Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനില്‍ ഗതാഗത നിയമം...

ഒമാനില്‍ ഗതാഗത നിയമം കര്‍ശനമായി

text_fields
bookmark_border
ഒമാനില്‍ ഗതാഗത നിയമം കര്‍ശനമായി
cancel
മസ്കത്ത്: രാജ്യത്തെ വര്‍ധിക്കുന്ന വാഹനാപകട നിരക്ക് കുറക്കാന്‍ ലക്ഷ്യമിട്ടുള്ള ഗതാഗത നിയമഭേദഗതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായി. മദ്യപിച്ചോ നിരോധിത മരുന്നുകളുപയോഗിച്ചോ വാഹനമോടിക്കുന്ന പ്രവാസികളെ നാടുകടത്തുമെന്നതാണ് ശിക്ഷാ ഭേദഗതിയിലെ പ്രധാന ഭാഗം. 500 റിയാല്‍ പിഴയും ഒരുവര്‍ഷം വരെ തടവും ശിക്ഷക്ക് ശേഷമാകും നാടുകടത്തല്‍. സമാന കേസില്‍ പിടിയിലാവുന്ന സ്വദേശികള്‍ക്ക് ഒരുവര്‍ഷം തടവും 500 റിയാല്‍ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് ഒൗദ്യോഗിക ദിനപത്രമായ ഒമാന്‍ ഒബ്സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്തു. 
വാഹനാപകടങ്ങളെ ഇനി ബോധപൂര്‍വമെന്നും അശ്രദ്ധമൂലവുമെന്ന് വേര്‍തിരിച്ചാകും നടപടികളെടുക്കുക. അശ്രദ്ധമൂലം അപകടത്തില്‍ മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുന്ന പക്ഷം 2000 റിയാല്‍ പിഴയും മൂന്നുമാസം മുതല്‍ ഒരുവര്‍ഷം വരെ തടവും ശിക്ഷയായി ലഭിക്കും. പരിക്കിന്‍െറ ഗുരുതരാവസ്ഥക്കനുസരിച്ചാകും ജയില്‍ശിക്ഷ എത്ര വേണമെന്നതില്‍ തീരുമാനമാവുക. ഇനി അപകടംമൂലം ഒരാള്‍ മരണപ്പെടുകയോ പത്ത് ദിവസത്തിലധികം ജോലിക്ക് ഹാജരാവാന്‍ കഴിയാത്ത അവസ്ഥയുണ്ടാവുകയോ ചെയ്താല്‍ ഒരുവര്‍ഷം വരെ തടവും പിഴയുമാണ് സ്വദേശികള്‍ക്കും വിദേശികള്‍ക്കും ശിക്ഷ. വിദേശികളെ ശിക്ഷാകാലാവധി പൂര്‍ത്തിയായാല്‍ ഉടന്‍ നാടുകടത്തുകയും ചെയ്യും. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരുമാസം മുതല്‍ രണ്ടുവര്‍ഷം വരെ തടവും 300 റിയാല്‍ പിഴയും ലഭിക്കും. പൊതുനിരത്തുകളില്‍ മത്സരയോട്ടം നടത്തുന്നവര്‍ക്കും എതിര്‍ദിശയില്‍ വാഹനമോടിക്കുന്നവര്‍ക്കും മൂന്നുമാസം തടവും 300 റിയാല്‍ പിഴയുമാണ് ശിക്ഷ. 
കേടുവന്ന ബ്രേക്കുള്ള വാഹനമോടിക്കുക, ഇന്‍ഷുറന്‍സും രജിസ്ട്രേഷനും കാലഹരണപ്പെടുക, നിരത്തില്‍ ഗതാഗത സ്തംഭനമുണ്ടാക്കുക എന്നീ കുറ്റങ്ങളും വാഹനയുടമകളെ ജയിലിലത്തെിക്കും. 
മൂന്നുമാസം തടവും 300 റിയാല്‍ പിഴയുമാണ് ഈ കുറ്റങ്ങളിലെ ശിക്ഷ. തെറ്റായ നമ്പര്‍പ്ളേറ്റും കാലഹരണപ്പെട്ട ലൈസന്‍സും ഉപയോഗിക്കുന്നവരെ ഒരുവര്‍ഷമാണ് തടവിലിടുക. 500 റിയാല്‍ പിഴയും ഇവര്‍ക്ക് ശിക്ഷയായി ലഭിക്കും. ഡ്രൈവിങ്ങിനിടെ മറ്റ് വാഹനയുടമകളോട് മോശമായി പെരുമാറുന്നവരെയും തടവും പിഴയുമാണ് കാത്തിരിക്കുന്നത്. വാഹനത്തിന്‍െറ രേഖകള്‍ കൃത്രിമമാണെങ്കില്‍ മൂന്നുമാസം തടവും 300 റിയാല്‍ പിഴയുമാകും ശിക്ഷയെന്നും ഒമാന്‍ ഒബ്സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്തു. അശ്രദ്ധമായും അപകടകരമായും വാഹനമോടിക്കുന്നവര്‍ക്ക് ഒരുവര്‍ഷം വരെ തടവും 500 റിയാല്‍ വരെ പിഴയുമാണ് ശിക്ഷയെന്ന് മറ്റ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുറ്റത്തിന്‍െറ ഗൗരവമനുസരിച്ച് രണ്ടുശിക്ഷയും ഒരുമിച്ചോ വെവ്വേറെയോ ലഭിക്കാം. 
അപകടകരമായ രീതിയില്‍ വാഹനങ്ങള്‍ മറികടക്കുന്നവര്‍ക്കും റോഡ് ഷോള്‍ഡറിലൂടെ മറികടക്കുന്നവര്‍ക്കും ഈ ശിക്ഷ ലഭിക്കും. റോയല്‍ ഡിക്രി 38/2016 പ്രകാരമാണ് നിലവിലുള്ള ഗതാഗതനിയമത്തിന്‍െറ ചില ഭാഗങ്ങള്‍ ഭേദഗതി ചെയ്ത് സുല്‍ത്താന്‍ ഉത്തരവിട്ടത്. ഒൗദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഇത് നിയമമാകും. 
പുതിയ തലമുറക്ക് സുരക്ഷിതമായ ഡ്രൈവിങ് സംസ്കാരം പകര്‍ന്നുനല്‍കാന്‍ ലക്ഷ്യമിട്ടാണ് നിയമഭേദഗതിയെന്ന് ആര്‍.ഒ.പി വക്താവ് അറിയിച്ചു. 
Show Full Article
TAGS:oman road traffic
Next Story