ദോഫാറില്‍ കനത്ത പൊടിക്കാറ്റ്; സന്ദര്‍ശകര്‍ വലഞ്ഞു
text_fieldsമഖ്ശന്‍: ദോഫാര്‍ ഗവര്‍ണറേറ്റിലെ വിവിധ പ്രദേശങ്ങളില്‍ വീശിയടിച്ച കനത്ത പൊടിക്കാറ്റ് ജനജീവിതം ദുസ്സഹമാക്കി. ഷലിം, മര്‍മൂല്‍, മഖ്ശന്‍, തുംറൈത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ ഉച്ചയോടെ തുടങ്ങിയ കാറ്റ് മണിക്കൂറുകളോളം നീണ്ടുനിന്നു. കനത്ത പൊടിക്കാറ്റില്‍ കാഴ്ച അസാധ്യമായതിനെ തുടര്‍ന്ന് വാഹനഗതാഗതം തടസ്സപ്പെട്ടു. വിജനമായ പ്രദേശങ്ങളില്‍ പൊടിക്കാറ്റില്‍പെട്ട യാത്രക്കാര്‍ മണിക്കൂറുകളോളം വാഹനങ്ങളില്‍തന്നെ കുടുങ്ങിക്കിടന്നു. ജനവാസകേന്ദ്രങ്ങളില്‍ എത്തിപ്പെട്ടവര്‍ പള്ളികളിലും റസ്റ്റാറന്‍റുകളിലും അഭയം തേടി.

സലാല സന്ദര്‍ശിക്കാന്‍ വാഹനങ്ങളില്‍ ഇറങ്ങിത്തിരിച്ച വിദൂര പ്രദേശങ്ങളില്‍നിന്നുള്ളവരെയാണ് കാറ്റ് ഏറെ വലച്ചത്. കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലും മറ്റും ജോലിചെയ്യുന്നവരും ജോലിനിര്‍ത്താന്‍ നിര്‍ബന്ധിതരായി. ഖ്വാന്‍ ആലം, തുംറൈത്ത്, മഖ്ശന്‍ എന്നിവിടങ്ങളില്‍ പൊടിക്കാറ്റ് ഉണ്ടാകുമെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ മന്ത്രാലയം നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.
തുറസ്സായ പ്രദേശങ്ങളില്‍ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും ഇത്ര ശക്തമായ കാറ്റ് അപ്രതീക്ഷിതമായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഹൈമയില്‍ 24 നോട്ടും ദുകമില്‍ 30 നോട്ടും തുംറൈത്തില്‍ 27 നോട്ടും മഖ്ശനില്‍ 20 നോട്ടും വേഗത്തിലാണ് പൊടിക്കാറ്റ് അടിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ മന്ത്രാലയം ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. വൈകുന്നേരത്തോടെയാണ് പൊടിക്കാറ്റ് ശമിച്ച് ഗതാഗതം സാധാരണ നിലയിലായത്. പൊടിക്കാറ്റിനെ തുടര്‍ന്ന് മഖ്ഷനില്‍ ഒന്നിലധികം വാഹനാപകടങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്.