‘അതുല്യ’ യാത്ര തുടരുന്നൂ... ഈ വാര്യര്‍
text_fieldsമസ്കത്ത്: മേലേ ആകാശം, മുന്നില്‍ അന്തമില്ലാതെ നീളുന്ന പാത, പിന്നെ ബുള്ളറ്റും... കഴിഞ്ഞ എട്ടുമാസമായി അതുല്‍ വാര്യരുടെ ലോകം ഇതാണ്. 2002 മോഡല്‍ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡില്‍ ലോകം ചുറ്റാനിറങ്ങിയതാണ് ഈ തൃശൂരുകാരന്‍. ‘മിന്നല്‍പക്ഷി’യില്‍ പറന്ന് 550 ദിവസം കൊണ്ട് 40 രാജ്യങ്ങള്‍ പിന്നിടുകയാണ് ലക്ഷ്യം. പര്യടനത്തിന്‍െറ രണ്ടാംഘട്ടത്തിന് രണ്ടാഴ്ച മുമ്പ് തുടക്കമിട്ടത് ഒമാനില്‍നിന്നാണ്. ഒമാനിലെ യാത്ര പൂര്‍ത്തിയാക്കി ചൊവ്വാഴ്ച മസ്കത്തില്‍നിന്ന് ദുബൈക്ക് പുറപ്പെടുമെന്ന് അതുല്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
തൃശൂര്‍ പൂങ്കുന്നം ഉദയനഗര്‍ കോളനിയില്‍ രാഗംവീട്ടിലെ രാമന്‍ വാര്യരുടെയും ഗൗരിയുടെയും മകനായ അതുലിന്‍െറ ലോകപര്യടനം ആരംഭിക്കുന്നത് കഴിഞ്ഞവര്‍ഷം ജൂണ്‍ ആറിന് കന്യാകുമാരിയില്‍നിന്നാണ്. ചെറുപ്പംമുതലേ യാത്രകള്‍ ഹരമാക്കിയ ഈ 37കാരന്‍ ഈ യാത്രക്കായി ചെയ്ത ത്യാഗങ്ങള്‍ ചില്ലറയല്ല. വീടടക്കം സ്വത്തുവകകള്‍ വിറ്റാണ് യാത്രച്ചെലവിനുള്ള 55 ലക്ഷം രൂപ ഉണ്ടാക്കിയത്. ബംഗളൂരുവിലെ പ്രമുഖ മാധ്യമസ്ഥാപനത്തിലുണ്ടായിരുന്ന ഉയര്‍ന്ന ജോലിയും ഉപേക്ഷിച്ചു. വിവിധരാജ്യങ്ങളിലെ വിസ സംഘടിപ്പിക്കലും റൂട്ട് നിശ്ചയിക്കലുമടക്കമുള്ള തയാറെടുപ്പുകള്‍ 18 മാസം നീണ്ടു. ‘ചിലര്‍ പറയുന്നതുപോലെ അല്‍പം ‘ഭ്രാന്ത്’ ഈ യാത്രക്ക് പിന്നിലുണ്ട്. തെരുവുകുട്ടികളെ സംരക്ഷിക്കുന്ന മേക് എ ഡിഫറന്‍സ് (മാഡ്) എന്ന എന്‍.ജി.ഒയുടെ സന്ദേശം പകര്‍ന്നുനല്‍കുകയും യാത്രയുടെ ലക്ഷ്യമാണ്. ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുതന്നെ ഈ യാത്ര മാറ്റിമറിച്ചു.
