ഏഴു മാസമായി ശമ്പളമില്ല; എട്ടു മലയാളികള്‍ ദുരിതത്തില്‍
text_fieldsമസ്കത്ത്: ശമ്പളം ലഭിക്കാത്തതിനെതുടര്‍ന്ന് മലയാളി തൊഴിലാളികള്‍ ദുരിതത്തില്‍. നിര്‍മാണ മേഖലയിലടക്കം പ്രവര്‍ത്തിച്ചിരുന്ന മസ്കത്ത് ആസ്ഥാനമായ കമ്പനിയിലെ എട്ട് മലയാളി തൊഴിലാളികളാണ് ബുദ്ധിമുട്ടില്‍ കഴിയുന്നത്. കമ്പനിയുടെ ഉടമസ്ഥതാ തര്‍ക്കവുമായി ബന്ധപ്പെട്ട് കേസ് നിലനില്‍ക്കുന്നുണ്ട്. ജോലിക്കാരില്‍ ആറുപേര്‍ അല്‍ഖൂദിലെ താമസസ്ഥലത്താണ് കഴിയുന്നത്.
ലേബര്‍ കോടതിയില്‍ കേസ് നല്‍കിയതിനെ തുടര്‍ന്ന് കമ്പനിയുടെ താമസസ്ഥലത്തുനിന്ന് ഇറക്കിവിടപ്പെട്ട രണ്ടുപേര്‍ സൊഹാറില്‍ പൊതുവഴിയില്‍ അഭയം തേടിയിരിക്കുകയാണ്. പത്തനംതിട്ട അടൂര്‍ സ്വദേശി പ്രകാശ് സുബോധന്‍, കൊല്ലം കുളത്തൂപ്പുഴ സ്വദേശി വില്‍സണ്‍ മാത്യു, തൊടുപുഴ സ്വദേശികളായ ജോബ്സണ്‍, ലിജോ, പത്തനംതിട്ട സ്വദേശി റോജി എബ്രഹാം, എറണാകുളം സ്വദേശി വിജിത്ത് വിജയന്‍ എന്നിവരാണ് അല്‍ഖൂദിലെ താമസസ്ഥലത്ത് കഴിയുന്നത്. ഷിബു സെബാസ്റ്റ്യന്‍, രാജഗോപാല്‍ എന്നിവരാണ് സൊഹാറിലുള്ളത്. കമ്പനിയുടെ ഇപ്പോഴത്തെ നടത്തിപ്പ് ചുമതലയുള്ള മലയാളി ഉദ്യോഗസ്ഥരുടെ ഇടപെടലില്‍ തങ്ങളുടെ താമസസൗകര്യവും ഭക്ഷണവും ഇല്ലാതാകുമെന്ന ആശങ്കയിലാണ് ഇവര്‍.
താമസസ്ഥലത്തെ കുക്കിനോട് വൈകാതെ നാട്ടിലേക്ക് പോകണമെന്ന് ചുമതലയിലുള്ളവര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. ഏഴുമാസം മുതല്‍ മൂന്നുവര്‍ഷം വരെയായി ഈ കമ്പനിയില്‍ ജോലിചെയ്യുന്ന ഇവരില്‍ ചിലര്‍ ഒമാന്‍െറ വിവിധ ഭാഗങ്ങളിലെ സൈറ്റുകളിലെ ജീവനക്കാരായിരുന്നു. ഭക്ഷണത്തിന് പ്രയാസം ഉണ്ടായതിനെ തുടര്‍ന്ന് അല്‍ഖൂദിലെ താമസസ്ഥലത്ത് എത്തുകയായിരുന്നു. ശമ്പളം ലഭിക്കാത്തതു സംബന്ധിച്ച് ലേബര്‍ കോടതിക്ക് പുറമെ എംബസിയിലും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. ഫെബ്രുവരി മുതല്‍ മേയ് വരെ ശമ്പളം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തങ്ങളെക്കൊണ്ട് ജോലി ചെയ്യിപ്പിച്ചതായി ഇവര്‍ പരാതിയില്‍ പറയുന്നു. ജൂണില്‍ പലയിടങ്ങളിലും അറ്റകുറ്റപ്പണിക്കും കൊണ്ടുപോയിരുന്നു. ഇതിനിടെ കമ്പനിയുടെ നിര്‍മാണ ഡിവിഷന്‍ അടച്ചുപൂട്ടുകയും ചെയ്തു. സുഹൃത്തുക്കളുടെ കൈയില്‍നിന്നും മറ്റും പണം കടംവാങ്ങിയാണ് ഇവിടെ കഴിയുന്നത്. വീട്ടിലെ സ്ഥിതിഗതികളും മോശമാണ്. ബാങ്ക് വായ്പകള്‍ മുടങ്ങിയതിനെ തുടര്‍ന്ന് നോട്ടീസുകള്‍ ലഭിച്ചുതുടങ്ങി. എന്‍ജിനീയറിങ്ങിന് പഠിക്കുന്ന മകനെ ഫീസ് നല്‍കാനില്ലാത്തതിന്‍െറ പേരില്‍ ക്ളാസില്‍നിന്ന് ഇറക്കിവിട്ടതായി കുളത്തൂപ്പുഴ സ്വദേശി വില്‍സന്‍ പറയുന്നു. അതേസമയം, കേസ് നടക്കുന്നതിനാല്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതടക്കം പ്രശ്നങ്ങളാലാണ് ശമ്പളം നല്‍കാന്‍ കഴിയാത്തതെന്ന് കമ്പനിയുമായി ബന്ധപ്പെട്ടവര്‍ പ്രതികരിച്ചു.