നിസ്വ സ്കൂള്‍ ബസ് അപകടം: ഒരു മലയാളി വിദ്യാര്‍ഥികൂടി മരിച്ചു
text_fieldsമസ്കത്ത്: നിസ്വ ഇന്ത്യന്‍ സ്കൂളില്‍നിന്ന് വിനോദയാത്ര പോയ കുട്ടികളുടെ ബസ് ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു മലയാളി വിദ്യാര്‍ഥി കൂടി മരിച്ചു. സ്കൂളിലെ രണ്ടാം ക്ളാസ് വിദ്യാര്‍ഥിയും തൃശൂര്‍ ചാലക്കുടി പുതുശ്ശേരി വീട്ടില്‍ ജയ്സണ്‍ വിന്‍സന്‍റിന്‍െറ മകനുമായ ജെയ്ഡന്‍ ജയ്സണ്‍ (എട്ട്) ആണ് മരിച്ചത്. ഇതോടെ, അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ജെയ്ഡന്‍െറ പിതാവ് ജയ്സണ്‍ നിസ്വയില്‍ സഊദ് ബഹ്വാന്‍ ഗ്രൂപ്പിലെ ജീവനക്കാരനാണ്. മാതാവ്: മഞ്ജു. ഗുരുതര പരിക്കേറ്റ് 21 ദിവസമായി നിസ്വ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചക്ക് 11 മണിയോടെ ഹൃദയാഘാതം സംഭവിച്ചതോടെയാണ് നില വഷളായത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
കഴിഞ്ഞ മാസം 28ന് നിസ്വക്കടുത്ത് ബഹ്ലയിലുണ്ടായ അപകടത്തില്‍ നാലു മലയാളി വിദ്യാര്‍ഥികളും ഒരു ഇന്ത്യന്‍ അധ്യാപികയും ഇരുവാഹനങ്ങളുടെയും ഡ്രൈവര്‍മാരായ രണ്ട് ഒമാന്‍ സ്വദേശികളുമാണ് മരിച്ചത്. കാഞ്ഞിരപ്പള്ളി പൂതക്കുഴി കൊന്നേപറമ്പില്‍ സിജാദിന്‍െറ മകള്‍ റുയ അമന്‍, കണ്ണൂര്‍ പട്ടാന്നൂര്‍ കൂരാരി സ്വദേശി വളപ്പിനകത്ത് അബ്ദുല്‍ കബീറിന്‍െറ മകന്‍ മുഹമ്മദ് ഷമ്മാസ്, അധ്യാപിക മഹാരാഷ്ട്ര സ്വദേശി ദീപാലി സേഥ് എന്നിവര്‍ സംഭവദിവസം തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ എറണാകുളം ചേന്ദമംഗലം കാച്ചപ്പിള്ളി വീട്ടില്‍ സാബു ദേവസിയുടെ മകള്‍ സിയ എലിസബത്ത് കഴിഞ്ഞമാസം 31നും മരിച്ചു. റുയ, ദീപാലി, സിയ എന്നിവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോയിരുന്നു. ഷമ്മാസിന്‍െറ ഖബറടക്കം നിസ്വക്കടുത്ത് ബിസിയ ഖബര്‍സ്ഥാനിലും നടന്നു.
അതേസമയം, ഗുരുതര പരിക്കേറ്റ നന്ദകശ്രീ എന്ന മലയാളി വിദ്യാര്‍ഥി ഇപ്പോഴും നിസ്വ ആശുപത്രിയില്‍ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.