ഓരോ ഫ്രെയിമിലുമുണ്ട് ഈ നാടിന്‍െറ സ്പന്ദനം
text_fieldsമസ്കത്ത്: 23 വര്‍ഷം മുമ്പാണ്. ‘ടൈംസ് ഓഫ് ഒമാനി’ന്‍െറ പ്രസില്‍നിന്ന് പത്രക്കെട്ടുമായി പോകുന്ന വണ്ടികളില്‍ ഏതെങ്കിലുമൊന്നില്‍ കൊച്ചുകാമറയുമായി ഒരു ചെറുപ്പക്കാരനുമുണ്ടാകും. ഒമാനിന്‍െറ ഉള്‍പ്രദേശങ്ങളിലോട്ടായിരിക്കും യാത്ര. ഗ്രാമീണ ജീവിതവും സംസ്കാരവുമെല്ലാം ഫ്രെയ്മിലൊതുക്കി വൈകുന്നേരത്തോടെ ജോലിക്കുമത്തെും. പാതിരാത്രിയും കഴിഞ്ഞവസാനിക്കുന്ന ജോലിക്ക് ശേഷം നടത്തുന്ന യാത്രകളിലൂടെ ആലപ്പുഴക്കാരന്‍ എ.ആര്‍. രാജ്കുമാറിന്‍െറ കാമറക്കണ്ണ് ഒപ്പിയെടുത്തത് ഈ രാജ്യത്തിന്‍െറ സ്പന്ദനങ്ങളായിരുന്നു.
ഒമാനിന്‍െറ വളര്‍ച്ചയെയും വികസനത്തെയും പകര്‍ത്തിയെടുത്ത 34 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് രാജ്കുമാര്‍ ഇന്ന് മടങ്ങും. ആലപ്പുഴ പാതിരപ്പള്ളി അച്യുതാലയത്തില്‍ പരേതനായ രാജപ്പ പണിക്കരുടെയും ആനന്ദബായിയുടെയും മകനായ രാജ്കുമാര്‍ 1982ലാണ് മസ്കത്തില്‍ വിമാനമിറങ്ങുന്നത്. ഇന്‍റീരിയല്‍ ഡിസൈനിങ് കമ്പനിയിലായിരുന്നു ആദ്യ രണ്ടുവര്‍ഷം ജോലി. പിന്നീട് റൂവിയിലെ പ്രിന്‍റിങ് സ്ഥാപനത്തില്‍ ജോലി ചെയ്തും സുഹൃത്തുമായി ചേര്‍ന്ന് സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിയുമൊക്കെ ഒമ്പത് വര്‍ഷം. 1993ലാണ് ‘ടൈംസ് ഓഫ് ഒമാനി’ല്‍ പേസ്റ്റപ്പ് ആര്‍ട്ടിസ്റ്റായി ജോലിക്ക് കയറുന്നത്. അക്കാലത്ത് തുടങ്ങിയതാണ് ഉള്‍പ്രദേശങ്ങളിലേക്കുള്ള പത്രവാഹനത്തിലെ യാത്രകള്‍.
പഠനകാലത്തേ ഉണ്ടായിരുന്ന ഫോട്ടോഗ്രഫി കമ്പം മൂത്ത് കാമറ വാങ്ങി ആദ്യമെടുത്ത ഫോട്ടോ തന്നെ ജനോപകാരപ്രദമാക്കാന്‍ രാജ്കുമാറിനായി. റൂവി പൊലീസ് സ്റ്റേഷനടുത്ത് റോഡില്‍ സ്ഥാപിച്ചിരുന്ന കമ്പികളില്‍ തട്ടി കാല്‍നടയാത്രക്കാര്‍ വീണ് അപകടത്തില്‍പ്പെടുന്നത് പതിവായിരുന്നു. അപകടവാര്‍ത്തകള്‍ പത്രങ്ങളില്‍ വരുമെങ്കിലും യഥാര്‍ഥ കാരണക്കാരായ ഈ കമ്പികളെ കുറിച്ച് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത് രാജ്കുമാറിന്‍െറ ഫോട്ടോയാണ്.
