Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമനക്കരുത്തിന്‍െറ...

മനക്കരുത്തിന്‍െറ ബലത്തില്‍ വിജയന്‍ ഒരുങ്ങുന്നു, 71ാമത് ശസ്ത്രക്രിയക്കായി

text_fields
bookmark_border
മനക്കരുത്തിന്‍െറ ബലത്തില്‍ വിജയന്‍ ഒരുങ്ങുന്നു, 71ാമത് ശസ്ത്രക്രിയക്കായി
cancel
camera_alt???????

മസ്കത്ത്: പിന്നിട്ട 63 വര്‍ഷത്തെ ജീവിതത്തില്‍ ഏറിയ പങ്കും തൃശൂര്‍ വടക്കാഞ്ചേരി അത്താണി സ്വദേശി വിജയന്‍ ചെലവഴിച്ചിട്ടുള്ളത് ആശുപത്രികളിലും മരുന്നുകളുടെ ലോകത്തും  ശസ്ത്രക്രിയാ ടേബിളുകളിലുമാണ്. ശസ്ത്രക്രിയ മാത്രം പ്രതിവിധിയായിട്ടുള്ള അപൂര്‍വ രോഗത്തിന്‍െറ പിടിയിലമര്‍ന്ന് വേദനതിന്ന് ജീവിക്കുന്ന ഇദ്ദേഹം ഇപ്പോള്‍ 71ാമത്തെ ശസ്ത്രക്രിയക്ക് ഒരുങ്ങുകയാണ്. മനക്കരുത്തിന്‍െറ ബലത്തില്‍ മാത്രം ഇത്രയും നാള്‍ പിടിച്ചുനിന്ന മുന്‍ പ്രവാസികൂടിയായ ഇദ്ദേഹത്തിന് ഇനി ജീവിതത്തിലേക്ക് തിരിച്ചുനടക്കണമെങ്കില്‍ സുമനസ്സുകളുടെ സാമ്പത്തിക പിന്തുണകൂടി അനിവാര്യമാണ്. തന്‍െറ പ്രവാസജീവിതത്തിലെ സമ്പാദ്യത്തിനൊപ്പം സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് ഇത്രയും നാള്‍ ചികിത്സ നിര്‍വഹിച്ചത്. സ്ട്രോബെറിക്ക് സമാനമായ പ്രത്യേക തരം മാംസ വളര്‍ച്ചയാണ് ഇദ്ദേഹത്തിന്‍െറ ശരീരത്തില്‍ ഉണ്ടാകുന്നത്. തലയോട് മുതല്‍ കാല്‍പാദത്തിന് അടിവശം വരെ പുറത്തേക്ക് കാണുന്ന തരത്തില്‍ ഇത് ഉണ്ടാകുന്നു.  ഇതുമൂലം സംസാരിക്കാനോ, ഭക്ഷണം കഴിക്കാനോ എന്തിന് നടക്കാന്‍പോലും സാധിക്കാതെ ബുദ്ധിമുട്ടുകയാണ്. 18ാം വയസ്സില്‍ മൂക്കില്‍നിന്ന് രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം തിരിച്ചറിഞ്ഞത്. മൂക്കിലും വായിലുമാണ് ആദ്യം രോഗബാധയുണ്ടായത്. പരിശോധനയില്‍ കന്നുകാലികളില്‍നിന്ന് പകര്‍ന്ന അപൂര്‍വ വൈറസ് ബാധയാണ് ഇതിന് കാരണമെന്നും കണ്ടത്തെി.
ഈ രോഗത്തിന്  പ്രതിവിധിയായി  മരുന്ന് കണ്ടത്തെിയിട്ടുമില്ളെന്നും ശസ്ത്രക്രിയ മാത്രമാണ് പ്രതിവിധിയെന്നുമുള്ള തിരിച്ചറിവ് ഇദ്ദേഹത്തിന് ആദ്യം ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. 1969ല്‍ തൃശൂര്‍ ജില്ലാ ആശുപത്രിയിലാണ് ആദ്യ ശസ്ത്രക്രിയ നടന്നത്. വിജയന്‍െറ ജീവിതത്തിലെ  വേദനനിറഞ്ഞ അധ്യായത്തിനാണ് അന്നുമുതല്‍ തുടക്കമിട്ടത്.  