ഷെറാട്ടണ്‍ ഒമാന്‍ ഹോട്ടല്‍ വീണ്ടും തുറക്കുന്നു
text_fieldsമസ്കത്ത്: റൂവി നഗരത്തിന്‍െറ മുഖമുദ്രകളിലൊന്നായ ഷെറാട്ടണ്‍ ഒമാന്‍ ഹോട്ടലിന്‍െറ വാതിലുകള്‍ വീണ്ടും അതിഥികള്‍ക്കായി തുറക്കുന്നു. അറ്റകുറ്റപ്പണികള്‍ക്കായി ഒമ്പതുവര്‍ഷം മുമ്പ് അടച്ച ഹോട്ടല്‍ വരുന്ന വേനലില്‍ തുറക്കുമെന്ന് ടൂറിസം പ്രമോഷന്‍സ് വിഭാഗം മേധാവി സലീം അല്‍ മഅ്മരി പറഞ്ഞു.
പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. ജൂലൈയോടെ ഹോട്ടല്‍ തുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഹോട്ടല്‍ തുറക്കുന്നത് ഒമാന്‍െറ ടൂറിസം മേഖലയില്‍ വളര്‍ച്ചക്ക് വഴിയൊരുക്കുമെന്നും ദുബൈയില്‍ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് പരിപാടിക്കിടെ അല്‍ മഅ്മരി പറഞ്ഞു. ഷെറാട്ടണ്‍ ഒമാന്‍െറ സ്റ്റാളും ട്രാവല്‍ മാര്‍ക്കറ്റിലുണ്ട്. ഹോട്ടല്‍ മൊത്തം നവീകരിച്ചതായും ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ബുക്കിങ് സ്വീകരിക്കുന്നുണ്ടെന്നും സ്റ്റാളിലുള്ളവര്‍ പറഞ്ഞു.
14 നിലകളിലുള്ള ഷെറാട്ടണ്‍ ഹോട്ടല്‍ 1985ലാണ് നിര്‍മിച്ചത്. റൂവിയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നായ ഇതില്‍ നവീകരണം പൂര്‍ത്തിയാകുന്നതോടെ 230 മുറികളും 27 സ്യൂട്ടുകളുമാണ് ഉണ്ടാവുക. ഒമ്പത് മീറ്റിങ് റൂമുകള്‍, രണ്ട് ബോര്‍ഡ് റൂമുകള്‍, ഒമാനി ബാള്‍ റൂം എന്നിവയും ഇവിടെ ഉണ്ടാകും. 1200 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള ഒമാനി ബാള്‍ റൂം ഏറ്റവും വലിയ ബാള്‍ റൂമുകളില്‍ ഒന്നായിരിക്കും. ഭക്ഷണ പ്രിയര്‍ക്കായി നാല് റസ്റ്റാറന്‍റുകളും ഇവിടെയുണ്ടാകും. 220 അതിഥികളെ ഉള്‍ക്കൊള്ളുന്ന നടുമുറ്റവും പ്രത്യേകതയായിരിക്കും. വിനോദസഞ്ചാര മേഖലയില്‍ ഉയരങ്ങള്‍ താണ്ടാന്‍ പദ്ധതിയിടുമ്പോഴും ആവശ്യത്തിനുള്ള ഹോട്ടല്‍ മുറികളുടെ അഭാവമാണ് രാജ്യത്തിന് വെല്ലുവിളിയുയര്‍ത്തുന്നത്.
ഇത് പരിഹരിക്കാന്‍ 2020ഓടെ 3000 ഹോട്ടല്‍ മുറികള്‍കൂടി തുറക്കുമെന്ന് വിനോദസഞ്ചാര മന്ത്രാലയം അധികൃതര്‍ അറിയിച്ചിരുന്നു. ഇതോടെ, രാജ്യത്ത് ലഭ്യമാകുന്ന ഹോട്ടല്‍ മുറികളുടെ എണ്ണം ഇരുപതിനായിരത്തോളമാകും.