വിദേശത്തേക്കുള്ള വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്‍റ് ഇനി ആറ് ഏജന്‍സികളിലൂടെ മാത്രം
text_fieldsമസ്കത്ത്: വിദേശത്തേക്കുള്ള വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്‍റിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിയന്ത്രണമേര്‍പ്പെടുത്തിയതായി വിവരം. ജി.സി.സി രാഷ്ട്രങ്ങള്‍ അടക്കം എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള 18 രാജ്യങ്ങളിലേക്കുള്ള വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്‍റുകള്‍ ഇനി സംസ്ഥാന സര്‍ക്കാറുകളുടെ ഉടമസ്ഥതയിലുള്ള ആറ് ഏജന്‍സികളിലൂടെ മാത്രമേ പാടുള്ളൂവെന്നാണ് അറിയുന്നത്. കേരളത്തില്‍നിന്ന് നോര്‍ക്ക റൂട്ട്സ്, ഓവര്‍സീസ് ഡെവലപ്മെന്‍റ് ആന്‍ഡ് എംപ്ളോയ്മെന്‍റ് പ്രൊമോഷന്‍ കണ്‍സല്‍ട്ടന്‍റ്സ് (ഒ.ഡി.ഇ.പി.സി), ചെന്നൈയിലുള്ള ഓവര്‍സീസ് മാന്‍പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് എന്നിവക്കാണ് കേരളത്തില്‍നിന്ന് റിക്രൂട്ട്മെന്‍റിന് അധികാരമുള്ളത്.
ഓവര്‍സീസ് മാന്‍പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (തമിഴ്നാട്), ഉത്തര്‍പ്രദേശ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍, ഓവര്‍സീസ് മാന്‍പവര്‍ കമ്പനി ലിമിറ്റഡ് (ആന്ധ്രപ്രദേശ്), തെലങ്കാന ഓവര്‍സീസ് മാന്‍പവര്‍ കമ്പനി ലിമിറ്റഡ് എന്നിവയാണ് മറ്റു സര്‍ക്കാര്‍ ഏജന്‍സികള്‍.
വിദേശരാജ്യങ്ങളില്‍ വീട്ടുജോലിക്കാരെ ചൂഷണം ചെയ്യുന്നതും പീഡിപ്പിക്കുന്നതുമായ സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നഴ്സുമാരുടെ മാതൃകയില്‍ റിക്രൂട്ട്മെന്‍റ് അധികാരമുള്ള ഏജന്‍സികളുടെ എണ്ണം പരിമിതപ്പെടുത്താന്‍ തീരുമാനിച്ചത് എന്നറിയുന്നു.
ഗള്‍ഫ് രാഷ്ട്രങ്ങളിലേക്കടക്കമുള്ള നഴ്സുമാരുടെ റിക്രൂട്ട്മെന്‍റിനുള്ള അധികാരവും സ്വകാര്യമേഖലയിലെ രണ്ടെണ്ണമടക്കം അഞ്ച് ഏജന്‍സികളിലേക്കായാണ് പരിമിതപ്പെടുത്തിയത്. ഒമാനിലേക്ക് വീട്ടുജോലിക്കാരെ കൊണ്ടുവരുന്നതിന് എംബസി ബാങ്ക് ഗ്യാരണ്ടി അടക്കം നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന മാത്രമേ റിക്രൂട്ട്മെന്‍റ് സാധ്യമാവുകയുമുള്ളൂ.
നിയമത്തിലെ കാര്‍ക്കശ്യം മറികടക്കാന്‍ സ്ത്രീകളെ വിസിറ്റിങ് വിസയില്‍ യു.എ.ഇയില്‍ കൊണ്ടുവന്ന് പല ഗള്‍ഫ് രാജ്യങ്ങളിലേക്കും കടത്തുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിയമം കര്‍ക്കശമാക്കുന്നതോടെ അനധികൃത കുടിയേറ്റത്തിനുള്ള ശ്രമങ്ങള്‍ കൂടുമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
