Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോംഗോ പനി:...

കോംഗോ പനി: ബുറൈമിയില്‍ ഒരാള്‍ മരിച്ചു

text_fields
bookmark_border
കോംഗോ പനി: ബുറൈമിയില്‍ ഒരാള്‍ മരിച്ചു
cancel

മസ്കത്ത്: കോംഗോ പനി (ക്രീമിയന്‍ കോംഗോ ഹെമറോജിക് ഫീവര്‍)ബാധിച്ച് ഒമാനില്‍ ഒരു മരണം. ബുറൈമിയില്‍ കന്നുകാലി വളര്‍ത്തുകേന്ദ്രത്തിലെ ജീവനക്കാരനായ സ്വദേശിയാണ് മരിച്ചത്. കന്നുകാലി വളര്‍ത്തുകേന്ദ്രം ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ അടച്ചിടാന്‍ നിര്‍ദേശിച്ചതായി കാര്‍ഷിക, കന്നുകാലി വളര്‍ത്തല്‍ ഡയറക്ടറേറ്റ് വിഭാഗം മേധാവി അലി ബിന്‍ അവാദ് അല്‍ യാഖൂബി അറിയിച്ചു. രോഗം പടരാതിരിക്കാന്‍ പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഫാം രോഗാണുമുക്തമാണോ അല്ലയോ എന്നത് പരിശോധിക്കുന്നതിനായി ഇവിടെ നിന്നുള്ള സാധനങ്ങള്‍ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഫ്രിക്കക്കുപുറമെ ബാള്‍ക്കന്‍, ഏഷ്യ, മിഡിലീസ്റ്റ് എന്നിവിടങ്ങളിലാണ് കോംഗോ പനി വ്യാപകം.  ഒമാനിലെ ഈ വര്‍ഷത്തെ ആദ്യ കോംഗോപനി ബാധയാണിത്. കഴിഞ്ഞവര്‍ഷം ഒന്നിലധികം രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നില്ല. 2014ല്‍ എട്ടോളം പേരില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും രണ്ടു മരണം ഉണ്ടാവുകയും ചെയ്തു. 2013ല്‍ 10 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ആറുപേരാണ് മരിച്ചത്. പാകിസ്താനിലാണ് ഏറ്റവുമധികം കോംഗോ പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇവിടെ 2012ല്‍ 62 പേര്‍ക്കും 2014ല്‍ 154 പേര്‍ക്കും പനി ബാധയുണ്ടായി. ഇതില്‍ 20 മുതല്‍ 30 ശതമാനം പേര്‍ വരെ മരിച്ചു. രോഗത്തെ പ്രതിരോധിക്കാന്‍ സമ്പൂര്‍ണ പ്രതിരോധ നടപടികള്‍ നടപ്പാക്കേണ്ടതുണ്ടെന്ന് കഴിഞ്ഞ ഡിസംബറില്‍ ഒമാനില്‍ നടന്ന ലോകാരോഗ്യ സംഘടനയുടെ യോഗം അഭിപ്രായപ്പെട്ടിരുന്നു. 
വളര്‍ത്തുമൃഗങ്ങളുടെ ശരീരത്തിലെ  ചെള്ളുകളിലൂടെയാണ് രോഗം മനുഷ്യരിലേക്ക് പടരുന്നത്. വന്യമൃഗങ്ങളും രോഗവാഹികളാണ്. ചെള്ള് കടിക്ക് പുറമെ രോഗബാധിതമായ മൃഗത്തിന്‍െറ രക്തം, ശരീര സ്രവങ്ങള്‍, അവയവങ്ങള്‍ എന്നിവ സ്പര്‍ശിക്കുന്നതിലൂടെയും രോഗം മനുഷ്യരിലേക്ക് പടരാം. പനി, പേശീവേദന, ഓക്കാനം, ഛര്‍ദി, അടിവയര്‍ വേദന, വയറിളക്കം, രക്തസ്രാവം എന്നിവയാണ് കോംഗോപനിയുടെ ലക്ഷണങ്ങള്‍. രോഗം പടര്‍ന്ന് നാലുമുതല്‍ ഏഴു ദിവസത്തിനുള്ളില്‍ സാധാരണ ലക്ഷണങ്ങള്‍ കണ്ടുവരാറുണ്ട്. ഉടന്‍ ചികിത്സ തേടുന്നതിലൂടെ മാത്രമേ മരണ സാധ്യത കുറക്കാന്‍ കഴിയൂ. കന്നുകാലികളുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നവര്‍ ഗൗണുകള്‍, കൈയുറകള്‍, നീളമുള്ള ഷൂസ്, കണ്ണടകള്‍ എന്നിവ ധരിക്കുന്നത് രോഗബാധയുണ്ടാകാതിരിക്കാന്‍ സഹായിക്കും. ഫാമുകളില്‍നിന്നും മറ്റും മൃഗങ്ങളെ വാങ്ങുന്നവര്‍ ചെള്ളുകളുടെ സാന്നിധ്യമില്ലാത്തവ നോക്കി വാങ്ങുകയും വേണം. 
 

Show Full Article
TAGS:omancrimean congo fever
Next Story