മെഡിക്കല്‍ സിറ്റി നിര്‍മാണം ഉടന്‍ ആരംഭിക്കും
text_fieldsമസ്കത്ത്: മസ്കത്ത് മേഖലയില്‍ ആരംഭിക്കുന്ന വന്‍ ആരോഗ്യപദ്ധതിയായ മെഡിക്കല്‍ സിറ്റി പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. പദ്ധതിക്ക് സ്ഥലം കണ്ടത്തെിയതായി ആരോഗ്യ മന്ത്രി ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ സഈദി പറഞ്ഞു.
നിര്‍മാണത്തിന് ഒമാന്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് അധികൃതരുമായി കരാറില്‍ ഒപ്പിട്ടുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. എട്ട് പുതിയ ആശുപത്രികള്‍ക്ക് ഉടന്‍ ടെന്‍ഡര്‍ നല്‍കുമെന്നും നാലു പുതിയ ആശുപത്രികള്‍ നിര്‍മിക്കാന്‍ ടെന്‍ഡര്‍ നല്‍കിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ചികിത്സാ മേഖലക്ക് ഓരോ വര്‍ഷവും 120 ദശലക്ഷം റിയാലാണ് ചെലവിടുന്നത്. ബജറ്റിന്‍െറ മൂന്നു ശതമാനമാണിത്. ഒമാനില്‍ മൊത്തം 69 ഹോസ്പിറ്റലുകളാണുള്ളത്. ഇതില്‍ 49ഉം ആരോഗ്യമന്ത്രാലയത്തിന്‍െറ കീഴിലാണ്. അഞ്ചെണ്ണം മറ്റു സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്‍റുകള്‍ക്ക് കീഴിലാണ്. 15 ഹോസ്പിറ്റലുകള്‍ സ്വകാര്യ മേഖലയിലാണ്.
ആരോഗ്യമേഖലയില്‍ കൂടുതല്‍ ആശുപത്രികളും മറ്റു സ്ഥാപനങ്ങളും ആരംഭിക്കാന്‍ മന്ത്രാലയം ശ്രമിക്കുന്നുണ്ട്. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലെ ആരോഗ്യസ്ഥാപനങ്ങളുടെ ശാഖകള്‍ ആരംഭിക്കുവാന്‍ അനുവാദം നല്‍കുന്നതടക്കമുള്ളവ ഇതിന്‍െറ ഭാഗമാണ്.
ഇറാനുമായി സഹകരിച്ച് വന്‍ ആശുപത്രി സ്ഥാപിക്കാനുള്ള കരാറില്‍ അടുത്തിടെ ഒമാന്‍ ഒപ്പുവെച്ചിരുന്നു. കേരളത്തിലെ വിവിധ ആശുപത്രികളുടെ ശാഖകളും ഒമാനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഉയര്‍ന്ന ചികിത്സക്കായി ആയിരക്കണക്കിന് സ്വദേശികളാണ് വര്‍ഷംതോറും വിദേശങ്ങളിലേക്ക് പോവുന്നത്. ഇന്ത്യയിലേക്കും നിരവധി പേര്‍ ചികിത്സക്കായി പോവുന്നുണ്ട്. ഇത് ഒഴിവാക്കി എല്ലാ ചികിത്സാ സൗകര്യങ്ങളും ഒമാനില്‍തന്നെ ഒരുക്കുന്നതിന്‍െറ ഭാഗമായാണ് കൂടുതല്‍ ആശുപത്രികളും ചികിത്സാ പദ്ധതികളും ആരംഭിക്കുന്നത്.