ചരക്ക് ഗതാഗത, കൈമാറ്റ മേഖലയില്‍ മൂന്നു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതി
text_fieldsമസ്കത്ത്: രാജ്യത്തിന്‍െറ സാമ്പത്തിക മേഖലയിലും ആഭ്യന്തര ഉല്‍പാദന മേഖലയിലും കുതിപ്പിന് വഴിയൊരുക്കുമെന്ന് കരുതുന്ന ദേശീയ ചരക്ക് ഗതാഗത കൈമാറ്റ നയം പ്രഖ്യാപിച്ചു.
2040ഓടെ ആഭ്യന്തര ഉല്‍പാദന വളര്‍ച്ചാ നിരക്കില്‍ പ്രതിവര്‍ഷം 14 ശതകോടി റിയാല്‍ സംഭാവന ചെയ്യാന്‍ പാകത്തിന് പുതിയൊരു സമ്പദ്ഘടനയെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമെന്ന് പുതുതായി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ രൂപവത്കരിച്ച ഒമാന്‍ ഗ്ളോബല്‍ ലോജിസ്റ്റിക്സ് ഗ്രൂപ് ചീഫ് കമേഴ്സ്യല്‍ ഓഫിസര്‍ ജോണ്‍ ലെസ്നിവെസ്കിയും എക്സിക്യൂട്ടിവ് ഡയറക്ടര്‍ നബീല്‍ സലീം അല്‍ ബിമാനിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സമ്പദ്ഘടനക്ക് കരുത്തേകുന്നതിനൊപ്പം, സ്വദേശികള്‍ക്ക് നിരവധി തൊഴിലവസരങ്ങളും ഈ മേഖലയില്‍ ലഭ്യമാകും. ഏതാണ്ട് മൂന്നു ലക്ഷത്തോളം തൊഴിലവസരങ്ങളാണ് 2040 കാലയളവോടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതെന്ന് ഇരുവരും അറിയിച്ചു. ഒമാന്‍ ഗ്ളോബല്‍ ലോജിസ്റ്റിക്സ് ഗ്രൂപ്പിന്‍െറ നേതൃത്വത്തിലായിരിക്കും ഈ കര്‍മപദ്ധതി നടപ്പാക്കുക. ചരക്ക് ഗതാഗത രംഗത്ത് കുതിപ്പിന് പ്രാപ്തമാക്കും വിധം മികച്ച തുറമുഖങ്ങള്‍, ഫ്രീസോണുകള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയവ ഒമാനിലുണ്ട്.
ഇവയുടെ പ്രവര്‍ത്തനം രാജ്യത്തിനും സര്‍ക്കാറിനും സ്വകാര്യമേഖലക്കും മികച്ച പ്രതിഫലം ലഭിക്കുന്ന രീതിയില്‍ മുന്നോട്ടുകൊണ്ടുപോവുകയാണ് കമ്പനിയുടെ ദൗത്യമെന്നും ജോണ്‍ ലെസ്നിവെസ്കി പറഞ്ഞു.
തുറമുഖങ്ങള്‍, ഫ്രീസോണുകള്‍, റെയില്‍വേ, കടല്‍ കര ഗതാഗതം തുടങ്ങിയ മേഖലകളില്‍ നിക്ഷേപമിറക്കുന്നതിനുള്ള ഹോള്‍ഡിങ് കമ്പനിയായി കഴിഞ്ഞ ജൂണിലാണ് ഒമാന്‍ ഗ്ളോബല്‍ ലോജിസ്റ്റിക്സ് കമ്പനി രൂപവത്കരിച്ചത്. ഈ മേഖലകളിലെ സര്‍ക്കാര്‍ നിക്ഷേപങ്ങളില്‍ പരമാവധി വരുമാനം ലഭ്യമാക്കുകയാണ് കമ്പനിയുടെ ദൗത്യം.
ആഗോളതലത്തില്‍ ചരക്ക് ഗതാഗത കേന്ദ്രമായും ഒപ്പം കിഴക്കന്‍ ഏഷ്യ, തെക്കു കിഴക്കന്‍ ഏഷ്യ, ഇന്ത്യന്‍ ഉപഭൂഖണ്ഡം എന്നിവിടങ്ങളിലേക്കുള്ള ചരക്ക് നീക്കത്തിന്‍െറ കവാടമായും ഒമാനെ മാറ്റുകയാണ് ലക്ഷ്യം. രാജ്യത്തിന് പുറത്തുള്ള ചരക്ക് ഗതാഗത മേഖലയിലെ നിക്ഷേപങ്ങളും കമ്പനിയുടെ ചുമതലയിലായിരിക്കും.