സമ്മേളനത്തിന് ഒമാന്‍ ആതിഥ്യമരുളും
text_fieldsമസ്കത്ത്: ഏഴാമത് യുനൈറ്റഡ് ഇന്‍റര്‍നാഷനല്‍ പബ്ളിക് ട്രാന്‍സ്പോര്‍ട്ട് (യു.ടി.ഐ.പി) മിഡിലീസ്റ്റ് ആന്‍ഡ് നോര്‍ത് ആഫ്രിക്ക സമ്മേളനത്തിന് ഒമാന്‍ ആതിഥ്യമരുളും. അടുത്ത വര്‍ഷം ഫെബ്രുവരി 12 മുതല്‍ 16 വരെയാണ് സമ്മേളനം. ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തിന്‍െറ രക്ഷാകര്‍തൃത്വത്തില്‍ ദേശീയ പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് ആണ് സമ്മേളനത്തിന് ആതിഥ്യമരുളുന്നത്. കൂടുതല്‍ പേര്‍ക്ക് ഉപയോഗപ്രദമാകുംവിധം പൊതുഗതാഗത സൗകര്യം എങ്ങനെ മാറ്റിയെടുക്കാം എന്നതിനൊപ്പം ഈ മേഖലയില്‍ നിലവിലുള്ള നിക്ഷേപ, ബിസിനസ് അവസരങ്ങളെ കുറിച്ചും സമ്മേളനം ചര്‍ച്ചചെയ്യും. പുതിയ നഗരങ്ങളിലേക്കുള്ള സര്‍വിസ്, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ അടക്കമുള്ളവയുടെ നിര്‍മാണം, ഇന്‍റലിജന്‍റ് ട്രാന്‍സ്പോര്‍ട്ട് സംവിധാനങ്ങള്‍ സ്ഥാപിക്കല്‍ തുടങ്ങി തങ്ങളുടെ നിലവിലുള്ള പദ്ധതികള്‍ മുവാസലാത്ത് യോഗത്തില്‍ അവതരിപ്പിക്കും. മൊറോക്കോ മുതല്‍ ഇറാന്‍ വരെ രാജ്യങ്ങളിലുള്ള പൊതുഗതാഗത സ്ഥാപനങ്ങളുടെയും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളുടെയും പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. രണ്ടുവര്‍ഷത്തിലൊരിക്കലാണ് സമ്മേളനം ചേരുക. ഈ കാലയളവില്‍ കൈവരിച്ച നേട്ടങ്ങള്‍ക്കൊപ്പം വിവിധ മേഖലകളില്‍ കൈവരിക്കാന്‍ കഴിയുന്ന വികസനങ്ങളെ കുറിച്ചും ചര്‍ച്ചചെയ്യുകയാണ് സമ്മേളന ലക്ഷ്യം.