങളുയര്‍ത്തുന്നുണ്ട്. അതിനാല്‍ മസ്കത്ത് സ്കൂളിലെ കുട്ടികളുടെ എണ്ണം കുറക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് ബോര്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, മുന്‍വര്‍ഷങ്ങളിലെപ്പോലെ അഡ്മിഷന്‍ രംഗത്ത് വന്‍ തള്ളിക്കയറ്റം ഈവര്‍ഷം ഉണ്ടാവാന്‍ സാധ്യതയില്ളെന്നും വിലയിരുത്തപ്പെടുന്നുണ്ട്. എണ്ണ വിലക്കുറവ് കാരണം ഗള്‍ഫ് രാജ്യങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സ്കൂള്‍ മേഖലയെയും ബാധിക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തിക പ്രതിസന്ധി ഏറെ ബാധിക്കുന്നത് സ്വകാര്യമേഖലാ സ്ഥാപനങ്ങളെയാണ്. വിദേശികള്‍ ബഹുഭൂരിപക്ഷവും സ്വകാര്യമേഖലയിലാണ് സേവനം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