ഒന്നാം പേജില്‍ ഫോട്ടോ വന്ന അന്നുതന്നെ അധികൃതര്‍ കമ്പികള്‍ അറുത്തുമാറ്റി. റോഡിലെ കുഴിയാകട്ടെ, മത്ര കോര്‍ണിഷിലെ പ്ളാസ്റ്റിക് കൂമ്പാരമാകട്ടെ, മര്‍ദനമേറ്റ് പുളയുന്ന ഒട്ടകമാകട്ടെ... പിന്നെയും പല തവണ രാജ്കുമാറിന്‍െറ ഫോട്ടോകള്‍ മറ്റുള്ളവര്‍ക്കുവേണ്ടി ‘ശബ്ദിച്ചു’. ഒമ്പത് വര്‍ഷം മുമ്പ് മസീറ ദ്വീപില്‍ ദേശാടനക്കിളികള്‍ പറന്നിറങ്ങിയത് രാജ്കുമാറിന്‍െറ ജീവിതത്തിലെ വഴിത്തിരിവുമായാണ്. രാജ്കുമാറിന്‍െറ കാമറക്ക് മുന്നില്‍ ‘പോസ് ചെയ്ത’ ഫ്ളെമിങോകള്‍ പിറ്റേന്ന് ടൈംസിന്‍െറ ഒന്നാം പേജിന് മനോഹാരിതയേകി. ഈ ഫോട്ടോ കണ്ട് അഭിനന്ദിക്കാന്‍ ടൂറിസം മന്ത്രാലയം പ്രതിനിധികള്‍ ടൈംസിന്‍െറ ഓഫിസിലത്തെി. രാജ്കുമാര്‍ എന്ന പേസ്റ്റപ്പ് ആര്‍ട്ടിസ്റ്റിന്‍െറ കഴിവ് തിരിച്ചറിഞ്ഞ ‘ടൈംസ് ഓഫ് ഒമാന്‍’ ചെയര്‍മാന്‍ കാമറ സമ്മാനിക്കുകയും ഫോട്ടോഗ്രഫി വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു.
എന്ത് സംഭവമുണ്ടെങ്കിലും അവിടെ ഉടന്‍ ‘നടന്നത്തെുന്ന’ ഫോട്ടോഗ്രാഫര്‍ എന്നാണ് സുഹൃത്തുക്കള്‍ രാജ്കുമാറിനെ കളിയാക്കുക. ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയിട്ടില്ലാത്തതിനാല്‍ നടന്നാണ് ഫോട്ടോയെടുപ്പ്. തന്‍െറ നടവഴികള്‍ റോഡായും നാലുവരിപ്പാതയായും എക്സ്പ്രസ്വേ ആയുമൊക്കെ വളര്‍ന്നത് രാജ്കുമാര്‍ നടന്നറിഞ്ഞു. 2011ലാണ് രാജ്കുമാറിനെ ഏറെ പ്രശസ്തനാക്കിയ ഫോട്ടോ പിറക്കുന്നത്. കുത്തിയൊഴുകുന്ന വാദിയില്‍ അകപ്പെട്ട കാര്‍ യാത്രക്കാരനെ ആളുകള്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നത് കഴുത്തറ്റം വെള്ളത്തില്‍നിന്നാണ് രാജ്കുമാര്‍ പകര്‍ത്തിയത്. ഫോട്ടോയെടുക്കാനിറങ്ങി ആളുകളുടെ ജീവന്‍ രക്ഷിച്ച് വാദിയില്‍നിന്ന് തിരിച്ചുകയറിയ സംഭവവുമുണ്ട്.
അപകടങ്ങളും പറ്റിയിട്ടുണ്ട്. ഓപറ ഹൗസിന്‍െറ മുന്നിലെ സ്വദേശികളുടെ പ്രക്ഷോഭം പകര്‍ത്തിയതിന് പൊലീസ് കസ്റ്റഡിയിലുമായി. എസ് ആന്‍ഡ് ഡിയുടെ 2010, 11, 14 വര്‍ഷങ്ങളിലെ മികച്ച ഫോട്ടോക്കുള്ള അവാര്‍ഡ്, ഒമാന്‍ എന്‍വയണ്‍മെന്‍റ് സൊസൈറ്റിയുടെ 2009ലെ അവാര്‍ഡ് എന്നിവയടക്കം നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഭാര്യ വത്സമ്മ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഹെഡ് നഴ്സാണ്. മക്കളായ ഹരിരാജും ഗിരിരാജും ടെക്നോപാര്‍ക്കില്‍ ജോലി ചെയ്യുന്നു.
അവധിക്ക് ആലപ്പുഴയിലത്തെിയാല്‍ കാമറയുമായി നാടുചുറ്റാനിറങ്ങുന്ന രാജ്കുമാറിന് ഇനിയുള്ളത് രണ്ട് ആഗ്രഹങ്ങളാണ്- ‘ഇന്ത്യ മുഴുവന്‍ യാത്ര ചെയ്യണം, ഫോട്ടോ പ്രദര്‍ശനങ്ങള്‍ നടത്തണം’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
