Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഖല്‍ഹാത്ത് പുരാതന...

ഖല്‍ഹാത്ത് പുരാതന നഗരത്തിന്  യുനെസ്കോ പട്ടികയിലേക്ക് നാമനിര്‍ദേശം

text_fields
bookmark_border
ഖല്‍ഹാത്ത് പുരാതന നഗരത്തിന്  യുനെസ്കോ പട്ടികയിലേക്ക് നാമനിര്‍ദേശം
cancel
മസ്കത്ത്: സൂറിലെ പുരാതന നഗരമായ ഖല്‍ഹാത്തിന് യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിലേക്ക് നാമനിര്‍ദേശം. കഴിഞ്ഞ മാസം തുര്‍ക്കിയില്‍ നടന്ന ചടങ്ങിലാണ് ഖല്‍ഹാത്ത് പൈതൃക നഗരത്തിന്‍െറ രേഖകള്‍ യുനസ്കോ വേള്‍ഡ് ഹെറിറ്റേജ് കമ്മിറ്റിക്ക് ഒമാന്‍ പരമ്പരാഗത, സാംസ്കാരിക മന്ത്രാലയം അധികൃതര്‍ സമര്‍പ്പിച്ചത്. ഖല്‍ഹാത്ത് അടക്കം 43 നോമിനേഷനുകളാണ് ഈ വര്‍ഷം ലഭിച്ചത്. ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും എടുക്കും. ഇത് സംബന്ധമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും നോമിനേഷന് സമ്പൂര്‍ണ വിവരങ്ങള്‍ സമര്‍പ്പിക്കുകയാണ് ആദ്യം വേണ്ടതെന്നും ഒമാന്‍ മന്ത്രാലയം അധികൃതര്‍ പറഞ്ഞു. പട്ടികയില്‍  ഇടം പിടിക്കണമെങ്കില്‍ പത്ത് മുന്‍ഗണനാ ക്രമങ്ങളില്‍ ഒന്നെങ്കിലും അത്യാവശ്യമാണ്. എന്നാല്‍, ഖല്‍ഹാത്ത് ഈ പട്ടികയിലെ മൂന്ന്, അഞ്ച്, ആറ് എന്നീ മുന്‍ഗണാ ക്രമത്തില്‍ യോഗ്യത നേടിയിട്ടുണ്ട്. നിലവില്‍ ഒമാനിലെ നാല് പുരാതന ഇനങ്ങളാണ് യുനസ്കോയുടെ പൈതൃക സ്ഥലങ്ങളുടെ പട്ടികയിലുള്ളത്. പുരാതന ജലസേചന പദ്ധതിയായ ഫലജ്, ബാത് അല്‍ ഖുതും അല്‍ ഐന്‍ പുരാവസ്തു കേന്ദ്രങ്ങള്‍, ബഹ്ല കോട്ട, കുന്തിരിക്ക മേഖല എന്നിവയാണ് ഇവ. രാജ്യത്തുള്ള പുരാതനവും ചരിത്ര പ്രാധാന്യമുള്ളതും സാംസ്കാരിക പാരമ്പര്യമുള്ളതുമായ പ്രദേശങ്ങള്‍ക്ക് നോമിനേഷന്‍ നല്‍കുകയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഇവ പിന്നീട് സാധ്യതാ പട്ടികയില്‍ ഇടം പിടിക്കും. പിന്നീടുള്ള അഞ്ച് മുതല്‍ പത്ത് വര്‍ഷങ്ങള്‍ക്കിടയിലാണ് ഇവ പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെടുക. സമര്‍പ്പിക്കപ്പെട്ട നോമിനേഷന്‍ സാധ്യതാ പട്ടികയില്‍ ഇടം പിടിക്കുകയെന്നത് പ്രധാന കാല്‍വെപ്പാണെന്ന് യുനസ്കോയുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. റുസ്താഖ് ഹല്‍ ഹസം കോട്ട, ഖല്‍ഹാത്ത് നഗരം, ഹലാനിയാത്ത് ദ്വീപ്, ബര്‍ അല്‍ ഹക്മാന്‍, ജബല്‍ സംഹാന്‍ നച്യൂറല്‍ റിസര്‍വ്, ദമാനിയാത്ത് ദ്വീപ്, റാസല്‍ ഹദ്ദ് ആമ സംരക്ഷണകേന്ദ്രവും റാസുല്‍ ജിസും, ബിസ്യ സലൂട്ട് സാംസ്കാരിക പ്രദേശം എന്നിവയാണ് ഒമാനില്‍നിന്ന് സാധ്യതാ പട്ടികയിലുള്ളത്. സൂക്ഷ്മപരിശോധനക്കും വിലയിരുത്തലിനുമായി ഖല്‍ഹാത്തിന്‍െറ പൈതൃക രേഖകള്‍ വേള്‍ഡ് ഹെറിറ്റേജ് സെന്‍ററില്‍ സമര്‍പ്പിച്ചു കഴിഞ്ഞു. സെന്‍ററിന്‍െറ അംഗീകാര ശേഷം ഉപദേശക സമിതിയടക്കമുള്ള മറ്റ് വിദഗ്ധ സമിതികള്‍ക്ക് സമര്‍പ്പിക്കും. നോമിനേഷന്‍ അംഗീകരിക്കപ്പെട്ടാല്‍ മുഖ്യ പൈതൃക കമ്മിറ്റിക്ക് സമര്‍പ്പിക്കും. ഒരു വര്‍ഷത്തിലൊരിക്കല്‍ മാത്രം ചേരുന്ന ഈ ഉന്നതസമിതിയാണ് പട്ടികയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. 
 
Show Full Article
TAGS:muscut
Next Story