എണ്ണ വിലയിടിവ് : ആഘാതം പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും വ്യാപിക്കുന്നു
text_fieldsമസ്കത്ത്: പെട്രോളിയത്തിന്‍െറയും പെട്രോളിയം ഉല്‍പന്നങ്ങളുടെയും വിലയിടിവ് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന വിദേശികളെയും സ്വദേശികളെയും ബാധിച്ചുതുടങ്ങി. 50 ശതമാനത്തിലധികം സര്‍ക്കാര്‍ നിക്ഷേപമുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെ നിരവധി ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. ഇതുസംബന്ധമായി ധനകാര്യ മന്ത്രി ദാര്‍വിഷ് ബിന്‍ ഇസ്മാഈല്‍ ബിന്‍ അലി അല്‍ ബലൂഷി ഒപ്പിട്ട സര്‍ക്കുലര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങി. എണ്ണ വിലയിടിവ് കാരണം രാജ്യം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനാണ് ഈ തീരുമാനമെന്ന് മന്ത്രി സര്‍ക്കുലറില്‍ പറയുന്നു. ജീവനക്കാര്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ് അലവന്‍സ്, ജീവനക്കാര്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള കാര്‍ ഇന്‍ഷുറന്‍സ് അലവന്‍സ്, വായ്പകള്‍, ബോണസ്, റമദാന്‍, ഈദ് വേളകളില്‍ ലഭിക്കുന്ന ഇന്‍സെന്‍റിവുകള്‍ തുടങ്ങിയവ നിര്‍ത്തലാക്കും. ജീവനക്കാരുടെ മക്കളുടെ സ്കൂള്‍ ഫീസുകള്‍, മൊബൈല്‍, ഫോണ്‍ ബില്ലുകള്‍, ജീവനക്കാരുടെയും കുടുംബങ്ങളുടെയും വാര്‍ഷിക മെഡിക്കല്‍ പരിശോധനകള്‍, സീനിയര്‍ മാനേജര്‍മാര്‍ക്ക് നല്‍കുന്ന സ്വകാര്യ വാഹനങ്ങള്‍, ജീവനക്കാര്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള വാര്‍ഷിക ടിക്കറ്റുകള്‍, വീട്ടുവേലക്കാരികളുടെ അലവന്‍സ്, വീട്ടുവാടക, ഫര്‍ണിച്ചര്‍ അലവന്‍സ്, കമ്പനിയുടെ സി.ഇ.ഒ മാര്‍ക്കുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നീ ആനുകൂല്യങ്ങളും താല്‍ക്കാലികമായി പിന്‍വലിക്കും. എണ്ണവിലയിടിവ് ഒമാന്‍െറ സാമ്പത്തികമേഖലയെ ഏറെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതുകാരണം കഴിഞ്ഞവര്‍ഷം ഒമാന് 14 ശതകോടി ഡോളറിന്‍െറ നഷ്ടമുണ്ടായി. 15 ശതമാനമാണ് കഴിഞ്ഞവര്‍ഷത്തെ ബജറ്റിലെ സാമ്പത്തിക കമ്മി. ഈ വര്‍ഷം ഇത് 17 ശതമാനമായി ഉയരാനാണ് സാധ്യത. ഈ വര്‍ഷം 3.5 ശതകോടി റിയാലിന്‍െറ ബജറ്റ് കമ്മിയാണ് പ്രതീക്ഷിക്കുന്നത്.
സാമ്പത്തിക അച്ചടക്കം കര്‍ശനമായി പാലിച്ചാല്‍ മാത്രമേ നിലവിലെ സാമ്പത്തിക കമ്മി പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്ന് സര്‍ക്കുലര്‍ പറയുന്നു. സ്വകാര്യ കമ്പനികളിലും ശക്തമായ സാമ്പത്തിക അച്ചടക്കം നടപ്പാക്കുന്നുണ്ട്. വിവിധ കമ്പനികളില്‍ ജീവനക്കാരുടെ നിരവധി ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചുകഴിഞ്ഞു. പെട്രോളിയം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലും അല്ലാത്തവയിലും ഇവ നടപ്പാക്കുന്നുണ്ട്. ജീവനക്കാരെ പിരിച്ചുവിടല്‍, ശമ്പളം വെട്ടിക്കുറക്കല്‍, ദീര്‍ഘകാല അവധി നല്‍കല്‍ തുടങ്ങിയവയും കമ്പനികള്‍ നടപ്പാക്കുന്നുണ്ട്. പെട്രോളിയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനികളിലാണ് ഇവ കാര്യമായി നടപ്പാകുന്നത്. അല്ലാത്ത കമ്പനികളിലും വിദേശികളടക്കം പലര്‍ക്കും പിരിച്ചു വിടല്‍ നോട്ടീസ് ലഭിക്കുന്നുണ്ട്. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറച്ചാലും ഉള്ള ആനുകൂല്യവുമായി ഒമാനില്‍ തുടരുകയെന്ന നിലപാടാണ് ദീര്‍ഘകാല സേവനപാരമ്പര്യമുള്ള പലര്‍ക്കുമുള്ളത്. നാട്ടില്‍ പോയിട്ട് എന്തു ചെയ്യാനാണ് എന്നവര്‍ ചോദിക്കുന്നു. എന്നാല്‍, കുടുംബങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ എടുത്തുകളയുന്നതോടെ കുടുംബത്തെ നാട്ടിലാക്കി ഒമാനില്‍ തങ്ങുകയെന്ന നിലപാടും ചിലര്‍ക്കുണ്ട്. എന്നാല്‍, പ്രത്യേക സാങ്കേതിക പരിശീലനം നേടിയ പുതുതലമുറക്കാര്‍ ആനുകൂല്യവും ശമ്പളവും കുറയുന്നതോടെ പുതിയ പരീക്ഷണങ്ങള്‍ തേടിപ്പോവുമെന്നുറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
