പുതിയ പാര്‍ക്കിങ് മീറ്ററുകള്‍ ഉടന്‍ പ്രവര്‍ത്തന സജ്ജമാകും
text_fieldsമസ്കത്ത്: തലസ്ഥാന മേഖലയുടെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പുതിയ പാര്‍ക്കിങ് മീറ്ററുകള്‍ വൈകാതെ പ്രവര്‍ത്തന സജ്ജമാകും. നേരത്തേ, മീറ്ററുകള്‍ സ്ഥാപിച്ചതാണെങ്കിലും ഫീസ്, പിഴ നിരക്കുകള്‍ പരിഷ്കരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിനായി കാത്തിരുന്നതാണെന്ന് നഗരസഭാ വരുമാന വിഭാഗം ഡയറക്ടര്‍ അസിസ്റ്റന്‍റ് സെയ്ദ് അല്‍ റവാഹി പറഞ്ഞു.
ഗൂബ്ര, അല്‍ ഖുവൈര്‍, അല്‍ ഖൂദ്, സീബ് എന്നിവിടങ്ങളിലാണ് പുതിയ മീറ്ററുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ബാങ്ക് നോട്ടുകള്‍ ഉപയോഗിക്കാന്‍ സൗകര്യമുള്ളതാകും പുതിയ മീറ്ററുകള്‍. പ്രീപെയ്ഡ് കാര്‍ഡുകള്‍ ഉപയോഗിച്ചും പാര്‍ക്കിങ് ഫീസ് അടക്കാന്‍ സൗകര്യമുണ്ടാകും. നിയമലംഘനം ഇല്ളെന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കുകയും ചെയ്യും.
കഴിഞ്ഞദിവസമാണ് പാര്‍ക്കിങ് ഫീസിലും പിഴയിലും വര്‍ധന വരുത്തി നഗരസഭ ഉത്തരവിട്ടത്. വിവിധ നിയമലംഘനങ്ങള്‍ക്ക് പത്തു റിയാല്‍ മുതല്‍ 500 റിയാല്‍ വരെയാണ് പിഴ ചുമത്തുക. പാര്‍ക്കിങ് ഫീസ് മണിക്കൂറിന് നൂറു ബൈസയായിരുന്നത് 200 ബൈസയായാണ് വര്‍ധിപ്പിച്ചത്. എസ്.എം.എസ് പാര്‍ക്കിങ്ങിനും സമാന നിരക്കാണ്. പണമടക്കാതെ പാര്‍ക്ക് ചെയ്യുകയോ നിശ്ചിത സമയം കഴിയുകയോ ചെയ്യുന്നവര്‍ക്കുള്ള പിഴ മൂന്നു റിയാലില്‍നിന്ന് പത്തു റിയാലായാണ് കൂട്ടിയത്.
മറ്റു വാഹനങ്ങളുടെ വഴി മുടക്കിയോ രണ്ട് പാര്‍ക്കിങ് കേന്ദ്രങ്ങളുടെ മധ്യ ഭാഗത്തോ വാഹനമിടുന്നവര്‍ക്ക് പത്തു റിയാലും വികലാംഗര്‍ക്കുള്ള സ്ഥലങ്ങളില്‍ വാഹനമിടുന്നവരില്‍നിന്ന് 20 റിയാലും പിഴ ചുമത്തും. റോഡ് ഷോള്‍ഡറുകളില്‍ വാഹനം നിര്‍ത്തിയിടുന്നവരും പത്തു റിയാല്‍ പിഴ നല്‍കണം. ഫോര്‍ സെയില്‍ ബോര്‍ഡ് വെച്ച് വാഹനം പാര്‍ക്ക് ചെയ്യുന്നവരാണ് കൂടുതല്‍ പിഴ നല്‍കേണ്ടത്, 500 റിയാല്‍. നഗരസഭാ പാര്‍ക്കിങ് സ്ഥലങ്ങളില്‍ ഒരു മാസം വാഹനം നിര്‍ത്തിയിടുന്നവരില്‍നിന്ന് അമ്പത് റിയാലും ഈടാക്കും. സോണല്‍ പാര്‍ക്കിങ് ഫീസ് അഞ്ചു റിയാലായി തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.