ശിഫാ അല്‍ ജസീറ ഗ്രൂപ് 1.38 കോടി രൂപയുടെ സഹായധനം വിതരണം ചെയ്തു
text_fieldsമസ്കത്ത്: ശിഫാ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്‍െറ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്നാംഘട്ട സഹായധനം വിതരണം ചെയ്തു. വിവിധ വിഭാഗങ്ങളിലായി 1.38 കോടി രൂപയാണ് നല്‍കിയത്.
നേരത്തേ പ്രഖ്യാപിച്ച പത്തുകോടി രൂപയുടെ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇത്.
മൂന്നു ഘട്ടങ്ങളിലായി ആറുകോടി രൂപയിലധികം രൂപ ഇതുവരെ വിതരണം ചെയ്തതായി ചെയര്‍മാന്‍ ഡോ. കെ.ടി. റബീഉല്ല മസ്കത്തില്‍ അറിയിച്ചു. സമൂഹത്തിലെ അശരണരുടെ ഉന്നമനത്തിനുള്ള പ്രവര്‍ത്തനങ്ങളില്‍ ശിഫ അല്‍ ജസീറ എന്നും മുന്‍പന്തിയില്‍ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വീട് നിര്‍മാണം, ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം എന്നീ വിഭാഗങ്ങളിലായാണ് മൂന്നാംഘട്ടത്തില്‍ സഹായം നല്‍കിയത്.
ബൈത്തുശിഫ പദ്ധതിയില്‍ സംസ്ഥാനത്തിന്‍െറ വിവിധ ജില്ലകളില്‍ വീടുകള്‍ നിര്‍മിക്കാനും വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനുമായി 45 ലക്ഷം രൂപ ഇക്കുറി നല്‍കി.
ആറു വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ ഒരു ലക്ഷം രൂപ മുതല്‍ മൂന്നുലക്ഷം രൂപ വരെയും മൂന്നു വീടുകള്‍ പുതുതായി നിര്‍മിക്കുന്നതിനുമാണ് പണം നല്‍കിയത്.
മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേതടക്കം വിവിധ സാമൂഹിക സേവന പദ്ധതികള്‍ക്കായി 30 ലക്ഷം രൂപയും കോഴിക്കോട് ജില്ലയിലെ ഗവേഷണ സ്ഥാപനത്തിനായി 20 ലക്ഷം രൂപയും നല്‍കി.
മസ്കത്തിലെ ഗാലയില്‍ കഴിഞ്ഞദിവസം ജോലിക്കിടെ വീണുമരിച്ച തിരൂര്‍ വെട്ടം സ്വദേശി മുഹമ്മദ് ഫസലിന്‍െറ കുടുംബത്തെ സഹായിക്കുന്നതിനായി കെ.എം.സി.സി സ്വരൂപിക്കുന്ന സഹായനിധിയിലേക്ക് രണ്ടുലക്ഷം രൂപ ഗ്രാന്‍റ് ഹയാത്ത് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ഏറനാട് എം.എല്‍.എ പി.കെ. ബഷീര്‍ എം.എല്‍.എക്ക് ഡോ. റബീഉല്ല കൈമാറി.
രണ്ട് വൃക്കകളും തകരാറിലായി ഡയാലിസിസിന് വിധേയനാകുന്ന തിരുവനന്തപുരം വള്ളക്കടവ് സ്വദേശി മുഹമ്മദ് ശരീഫിന് ചികിത്സാ സഹായമായി നല്‍കിയ രണ്ടുലക്ഷം രൂപ സുഹൃത്ത് അനില്‍ ഡോ. റബീഉല്ലയില്‍നിന്ന് ഏറ്റുവാങ്ങി.
മസ്കത്ത് കെ.എം.സി.സി സെക്രട്ടറി ഷമീര്‍ പി.ടി.കെ, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി റഹീം വറ്റല്ലൂര്‍, സെക്രട്ടറി റഫീഖ് അമീന്‍, മുസന്ന ഏരിയ കെ.എം.സി.സി പ്രസിഡന്‍റ് ഫിറോസ് ഒറ്റപ്പാലം, ഹുസൈന്‍ സി.കെ വയനാട്, ശിഫാ അല്‍ ജസീറ ഗ്ളോബല്‍ പെഴ്സനല്‍ മാനേജര്‍ അസ്ലം ബക്കര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
