ഡ്രൈവിങ് സ്കൂളുകള്‍ ഫീസ് കൂട്ടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്
text_fieldsദോഹ: വര്‍ധിച്ച ഇന്ധനവിലയും പാര്‍പ്പിട വാടകയും മുന്‍നിര്‍ത്തി രാജ്യത്തെ ഡ്രൈവിങ് സ്കൂളുകള്‍ തങ്ങളുടെ ഫീസ് വര്‍ധിപ്പിക്കാനൊരുങ്ങുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. രണ്ട് വര്‍ഷമായി പരിശീലന ഫീസ് മാറ്റമില്ലാതെ തുടരുകയാണെന്നും വിദഗ്ധ പരിശീലകരെ ലഭ്യമാക്കുന്നതിലും അവര്‍ക്ക് താമസസൗകര്യങ്ങളൊരുക്കുന്നതിനുമായി നല്ളൊരുതുക ചെലവിടേണ്ടതുണ്ടെന്നും ഇത് ലാഭവിഹിതത്തെ ബാധിക്കുന്നതായും പ്രമുഖ ഡ്രൈവിങ് സ്കൂള്‍ മാനേജര്‍ പറഞ്ഞു.പരിശീകരെ നിയമിക്കുന്നതില്‍ കര്‍ശന നിബന്ധനകളാണ് മന്ത്രാലയം ഈയിടെ നിഷ്കര്‍ഷിച്ചിട്ടുള്ളത്.
പന്ത്രാണ്ടാം ക്ളാസ് വേണമെന്നതും ജി.സി.സി ലൈസന്‍സുള്ളവര്‍ക്ക് പോലും രാജ്യത്ത് പുതിയ ടെസ്റ്റുകള്‍ എടുക്കണമെന്നതും പരിശീലകരെ കിട്ടാന്‍ പ്രയാസം സൃഷ്ടിക്കുന്നു. 10,000 റിയാല്‍ വരെ ഇവരുടെ നിയമനത്തിനായി ചെലവഴിക്കേണ്ട അവസ്ഥയുമുണ്ട്. ചെലവ്ചുരുക്കല്‍ നടപടികളുടെ ഭാഗമായി പഠിതാക്കളെ അവരുടെ കേന്ദ്രങ്ങളില്‍ ചെന്ന് കൊണ്ടുവരുന്നതും കൊണ്ടാക്കുന്നതും ഒഴിവാക്കിയതായി ഒരു ഡ്രൈവിങ് പരിശീലന കേന്ദ്രം പത്രത്തോട് പറഞ്ഞു.
എന്നാല്‍, പ്രമുഖ പരിശീലന കേന്ദ്രങ്ങമായ കര്‍വ ഡ്രൈവിങ് സ്കൂള്‍ അധികൃതര്‍ ഇന്ധവിലയിലുണ്ടായ വര്‍ധനവ് വരുമാനത്തില്‍ കാര്യമായ കുറവുണ്ടാക്കില്ളെന്നാണ് അഭിപ്രായപ്പെടുന്നത്. തങ്ങളുടെ പരിഷ്കരിച്ച പരിശീലന ചാര്‍ജുകള്‍ മറ്റു ഡ്രൈവിങ് സ്കൂളുകളെ അപേക്ഷിച്ച് കുറവാണെന്നും മാന്വല്‍ ഗിയര്‍ പരിശീലനത്തിനായി തങ്ങള്‍ ഇപ്പോഴും ഈടാക്കുന്നത് 3,900 റിയാല്‍ മാത്രമാണെന്നും ഇവര്‍ പറയുന്നു. ലൈറ്റ് വാഹനങ്ങള്‍ക്ക് രണ്ട് വര്‍ഷം മുമ്പേ 2400 റിയാല്‍ ആയിരുന്നു ഡ്രൈവിങ് സ്കൂളുകളിലെ ഫുള്‍ കോഴ്സിനുള്ള ചാര്‍ജ്.
എന്നാല്‍, ഇപ്പോഴിത് 30 ശതമാനം അധികരിച്ച് 3,400ല്‍ എത്തിനില്‍ക്കുകയാണെന്ന് പത്രം ചൂണ്ടിക്കാട്ടുന്നു. ഉപഭോക്താക്കളുടെ അഭിപ്രായത്തില്‍ പഠിതാക്കളുടെ ആധിക്യമാണ് പല സ്ഥാപനങ്ങളിലുമുള്ളത്. ലാഭമുണ്ടാക്കാനുള്ള അനുയോജ്യമായ ബിസിനസാണ് ഡ്രൈവിങ് പരിശീലന കേന്ദ്രമെന്നും ചിലര്‍ പത്രത്തോട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.