വന്‍കിട ഉപഭോക്താക്കളുടെ വൈദ്യുതി നിരക്കുകള്‍ പരിഷ്കരിക്കാനുള്ള നടപടി പുരോഗമിക്കുന്നു
text_fieldsമസ്കത്ത്: വന്‍കിട വ്യവസായിക ഉപഭോക്താക്കളുടെ വൈദ്യുതി നിരക്കുകളില്‍ സമൂല പരിഷ്കരണത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് വൈദ്യുതി, ജല പൊതു അതോറിറ്റി. ഉല്‍പാദനച്ചെലവ് പൂര്‍ണമായും പ്രതിഫലിപ്പിക്കുന്നതായിരിക്കും നിരക്കുവര്‍ധന.
വൈദ്യുതി റെഗുലേഷന്‍ അതോറിറ്റിയടക്കം വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് നിരക്ക് വര്‍ധനക്കുള്ള നടപടികള്‍ നടന്നുവരുകയാണെന്ന് അതോറിറ്റി വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. എണ്ണ വിലയിടിവിനെ തുടര്‍ന്ന് സമ്പദ്ഘടനക്ക് ഉണ്ടായ സാമ്പത്തിക ഞെരുക്കം മറികടക്കാനുള്ള നടപടികളുടെ ഭാഗമാണ് വൈദ്യുതിനിരക്കിലെ വര്‍ധന. ബജറ്റ് കമ്മി ഇല്ലാതാക്കുന്നതിനായി ഇന്ധന, ഊര്‍ജ സബ്സിഡികളില്‍ കുറവുവരുത്തണമെന്ന് അന്താരാഷ്ട്ര നാണയനിധിയും ഒമാനോട് നിര്‍ദേശിച്ചിരുന്നു. വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള വൈദ്യുതി സബ്സിഡി പൂര്‍ണമായും എടുത്തുകളയുകയാണ് നിരക്കുവര്‍ധനവിലൂടെ അതോറിറ്റി ലക്ഷ്യമിടുന്നത്.
ഉപഭോഗം ഉയര്‍ന്ന പീക് ടൈമില്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുംവിധമായിരിക്കും വൈദ്യുതിനിരക്ക് പരിഷ്കരിക്കുകയെന്ന് റെഗുലേറ്ററി അതോറിറ്റിയെ ഉദ്ധരിച്ച് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നിരക്ക് കുറവുള്ള സമയങ്ങള്‍ നോക്കി വൈദ്യുതിയുടെ ഉപയോഗം ക്രമീകരിക്കാന്‍ ഉപഭോക്താക്കള്‍ക്ക് ഇത് പ്രേരണയാകും. ഉപഭോഗം കുറവുള്ള സമയങ്ങളില്‍ ഉല്‍പാദനച്ചെലവ് കുറവായിരിക്കും.
ഉപയോഗം ഇങ്ങനെ ക്രമീകരിക്കുന്നത് സബ്സിഡി കുറക്കാന്‍ സഹായകമാകുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. നാഷനല്‍ എനര്‍ജി സ്ട്രാറ്റജി സ്റ്റഡി പഠനത്തിന്‍െറ (എന്‍.ഇ.എസ്.എസ്) അടിസ്ഥാനത്തില്‍ രാജ്യത്തെ എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും വൈദ്യുതി നിരക്കുകള്‍ പരിഷ്കരിക്കുന്നതിന്‍െറ ആദ്യപടിയായാണ് വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള നിരക്ക് പരിഷ്കരണം. 2040 വരെയുള്ള രാജ്യത്തെ ഊര്‍ജസംവിധാനത്തെ കുറിച്ചുള്ള പഠനമാണ് എന്‍.ഇ.എസ്.എസ്. 2014ല്‍ ആരംഭിച്ച പഠനത്തിന്‍െറ നിര്‍ദേശങ്ങള്‍ കഴിഞ്ഞവര്‍ഷം ധനകാര്യ മന്ത്രാലയത്തിന് കൈമാറിയിരുന്നു. ഊര്‍ജ സബ്സിഡി പൂര്‍ണമായി എടുത്തുകളയാന്‍ കഴിയുംവിധം നിരക്കുകള്‍ എല്ലാ വര്‍ഷവും പടിപടിയായി ഉയര്‍ത്തണമെന്നാണ് ഈ പഠനത്തിലെ പ്രധാന നിര്‍ദേശം. നിരക്ക് വര്‍ധന സാമൂഹിക സാമ്പത്തിക മേഖലകളില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ച് പഠിക്കാന്‍ അന്താരാഷ്ട്ര ഏജന്‍സിയെ അതോറിറ്റി ചുമതലപ്പെടുത്തിയിരുന്നു. ഏജന്‍സിയുടെ പഠനത്തിന്‍െറ അടിസ്ഥാനത്തിലാണ് അതോറിറ്റി നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