മൂക്കില്‍നിന്നും വായില്‍നിന്നും രോഗം കണ്ണിലേക്കും കാലിലേക്കും ശരീരത്തിന്‍െറ എല്ലാ ഭാഗങ്ങളിലേക്കും പടര്‍ന്നു. രക്തസ്രാവവും വേദനയും ഉണ്ടാകുമ്പോള്‍ ഡോക്ടറുടെ അടുത്തത്തെി ശസ്ത്രക്രിയക്ക് വിധേയനാകും. ശസ്ത്രക്രിയക്ക് ശേഷം ആശ്വാസമുണ്ടാകുമെങ്കിലും അതിന് അല്‍പായുസ്സായിരിക്കും. ആദ്യകാലങ്ങളില്‍ വര്‍ഷത്തില്‍ ഒരു തവണ ശസ്ത്രക്രിയക്ക് വിധേയനായിരുന്ന വിജയന് പ്രായം വര്‍ധിക്കുംതോറും വേണ്ടിവരുന്ന ശസ്ത്രക്രിയകളുടെ എണ്ണം വര്‍ധിച്ചുവന്നു.
ശരീരത്തിന് പ്രതിരോധശേഷി നഷ്ടപ്പെടുന്നതാണ് ഇതിന് കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ജീവിതമെന്ന അവസാനിക്കാത്ത പോരാട്ടത്തില്‍ വിജയിക്കേണ്ടത് തന്‍െറ ആവശ്യമാണെന്ന് കരുതുന്ന ഇദ്ദേഹം 1976- 77 കാലഘട്ടത്തിലാണ് ഒമാനില്‍ വരുന്നത്. 20 വര്‍ഷത്തോളം മസ്കത്തില്‍ എ.സി മെക്കാനിക്ക് ആയിരുന്ന ഇദ്ദേഹം ഇക്കാലമത്രയും കഠിന രോഗപീഡകളെ ആത്മധൈര്യത്താലാണ് മറികടന്നത്.
ഒമാനിലെയും ഇന്ത്യയിലെയും ആശുപത്രികളിലായാണ് കഴിഞ്ഞ 70 ശസ്ത്രക്രിയകളും നടത്തിയത്. മസ്കത്തില്‍ ജോലിചെയ്യവെയായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് 13 വര്‍ഷങ്ങള്‍ക്കുശേഷമാണ് കുഞ്ഞ് പിറന്നത്. എന്‍ജിനീയറിങ്ങിന് പഠിക്കുന്ന മകന് ഒരു ജോലി ലഭിക്കണമെന്നതാണ് ഇദ്ദേഹത്തിന്‍െറ ചെറിയ ആഗ്രഹം. രോഗംമൂലം ശാരീരിക സ്ഥിതി മോശമായതോടെയാണ് ജോലിനിര്‍ത്തി മടങ്ങിയത്. പത്തു വര്‍ഷത്തോളമായി ലേസര്‍ ശസ്ത്രക്രിയക്കാണ് വിധേയനാകുന്നത്. മാംസവളര്‍ച്ചയെ കരിച്ചുകളഞ്ഞാലും വൈകാതെ സമീപ സ്ഥലങ്ങളില്‍ ഉണ്ടാകുന്ന അവസ്ഥയാണ്. എഴുപതാമത്തെ ശസ്ത്രക്രിയക്ക് ശേഷം ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആന്‍ജിയോ പ്ളാസ്റ്റിക്ക് വിധേയനായിരുന്നു.
അനസ്തീഷ്യ ശരീരത്തിന് ഏല്‍ക്കാത്ത സാഹചര്യമായതിനാല്‍ അതില്ലാതെയായിരുന്നു ശസ്ത്രക്രിയ. തലയോട്ടിയില്‍ അടക്കം മൂന്നു ഘട്ടമായിട്ടാണ് അടുത്ത ശസ്ത്രക്രിയ നടത്തുക. പഴയ സുഹൃത്തുക്കളെ കാണാന്‍ എത്തിയ ഇദ്ദേഹം അടുത്ത മാസം തിരികെ പോകും.  അദ്ദേഹത്തെ ബന്ധപ്പെടാനുള്ള നമ്പര്‍ 90694193. സഹായ സന്നദ്ധതയുള്ള സുമനസ്സുകള്‍ക്കായി തൃശൂര്‍ എസ്.ബി.ടി മെയിന്‍ ബ്രാഞ്ചില്‍ എം. വിജയന്‍, ഭാര്യ ഗിരിജ എന്നിവരുടെ പേരില്‍ 67019480727 നമ്പറില്‍ ജോയന്‍റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
ഐ.എഫ്.എസ്.സി നമ്പര്‍: SBTR0000166

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
Next Story