അന്വേഷണം ഊര്‍ജിതം, നിരീക്ഷണത്തിന് കൂടുതല്‍ പൊലീസ്
text_fieldsമസ്കത്ത്: മത്രയിലെ മലയാളി ഷോപ്പുകളില്‍നിന്ന് ഉപഭോക്താക്കളുടെ പണമടങ്ങിയ ബാഗ് മോഷ്ടിക്കുന്ന സംഭവം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.
വിനോദസഞ്ചാരികള്‍ കുടുതല്‍ വരുന്ന സമയമായതിനാല്‍ നിരീക്ഷണത്തിനായി കൂടുതല്‍ പൊലീസുകാരെ മത്ര സ്റ്റേഷനില്‍ നിയോഗിച്ചിട്ടുണ്ട്. ലഭിച്ച സി.സി.ടി.വി കാമറ ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാത്ത ഷോപ്പുകള്‍ എത്രയും വേഗം അവ സ്ഥാപിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു. മുഖംമൂടിയണിഞ്ഞ സ്ത്രീകളാണ് ഉപഭോക്താക്കളുടെ പണമടങ്ങിയ ബാഗ് മോഷ്ടിച്ച് കടന്നുകളയുന്നത്. പട്ടാപ്പകല്‍ ഷോപ്പ് ഉടമസ്ഥരെയും ജീവനക്കാരെയും ഉപഭോക്താക്കളെയുമെല്ലാം അതിവിദഗ്ധമായി കബളിപ്പിച്ചാണ് മോഷണം.
മൂന്നു ദിവസങ്ങളിലായി മലയാളികളുടെ കടകളില്‍ നിന്ന് പണവും ബാഗും നഷ്ടപ്പെട്ടു. ഇരിക്കൂര്‍ സ്വദേശി റഷീദിന്‍െറ ഗോള്‍ഡ് കവറിങ് ഷോപ്പിലത്തെിയ ബഹ്റൈന്‍ സ്വദേശികളുടെ 2,000 റിയാല്‍ അടങ്ങിയ ബാഗ് മോഷ്ടാക്കള്‍ തട്ടിയെടുത്തതായാണ് പരാതി.
കാസര്‍കോട് സ്വദേശി നവാസിന്‍െറ റെഡിമെയ്ഡ് ഷോപ്പ്, ഇരിക്കൂര്‍ സ്വദേശി ഷെമീറിന്‍െറ പെര്‍ഫ്യൂം ഷോപ്പ് എന്നിവിടങ്ങളില്‍ നിന്ന് സ്വദേശികളുടെ പണമാണ് തട്ടിയെടുത്തത്. ഇരിക്കൂര്‍ സ്വദേശി സിദ്ദീഖിന്‍െറ കടയില്‍നിന്നും ഉപഭോക്താവിന്‍െറ ബാഗ് കൊള്ളയടിക്കപ്പെട്ടു. മോഷണം നടന്ന ചില കടകളില്‍ സി.സി.ടി.വി കാമറ പ്രവര്‍ത്തനരഹിതവുമായിരുന്നു. വിനോദസഞ്ചാരികളെയും ഉപഭോക്താക്കളെയും പിന്തുടര്‍ന്ന് രണ്ടോ മൂന്നോ കടകളില്‍ അവര്‍ പെരുമാറുന്ന രീതി മനസ്സിലാക്കിയശേഷമാണ് മോഷണം നടത്തുന്നതെന്നാണ് പൊലീസിന്‍െറ നിഗമനം.
അടുത്ത കടയില്‍ കയറി ബാഗ് വെക്കുമ്പോള്‍തന്നെ എടുത്തുകൊണ്ടുപോകുകയും ചെയ്യും. ഷോപ്പ് ഉടമകളും ജീവനക്കാരും ഉപഭോക്താക്കളും സഞ്ചാരികളുമെല്ലാം ജാഗ്രത പാലിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു. കഴിഞ്ഞവര്‍ഷവും മത്രയിലെ കടകളില്‍ ഇത്തരത്തില്‍ മോഷണങ്ങള്‍ നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
