വിദേശി എണ്ണത്തില്‍ ഇന്ത്യക്കാരെ മറികടന്ന് ബംഗ്ളാദേശികള്‍
text_fieldsമസ്കത്ത്: ഇതാദ്യമായി ഒമാനിലെ വിദേശികളുടെ എണ്ണത്തില്‍ ബംഗ്ളാദേശികള്‍ ഇന്ത്യക്കാരെ മറികടന്നു. ദശാബ്ദങ്ങളായി ഒമാനിലെ വിദേശ തൊഴില്‍ സേനയില്‍ ഒന്നാമതായിരുന്ന ഇന്ത്യക്കാരെ നവംബര്‍ അവസാനം പുറത്തുവന്ന കണക്കുകള്‍ പ്രകാരമാണ് ബംഗ്ളാദേശികള്‍ പിന്തള്ളിയത്. 6,94,449 ബംഗ്ളാദേശികളാണ് ഒമാനില്‍ ഉള്ളതെന്നാണ് ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്‍െറ കണക്കുകള്‍ പറയുന്നത്. ഇന്ത്യക്കാരുടെ എണ്ണമാകട്ടെ 6,91,775 ആണ്. മൂന്നാം സ്ഥാനത്തുള്ള പാകിസ്താനികളുടെ എണ്ണം 2,31,685 ആണ്.
വിസ അനുവദിക്കുന്നതില്‍ കര്‍ശന നിയന്ത്രണങ്ങളുണ്ടെങ്കിലും ബംഗ്ളാദേശികളുടെ എണ്ണത്തില്‍ നവംബറില്‍ 9,424 പേരുടെ വര്‍ധനവാണ് ഉണ്ടായത്. 1287 പാകിസ്താനികളും വര്‍ധിച്ചപ്പോള്‍ ഇന്ത്യക്കാരുടെ എണ്ണത്തില്‍ 1607 പേരുടെ കുറവുണ്ടായി. 2013 നവംബറില്‍ 4,96,761 ബംഗ്ളാദേശികളും 6,00,349 ഇന്ത്യക്കാരുമാണ് സുല്‍ത്താനേറ്റില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം 5,90,170 ആയിരുന്നു ബംഗ്ളാദേശികളുടെ എണ്ണം. ഇന്ത്യക്കാരുടെ എണ്ണമാകട്ടെ 6,69,882 ഉം ആയിരുന്നു. പ്രവാസികളില്‍ ഭൂരിപക്ഷം പേര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം മാത്രമാണ് ഉള്ളതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മൊത്തം 18,45,384 പ്രവാസികളില്‍ 6,70,750 പേരാണ് പ്രാഥമിക വിദ്യാഭ്യാസമുള്ളത്.
ബംഗ്ളാദേശികള്‍ ഒഴിച്ചുള്ള പ്രവാസികളുടെ എണ്ണം വര്‍ധിക്കുന്നില്ളെന്നും കണക്കുകള്‍ കാണിക്കുന്നു. കഴിഞ്ഞ മാസങ്ങളില്‍ ഒമാനിലത്തെുന്ന പാകിസ്താനികളുടെ എണ്ണം ഏതാണ്ട് തുല്യമാണ്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 2,20,112 ആയിരുന്ന പാകിസ്താനികളുടെ എണ്ണം ഈ വര്‍ഷം 2,31,685 ആയി മാത്രമാണ് വര്‍ധിച്ചത്. ഫിലിപ്പീന്‍സ്, ഇത്യോപ്യ, ഇന്തോനേഷ്യ, ഈജിപ്ത്, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയയിടങ്ങളില്‍ നിന്നുള്ളവരാണ് ഒമാനിലെ മറ്റ് പ്രവാസികള്‍.
ബംഗ്ളാദേശ് തൊഴിലാളികളില്‍ കൂടുതലും താഴ്ന്ന വേതനക്കാരാണ്. നിര്‍മാണം, കാര്‍ഷിക മേഖല, വീട്ടുജോലി, ഹോട്ടല്‍ രംഗം എന്നീ മേഖലകളിലാണ് അവര്‍ കൂടുതലായും ജോലി ചെയ്യുന്നത്. ചെറിയ ശമ്പളത്തിനുള്ള ജോലികള്‍ക്ക് ഇന്ത്യയില്‍നിന്ന് ജോലിക്കാരെ ലഭിക്കാത്ത സാഹചര്യത്തില്‍ കമ്പനികള്‍ ബംഗ്ളാദേശില്‍നിന്ന് കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യുകയാണെന്ന് ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്സ് അംഗം അഹമ്മദ് അല്‍ ഹൂത്തി പറഞ്ഞു.
ഇന്ത്യക്കാര്‍ താരതമ്യേന മധ്യനിലവാരത്തിലുള്ള ജോലികളാണ് ആഗ്രഹിക്കുന്നത്. ഇന്ത്യയില്‍ ദിവസക്കൂലിക്കാര്‍ക്ക് താരതമ്യേന ഉയര്‍ന്ന വേതനം ലഭിക്കുന്ന സാഹചര്യവും തൊഴിലാളികളുടെ കുറവിന് കാരണമാകുന്നുണ്ട്. എന്‍.ഒ.സി വ്യവസ്ഥമൂലം ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ അവസരം തേടുന്ന സ്ഥിതിയുമുണ്ട്.