വനിതാ കൂട്ടായ്മയില്‍ വിജയത്തിന്‍െറ പാല്‍പുഞ്ചിരി
text_fieldsമസ്കത്ത്: സലാലക്കടുത്ത് താഖയില്‍ അഞ്ചു വനിതകള്‍ നേതൃത്വം നല്‍കുന്ന ചീസ് ഫാക്ടറി വിജയത്തിലേക്ക് മുന്നേറുന്നു. 2014 ഡിസംബറില്‍ ഉദ്ഘാടനം ചെയ്ത ചീസ് ഫാക്ടറിക്ക് പെട്രോളിയം ഡെവലപ്മെന്‍റ് ഒമാന്‍ (പി.ഡി.ഒ) ആണ് സാമ്പത്തിക സഹായം നല്‍കുന്നത്. ഇത്തരം 13 പദ്ധതികള്‍ക്ക് പി.ഡി.ഒ സാമ്പത്തിക സഹായം നല്‍കുന്നുണ്ടെങ്കിലും ചീസ് ഫാക്ടറിയാണ് വിജയ പാതയില്‍ മുന്നേറുന്നത്. സലാല ടൂറിസം ഫെസ്റ്റിവലിലും മസ്കത്തില്‍ നടന്ന ലോക ഭക്ഷ്യദിന പ്രദര്‍ശനത്തിലും ഇവര്‍ പങ്കെടുത്തിരുന്നു. ഫുഡ് ആന്‍ഡ് അഗ്രികള്‍ചറല്‍ ഓര്‍ഗനൈസേഷന്‍ ഇവരെ ആദരിക്കുകയും ചെയ്തു.
പി.ഡി.ഒ സാമ്പത്തിക സഹായം നല്‍കിയ 13 പദ്ധതികളില്‍ ഏറ്റവും വിജയകരമായത് താഖ ചീസ് ഫാക്ടറിയാണെന്ന് പി.ഡി.ഒ സാമൂഹിക നിക്ഷേപ വിഭാഗം ഉപദേഷ്ടാവ് ഹനാന്‍ ബിന്‍ത് സൈഫ് അല്‍ റുംഹിയ്യ പറഞ്ഞു. ഉല്‍പന്നത്തിന് വിപണിയില്‍ ഏറെ ആവശ്യക്കാരുണ്ടെന്നും ഫാക്ടറിയില്‍ ജോലിചെയ്യുന്ന വനിതകള്‍ക്ക് സാമ്പത്തിക ലാഭമുണ്ടാക്കാന്‍ കഴിയുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. വനിതകള്‍ക്ക് ആറുമാസം പ്രത്യേക പരിശീലനം നല്‍കിയ ശേഷമാണ് ഫാക്ടറി ആരംഭിച്ചത്.
പ്രാദേശിക വിപണിയില്‍ വിതരണത്തിനായി അടുത്തിടെ കരാറില്‍ ഏര്‍പ്പെട്ടതായി ഫാക്ടറി സൂപ്പര്‍വൈസര്‍ അസാല്‍ ബിന്‍ത് അസ്ലം ഫറാജ് പറഞ്ഞു. വിദേശ വിപണിയിലേക്ക് കയറ്റുമതി സാധ്യതകള്‍ പഠിക്കുന്നുണ്ട്. ഇത് സംബന്ധമായ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കമ്പനിയുടെ പ്രവര്‍ത്തനം ദോഫാര്‍ ഗവര്‍ണറേറ്റിലെ താഖാ വിലായത്തിലെ പശു വളര്‍ത്തലുകാര്‍ക്കും അനുഗ്രഹമായിട്ടുണ്ട്. ഇവരുമായി പാല്‍ ശേഖരണത്തിന് നേരത്തേ തന്നെ കരാറുണ്ടാക്കിയിരുന്നു. പദ്ധതിക്കായി ദിവസവും 300 മുതല്‍ 600 ലിറ്റര്‍ വരെ പാല്‍ ഉപയോഗിക്കുന്നുണ്ട്. ചില ദിവസങ്ങളില്‍ ഇത് 1000 ലിറ്ററായി ഉയരാറുണ്ട്.
നിലവില്‍ പശുവിന്‍ പാല്‍ മാത്രമാണ് ചീസ് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. ഒട്ടക പാല്‍, ആട്ടിന്‍ പാല്‍ എന്നിവ ഉപയോഗിച്ച് ചീസ് നിര്‍മിക്കാനും പദ്ധതിയുണ്ട്. ഒമാന്‍ കാര്‍ഷിക മത്സ്യ വിഭവ മന്ത്രാലയത്തിന്‍െറ സഹകരണത്തോടെ ഐക്യരാഷ്ട്ര സഭ ഫുഡ് ആന്‍ഡ് അഗ്രികള്‍ചറല്‍ ഓര്‍ഗനൈസേഷന്‍ പ്രതിനിധികള്‍ ഫാക്ടറി സന്ദര്‍ശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.