വിസ്മയമായി ആദമിലെ ഉപ്പുമലയും സള്‍ഫര്‍ മലയും
text_fieldsമസ്കത്ത്: ദാഖിലിയ്യ ഗവര്‍ണറേറ്റിലെ ആദമിലെ പര്‍വതനിരകളിലെ ഉപ്പുമലയും സള്‍ഫര്‍ മലയും സന്ദര്‍ശകര്‍ക്ക് വിസ്മയമാവുന്നു. വിനോദസഞ്ചാരികള്‍ക്ക് ഏറെ കാഴ്ചകളുള്ള മേഖലയാണ് ആദം. ആദം വിലായത്തിലെ പ്രകൃതിരമണീയതയും പുരാവസ്തു കേന്ദ്രങ്ങളും പുരാതന മസ്ജിദുകളും കോട്ടകളും പുരാതന ടവറുകളും താമസക്കാരായ ബദുക്കളുടെ ജീവിത രീതികളും പാരമ്പര്യങ്ങളും സന്ദര്‍ശകര്‍ക്ക് ഹരമേകുന്ന കാഴ്ചകളാണ്. വാദീ ഹല്‍ഫീന്‍, വാദീ അല്‍ ഗര്‍ബി എന്നീ പ്രകൃതരമണീയമായ മരുപ്പച്ചക്ക് പുറമെ ഹൈന്‍ നാമ എന്ന വെള്ളച്ചാട്ടവും സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
ആദം വിലായത്തിന്‍െറ ഭൂ പ്രത്യേകതകളും ഏറെ വ്യത്യസ്തമാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള ഭൂശാസ്ത്ര ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ പഠനഗവേഷണ സാധ്യതയുള്ളതാണ് ആദമിലെ മലകള്‍. വിലായത്തിന്‍െറ തെക്കു ഭാഗത്തുള്ള ഉപ്പുമലകളാണ് ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഖറത്ത് അല്‍ മില്‍ഹ്, ഖറത്ത് അല്‍ കിബ്രീത്ത് എന്ന പ്രാദേശിക പേരില്‍ അറിയപ്പെടുന്നതാണ് ഉപ്പുമലയും സള്‍ഫര്‍ മലയും. ഇവയില്‍ ഉപ്പ് അംശം ഏറെ കൂടുതലുള്ളത് കൊണ്ടാണ് ഉപ്പുമല എന്നറിയപ്പെടുന്നത്. ഉപ്പുമലയുടെ മുകള്‍പരപ്പില്‍ ഓപണ്‍ ക്ളാസ് എന്ന പേരില്‍ പ്രത്യേക പാളിയുണ്ട്. കടലുപ്പിന്‍െറ സ്വഭാവഗുണങ്ങളോടെയും വരള്‍ച്ചയോടെയുമുള്ളതാണ് ഈ പാളികള്‍. ലോകത്തിന്‍െറ ഏറ്റവും പുരാതനമായ ഉപ്പുമലകളിലൊന്നായാണ് ഈ മല അറിയപ്പെടുന്നത്.
ഈ ഉപ്പുമലക്ക് 540 ദശലക്ഷം വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്. വിലായത്തിലെ ഉപ്പുമലയില്‍നിന്ന് പ്രദേശവാസികള്‍ ഉപ്പുപാറ മുറിച്ചെടുക്കുകയും മാര്‍ക്കറ്റില്‍ വില്‍പന നടത്തുകയും ചെയ്യുന്നുണ്ട്. മില്‍ഹ് അറീഷി എന്ന പേരിലാണ് ഈ ഉപ്പ് അറിയപ്പെടുന്നത്. ആദം നഗരത്തില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് ഉപ്പുമല സ്ഥിതി ചെയ്യുന്നത്. സള്‍ഫര്‍ മല 120 കിലോമീറ്റര്‍ അകലെയും നിലകൊള്ളുന്നു.
പ്രദേശവാസികള്‍ ഏറെ സാഹസപ്പെട്ടാണ് മലയിലത്തെുന്നത്. നീണ്ട ദിവസങ്ങള്‍ മലയില്‍ തങ്ങിയാണ് ഇവര്‍ ഉപ്പുപാറകള്‍ പൊട്ടിച്ചെടുക്കുന്നത്. ഏറെ വര്‍ഷങ്ങളായി ഉപ്പുപാറയിലത്തെി ഉപ്പ് ശേഖരിക്കുന്നവരും വില്‍പന നടത്തുന്നവരും ആദം വിലായത്തിലുണ്ട്. ഒട്ടകകൂട്ടങ്ങളൂടെ സഹായത്തോടെ അഞ്ചും ആറും പേരടങ്ങുന്ന സംഘമായാണ് മലയിലേക്ക് പുറപ്പെടുന്നത്.
ഭക്ഷണവും താമസസൗകര്യങ്ങളും ഒട്ടകപുറത്ത് സജ്ജമാക്കിയാണ് യാത്ര. നാലും അഞ്ചു ദിവസം മലയില്‍ തങ്ങിയാണ് ഇവര്‍ ഉപ്പ് ശേഖരിക്കുന്നത്. കോടാലിയും സ്ഫടികക്കല്ലും ഉപയോഗിച്ചാണ് ഉപ്പുപാറ പൊട്ടിച്ചെടുക്കുന്നത്. രാവിലെ പ്രഭാത പ്രാര്‍ഥനക്കുശേഷം പാറ പൊട്ടിക്കല്‍ പണി തുടരുകയും ഉച്ചവരെ തുടരുകയും ചെയ്യും. ഉച്ച ഭക്ഷണത്തിന് ശേഷം അസ്തമയം വരെ വീണ്ടും തുടര്‍ച്ചയായി ജോലി തുടരും. ദിവസവും ഒരാള്‍ക്ക് നാലോ അഞ്ചോ ബ്ളോക്കുകള്‍ പൊട്ടിച്ചെടുക്കാന്‍ കഴിയുമെന്നും ഈ രംഗത്ത് സ്ഥിരമായി ജോലിചെയ്യുന്നവര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.