കാര്യമായ വര്‍ധനവുണ്ടാകില്ല –മന്ത്രാലയം അണ്ടര്‍ സെക്രട്ടറി
text_fieldsമസ്കത്ത്: വിലനിയന്ത്രണം എടുത്തുകളയുന്നതില്‍ ആശങ്കപ്പെടാനില്ളെന്നും ഇതുവഴി ഇന്ധനങ്ങള്‍ക്ക് കാര്യമായ വിലവര്‍ധന ഉണ്ടാകില്ളെന്നും എണ്ണ-പ്രകൃതി വാതക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സലിം അല്‍ ഒൗഫിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എല്ലാ ഇന്ധനങ്ങളുടെയും വിലനിയന്ത്രണം എടുത്തുകളയുകയല്ല ലക്ഷ്യം. മറിച്ച് ആഗോളവിലക്ക് അനുസരിച്ച് ക്രമപ്പെടുത്തുകയാണ് ഉദ്ദേശ്യം. നിലവില്‍ പെട്രോളിന് ലിറ്ററിന് 120 ബൈസയാണ് വില. ഇതില്‍ 40 ബൈസയുടെ വര്‍ധന മാത്രമാണ് ഉണ്ടാവുക.
ഡീസല്‍ വിലയില്‍ നിയന്ത്രിത വര്‍ധന മാത്രമേ ഉണ്ടാവുകയുള്ളൂ. അതുകൊണ്ട് തന്നെ ഇന്ധനവില കൂടുന്നതുവഴി സാധനവില വര്‍ധിക്കില്ല. ഡീസല്‍വില കുത്തനെ കൂട്ടുന്ന പക്ഷം ചരക്കുകൂലി വര്‍ധിക്കും. ഇത് നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനക്ക് കാരണമാകുമെന്നും അല്‍ ഒൗഫി പറഞ്ഞു. ജനുവരി പകുതി മുതല്‍ ഡീസല്‍ വില വര്‍ധിക്കുമ്പോള്‍ ചരക്കുകൂലിയില്‍ അഞ്ചുമുതല്‍ ഏഴു ശതമാനം വരെ അധിക ബാധ്യതയേ വ്യാപാരികള്‍ക്ക് ഉണ്ടാകൂ.
സാധനവിലയില്‍ ചെറിയ ആഘാതത്തിന് മാത്രമേ ഡീസല്‍വില വര്‍ധന വഴിവെക്കുകയുള്ളൂവെന്നും അല്‍ ഒൗഫി പറഞ്ഞു. തീരുമാനത്തിന് മുന്നോടിയായി വ്യക്തിഗത ഇന്ധന ഉപയോഗം സംബന്ധിച്ച് എണ്ണ മന്ത്രാലയം പഠനം നടത്തിയിരുന്നു. മാസത്തില്‍ 20 റിയാല്‍ മാത്രമാണ് ഓരോരുത്തരും ഇന്ധനത്തിനായി ചെലവഴിക്കുന്നതെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഇന്ധനവിലയുടെ പുനര്‍നിര്‍ണയത്തിലൂടെ 5.5 റിയാലിന്‍െറ അധികബാധ്യത മാത്രമാണ് ഉണ്ടാവുക. പ്രാദേശിക വിപണിയിലെ ഇന്ധനവില നിരീക്ഷിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചതായും അല്‍ ഒൗഫി അറിയിച്ചു. അടുത്തമാസം പകുതിയോടെ ഇന്ധന വില നിയന്ത്രണം നീക്കി വില ആഗോള വിപണിക്ക് അനുസൃതമായി ക്രമപ്പെടുത്താനുള്ള തീരുമാനത്തിന് മന്ത്രിസഭാ കൗണ്‍സില്‍ യോഗം അനുമതി നല്‍കിയെന്ന വാര്‍ത്തക്ക് പിന്നാലെയാണ് അണ്ടര്‍ സെക്രട്ടറിയുടെ പ്രതികരണം.
വില റെക്കോഡ് ഇടിവിലേക്ക് വീണതിനെ തുടര്‍ന്നുള്ള പ്രതിസന്ധിയെ സര്‍ക്കാര്‍ ചെലവുകള്‍ ചുരുക്കിയും എണ്ണയിതര വരുമാനം വര്‍ധിപ്പിച്ചും അതിജീവിക്കാനാണ് സര്‍ക്കാര്‍ പദ്ധതി തയാറാക്കിയിരിക്കുന്നത്. എണ്ണയിതര വരുമാന വര്‍ധനക്ക് വിവിധ സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് വര്‍ധിപ്പിക്കാനും കമ്പനികളുടെ വരുമാന നികുതി 12ല്‍ നിന്ന് 15 ശതമാനമാക്കി ഉയര്‍ത്താനും തീരുമാനിച്ചു.
എല്ലാ കമ്പനികളെയും നികുതി പരിധിയില്‍ കൊണ്ടുവരുന്നതിനുള്ള തീരുമാനത്തിനും അംഗീകാരം ലഭിച്ചതായി സൂചനയുണ്ട്. നേരത്തേ 30,000 റിയാല്‍ വരെ വരുമാനമുള്ള കമ്പനികള്‍ കോര്‍പറേറ്റ് ടാക്സ് നല്‍കേണ്ടിയിരുന്നില്ല. പെട്രോളിയം ഉല്‍പന്നങ്ങളുടെ സബ്സിഡി ഓരോ വര്‍ഷവും ഉയരുന്ന അവസ്ഥയാണ് നിലവിലുള്ളത്. എണ്ണവിലയിടിവിനെ തുടര്‍ന്ന് ഈ വര്‍ഷത്തെ ആദ്യ 10 മാസം 3.26 ശതകോടി റിയാലാണ് ബജറ്റ്കമ്മി രേഖപ്പെടുത്തിയത്. 2014ല്‍ 189.6 ദശലക്ഷം റിയാല്‍ മിച്ചവരുമാനം ലഭിച്ച സ്ഥാനത്താണിത്.
അടുത്തയാഴ്ചയാണ് പുതിയ വര്‍ഷത്തേക്കുള്ള ബജറ്റ് പ്രഖ്യാപിക്കുന്നത്. അതേസമയം, ശൂറാ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാതെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്ന് വാര്‍ത്തകളുണ്ട്.
വാര്‍ത്തയുടെ വിശദാംശങ്ങള്‍ ലഭ്യമാകേണ്ടതുണ്ടെന്നും ശൂറാ കൗണ്‍സിലില്‍ ഇതുസംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ളെന്നും ബോഷറില്‍നിന്നുള്ള ശൂറാ അംഗം മുഹമ്മദ് അല്‍ ബുസൈദിയെ ഉദ്ധരിച്ച് ഗള്‍ഫ്ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
