സാമ്പത്തിക വൈവിധ്യവത്കരണത്തിന് സുല്‍ത്താന്‍െറ ആഹ്വാനം
text_fieldsമസ്കത്ത്: സാമ്പത്തിക വൈവിധ്യവത്കരണത്തിന്‍െറ പാതയില്‍ രാജ്യം അതിവേഗം മുന്നോട്ടുപോകേണ്ടതുണ്ടെന്ന് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ്. ബൈത്തുല്‍ബര്‍ക്കയില്‍ മന്ത്രിസഭാ കൗണ്‍സിലിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു സുല്‍ത്താന്‍. ജര്‍മനിയിലെ ഒരുമാസത്തെ വൈദ്യപരിശോധനക്കുശേഷം ഒമാനില്‍ തിരിച്ചത്തെിയ സുല്‍ത്താന്‍ ആദ്യമായാണ് മന്ത്രിസഭയെ അഭിസംബോധന ചെയ്തത്.
സമഗ്രവികസന പാതയിലുള്ള രാഷ്ട്രത്തിന്‍െറ മുന്നേറ്റത്തില്‍ സുല്‍ത്താന്‍ സംതൃപ്തി പ്രകടിപ്പിച്ചു. വികസനം പ്രതീക്ഷിച്ച നിലവാരത്തില്‍തന്നെ മുന്നോട്ടുപോകുന്നുണ്ടെങ്കിലും സാമ്പത്തിക വൈവിധ്യവത്കരണം സമ്പദ്ഘടനക്ക് അത്യന്താപേക്ഷിതമാണെന്നും സുല്‍ത്താന്‍ പറഞ്ഞു. മാറ്റങ്ങളുടെ പാതയില്‍ രാഷ്ട്രത്തെ മുന്നോട്ടുനയിക്കുന്നതിനു വേണ്ട സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടെത്തേണ്ടതുണ്ട്.
പ്രാദേശികമായി ഇതുവരെ കരസ്ഥമാക്കിയ നേട്ടങ്ങള്‍ സംരക്ഷിക്കേണ്ടത് പരമപ്രധാനമാണ്. ഒമാനികളുടെ കഴിവുകള്‍ ഇനിയും വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ടെന്ന് പറഞ്ഞ സുല്‍ത്താന്‍ മാനവവിഭവശേഷിയെ എല്ലാ മേഖലകളിലെയും പ്രധാന ചാലകശക്തിയായി വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും പറഞ്ഞു.
പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഉല്‍പാദനക്ഷമമായ പദ്ധതികളില്‍ സ്വദേശി, വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.
പൗരന്മാര്‍ക്ക് മികച്ച വരുമാനത്തോടെയുള്ള തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതാകണം ഈ പദ്ധതികള്‍. പൗരന്മാര്‍ക്ക് നല്‍കുന്ന സേവനത്തിനാകണം പ്രഥമ പരിഗണന. എല്ലാ വികസന പദ്ധതികളും ജനങ്ങളെക്കൂടി കണക്കിലെടുത്തുവേണം ആവിഷ്കരിക്കാനെന്നും സുല്‍ത്താന്‍ പറഞ്ഞു. മേഖലയിലെ വിവിധ വിഷയങ്ങളും അന്തര്‍ദേശീയ കാര്യങ്ങളും കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചചെയ്തു. ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി എല്ലാവിധ പരിശ്രമങ്ങളും നടത്തണമെന്ന് സുല്‍ത്താന്‍ യോഗത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
