ഇന്ത്യന്‍ ഉരു ഒമാന്‍ തീരത്ത് മുങ്ങി
text_fieldsമസ്കത്ത്: ഷാര്‍ജയില്‍നിന്ന് സോമാലിയയിലേക്ക് ചരക്കുമായി പോയിരുന്ന ഇന്ത്യന്‍ ഉരു ഒമാന്‍ തീരത്ത് മുങ്ങി. ഉരുവിലുണ്ടായിരുന്ന എട്ട് ഇന്ത്യക്കാരെയും രക്ഷപ്പെടുത്തിയതായി റോയല്‍ ഒമാന്‍ പൊലീസ് (ആര്‍.ഒ.പി) അറിയിച്ചു. സീബ് തീരത്തിനടുത്ത് വെള്ളിയാഴ്ച വൈകീട്ടാണ് അപകടം.
തകരാറ് സംഭവിച്ച ഉരുവില്‍ വെള്ളം കയറി മുങ്ങുകയായിരുന്നു. ഷിപ്പിങ് ഏജന്‍റ് വിവരമറിയിച്ചതിനെ തുടര്‍ന്നത്തെിയ ആര്‍.ഒ.പിയുടെ രക്ഷാപ്രവര്‍ത്തന സംഘം ഉരുവിലുണ്ടായിരുന്ന എട്ട് ഇന്ത്യക്കാരെയും രക്ഷപ്പെടുത്തുകയായിരുന്നു. എല്ലാവരും ഗുജറാത്ത് സ്വദേശികളാണ്. എല്ലാവരും പൂര്‍ണ ആരോഗ്യവാന്മാരാണെന്നും ആര്‍.ഒ.പി അറിയിച്ചു.
ഗുജറാത്തില്‍നിന്നുള്ള ഉരു ഇലക്ട്രോണിക് സാധനങ്ങളുമായി ഷാര്‍ജയില്‍നിന്ന് സോമാലിയയിലേക്ക് പോകുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ഉരുവിലെ തകരാറ് കണ്ടത്തെിയതെന്ന് ഉരുവിന്‍െറ ക്യാപ്റ്റന്‍ ഗഫാര്‍ സിദ്ദീഖ് പറഞ്ഞു. ‘ഉടന്‍ തന്നെ വിവരം ഷിപ്പിങ് ഏജന്‍റിനെ അറിയിച്ചു. അവരാണ് ആര്‍.ഒ.പിയെ വിവരമറിയിക്കുന്നത്.
തുടര്‍ന്ന് ഞങ്ങള്‍ ഉരുവിലെ ചെറിയ ബോട്ടില്‍ കയറി രക്ഷാപ്രവര്‍ത്തക സംഘത്തെയും കാത്തുനിന്നു. അവര്‍ പെട്ടെന്നുതന്നെ എത്തി ഞങ്ങളെ രക്ഷിച്ചു. പക്ഷേ, ഉരുവും ചരക്കും പൂര്‍ണമായും മുങ്ങിത്താണു’- അദ്ദേഹം പറഞ്ഞു. ഉരുവിലുണ്ടായിരുന്നവരെ ഇന്ത്യയിലേക്ക് തിരിച്ചയക്കാനുള്ള ശ്രമത്തിലാണ് മസ്കത്തിലെ ഇന്ത്യന്‍ എംബസി അധികൃതര്‍. ‘ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.
യാത്രാരേഖകള്‍ ശരിയാക്കി ഞായറാഴ്ച ഒമാന്‍ വിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ’. കഴിഞ്ഞ വര്‍ഷം മേയില്‍ ഇന്ത്യന്‍ ഉരു ഒമാനില്‍ അപകടത്തില്‍പ്പെട്ടിരുന്നു. സലാല തീരത്തുനിന്ന് 30 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് ‘നൂറെ ഗരിബേ’ എന്ന ഉരു മുങ്ങിയത്. 11 ജീവനക്കാരാണ് ഇതിലുണ്ടായിരുന്നത്. ഇവരെ സമീപത്തുകൂടി വന്ന മറ്റൊരു ഉരുവിലെ ആളുകള്‍ രക്ഷിക്കുകയായിരുന്നു.
സലാല പോര്‍ട്ടിലേക്ക് വന്ന ഈ ഉരുവിലെ ആളുകള്‍ പറഞ്ഞാണ് സംഭവം പുറംലോകമറിയുന്നത്. ദുബൈയില്‍നിന്ന് ബൊസ്സാസോയിലേക്ക് പോകുകയായിരുന്നു ഇന്ത്യന്‍ ഉരു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സോമാലിയയില്‍നിന്ന് 350 കന്നുകാലികളുമായി യു.എ.ഇയിലേക്ക് പോയ ചരക്കുകപ്പല്‍ ശക്തമായ കാറ്റില്‍പ്പെട്ട് ഒമാന്‍ തീരത്ത് മുങ്ങിയിരുന്നു. ശര്‍ഖിയ ഗവര്‍ണറേറ്റിലെ സൂറിലായിരുന്നു അപകടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.