കഴിഞ്ഞ കുറെ മാസങ്ങളായി തികച്ചും അപരിചിതരുമായിട്ടാണ് ഇടപഴകുന്നത്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ അപരിചിതര്‍ക്ക് നന്മപകരുന്ന പലരെയും കണ്ടത്തെി. കൂടുതല്‍ യാത്ര ചെയ്യുമ്പോഴാണ് നമ്മള്‍ കണ്ടതും അനുഭവിച്ചതും എത്രയോ തുച്ഛമാണെന്ന് ബോധ്യപ്പെടുന്നത്. കൂടുതലറിയാനും അനുഭവിക്കാനുമുള്ള പ്രചോദനവും അതുതന്നെ’ -അതുല്‍ പറയുന്നു. തെക്കുകിഴക്കന്‍ ഏഷ്യ-ആസ്ട്രേലിയ ആയിരുന്നു പര്യടനത്തിന്‍െറ ആദ്യഘട്ടം. തായ്ലന്‍ഡ്, വിയറ്റ്നാം, ലാവോസ്, കംബോഡിയ, ഇന്തോനേഷ്യ, സിംഗപ്പൂര്‍, മലേഷ്യ, ബാലി എന്നിവിടങ്ങളിലൂടെയാണ് ആസ്ട്രേലിയയില്‍ എത്തിയത്. ഒമാനില്‍ ആരംഭിച്ച രണ്ടാംഘട്ടത്തില്‍ മിഡിലീസ്റ്റ് രാജ്യങ്ങള്‍ പിന്നിടും. അവിടെനിന്ന് യൂറോപ്പ്, പിന്നെ ആഫ്രിക്ക. ഇങ്ങനെയാണ് യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്. മസ്കത്തില്‍നിന്ന് ദുബൈയിലത്തെി ഷാര്‍ജയില്‍നിന്ന് കടല്‍മാര്‍ഗമാണ് ഇറാനിലേക്ക് പോകുക. തുര്‍ക്കി, ഗ്രീസ് തുടങ്ങിയവയാണ് മൂന്നാംഘട്ടത്തില്‍. ഗ്രീസില്‍നിന്ന് കടല്‍മാര്‍ഗമാണ് ഇറ്റലിയിലത്തെുന്നത്. ഇതിനിടയില്‍ വിസയുടെ കാലതാമസമുണ്ടാകുമ്പോള്‍ നാട്ടിലേക്കും പോകും. ബൈക്കില്‍ 23 വര്‍ഷംകൊണ്ട് 172 രാജ്യങ്ങള്‍ ചുറ്റിയ ഗുന്തര്‍ ഹൊള്‍ടോഫ് ആണ് അതുലിന്‍െറ യാത്രക്ക് പ്രചോദനമായത്. ലോകപര്യടനത്തിന്‍െറ തയാറെടുപ്പുകളുടെ ഭാഗമായി ബൈക്കില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്തിരുന്നു. ‘ഒറ്റക്ക് യാത്ര ചെയ്യുമ്പോള്‍ ഒരുപാട് വെല്ലുവിളികളുണ്ട്.
പക്ഷേ, അതുനല്‍കുന്ന സ്വാതന്ത്ര്യം പറഞ്ഞറിയിക്കാനാകില്ല. എവിടെ വേണമെങ്കിലും നിര്‍ത്താം, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം. അങ്ങനെ നിരവധി സ്വാതന്ത്ര്യങ്ങള്‍. ജീവിതത്തിന് അര്‍ഥമുണ്ടെന്ന് തോന്നിത്തുടങ്ങിയത് ഈ യാത്രയിലാണ്. അപരിചിത നാടുകള്‍, ആളുകള്‍, അവരുടെ സ്നേഹം. ലാവോസില്‍ കൊടുങ്കാറ്റുണ്ടായപ്പോള്‍ കോങ്ലോര്‍ ഗുഹക്ക് സമീപത്തുള്ള പുഴ മറികടക്കാന്‍ അവിടത്തെ ഗ്രാമീണരാണ് സഹായിച്ചത്.
ബാങ്കോകിലും കംബോഡിയയിലും വെച്ച് അപകടമുണ്ടായപ്പോള്‍ അവിടെയുള്ളവര്‍ സഹായിച്ചു. ഒരു പൈസപോലും വാങ്ങാതെ ബുള്ളറ്റ് നന്നാക്കാന്‍ ആളുകള്‍ തയാറായി. അവര്‍ ആരെന്നറിയില്ളെങ്കിലും ഒന്ന് ബോധ്യപ്പെടും-മനുഷ്യരാല്‍ അനുഗൃഹീതമാണ് ലോകമെന്ന്...’ -അതുല്‍ മുന്നോട്ടുതന്നെ, ചിന്തകളും...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
